Connect with us

Education

രണ്ട് ലക്ഷത്തിലധികം കമ്പ്യൂട്ടറുകൾക്കായി കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കമ്പ്യൂട്ടറുകളിൽ വിന്യസിക്കുന്നതിനായി “ഐ ടി@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04” എന്ന പേരിൽ പരിഷ്‌കരിച്ച സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റം കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എൽ ടി എസ് പതിപ്പ് അടിസ്ഥാനമാക്കിയാണിത്. കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപറേറ്റിംഗ് സിസ്റ്റമായി മാത്രമല്ല, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലും, സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഡി ടി പി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്‌കുകൾ, സോഫ്റ്റ്‌വെയർ നിർമാതാക്കൾ, കോളജ് വിദ്യാർഥികൾ, മറ്റ് കമ്പ്യൂട്ടർ സേവന ദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമായി ഈ ഓപറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഉപയോഗിക്കാനാകും.

ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റ് പല സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും പുതിയ സോഫ്റ്റ്‌വെയർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്‌വെയറുകളും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും, സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂനികോഡ് ഫോണ്ട് ശേഖരം തന്നെ ഇതിൽ സജ്ജീകരിച്ചിട്ടുമുണ്ട്. സ്‌കൂൾ ഐ സി ടി പാഠപുസ്തകങ്ങളിൽ നിർദേശിക്കുന്ന സോഫ്റ്റ്‌വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ബൃഹത്തായ ഒരു ശേഖരം തന്നെ “ഐ ടി @സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04” ൽ അടങ്ങിയിട്ടുണ്ട്. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ വിന്യസിച്ച കമ്പ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിന്യാസം അടുത്ത അധ്യയന വർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കും.

Latest