Connect with us

Education

തുണി വിതരണം തുടങ്ങി; സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ കൈത്തറി യൂനിഫോം ധരിച്ചെത്താം

Published

|

Last Updated

കണ്ണൂർ: അധ്യയന വർഷാരംഭ ദിനത്തിൽ തന്നെ വിദ്യാർഥികൾക്ക് കൈത്തറി യൂനിഫോം ധരിക്കാം. കൈത്തറി തുണികളുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു.

സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുമാണ് സൗജന്യ കൈത്തറി യൂനിഫോം വിതരണം. ഒരാൾക്ക് രണ്ട് ജോഡി വസ്ത്രങ്ങളാണ് ലഭിക്കുക.

കാസർകോട് മുതൽ തൃശൂർവരെയുള്ള ഏഴ് ജില്ലകളിൽ വിതരണച്ചുമതല ഹാൻവീവിനാണ്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഹാൻടെക്‌സാണ് കൈത്തറി യൂനിഫോം വിതരണം ചെയ്യുക. 48 കളർ ഷേഡുകളിലുള്ള വസ്ത്രങ്ങളാണ് വിതരണം ചെയ്യുന്നത്.ഏഴാം ക്ലാസ് വരെയുള്ള എട്ടരലക്ഷത്തോളം കുട്ടികൾക്ക് സൗജന്യ കൈത്തറി യൂനിഫോം വിതരണം ഈ മാസം 15നകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കായി 2410386.14 മീറ്റർ തുണിയാണ് ആവശ്യം. ഇതിൽ 815920.96 മീറ്റർ ഇതുവരെ വിതരണം ചെയ്തു. ഓരോ വിദ്യാഭ്യാസ ഉപജില്ലകളിലേക്ക് സ്‌കൂളിന്റെ പേര് സഹിതമാണ് ഡിപ്പോയിൽ നിന്ന് കൈത്തറി തുണികൾ കയറ്റി അയക്കുന്നത്. തുടർന്ന് സ്‌കൂളുകൾക്ക് കൈമാറും. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായി ലക്ഷ്യമിട്ട് എൽ ഡി എഫ് സർക്കാറാണ് കുട്ടികൾക്ക് സൗജന്യമായി യൂനിഫോം നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കൈത്തറി മേഖലയുടെ ഉയർച്ചക്കും ഇത് കാരണമായി. മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂനിഫോം നൽകുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൈത്തറി യൂനിഫോം വിതരണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് ഹാൻവീവ് എം ഡി കെ ടി ജയരാജൻ അറിയിച്ചു.