Connect with us

Ongoing News

നീയൊന്ന് ബേജാറാകാതിരുന്നാണ് എന്റെ ഉണ്ണീ...

Published

|

Last Updated

അമ്മക്കൊപ്പം കെ പി രാമനുണ്ണി

എനിക്ക് മൂന്നര വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. അതിനാൽ അച്ഛനെക്കുറിച്ചുള്ള സ്മൃതികൾ എന്റെ മനസ്സിലില്ല. പിന്നീടെല്ലാത്തിനും അമ്മയായിരുന്നു. അച്ഛനൊപ്പം അമ്മ ഫത്തേപ്പൂരിൽ കഴിയുന്ന കാലത്താണ് ഹൃദയാഘാതം മൂലം അച്ഛന്റെ വിയോഗം. പിന്നീട് ഞാനും അമ്മയും മാത്രം. പ്രിയതമന്റെ വിടവാങ്ങലിന്റെ വേദന ഉള്ളിലൊതുക്കി, എകമകനായ എന്നെയും കൂട്ടി പൊന്നാനി എന്ന എന്റെ നാട്ടിലേക്കെത്തി. തറവാടുവക വലിയമ്മയുടെ വീട്ടിനടുത്ത് കുറച്ച് സ്ഥലമുണ്ട്. അവിടെ സ്വന്തമായി ഒരു വീടു വെച്ചു. എല്ലാ കാര്യപ്രാപ്തിയോടുംകൂടി, ഒരു പുരുഷന്റെതായ ധൈര്യത്തോടെ അമ്മ എന്നെ വളർത്തി. അതിരുകവിഞ്ഞ സ്‌നേഹമുള്ളപ്പോൾ തന്നെ, മകൻ വഷളായിപ്പോകുമെന്ന് കരുതി അധികം ലാളിക്കാതെ, കുറച്ചു സ്‌നേഹം മാത്രം പുറമെ കാണിച്ച് വളർത്താനാണ് അമ്മ ശ്രമിച്ചത്.

നമ്മുടെ പഴയ തലമുറയിലെ സ്ത്രീകളുടെ വിവേകം, ഉൾധ്യാനം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ജാനകിയമ്മ എന്ന എന്റെ അമ്മ. ഒരു കാര്യത്തിലും ഉൾവലിയുന്ന സമീപനം പുലർത്തിയിരുന്നില്ല. ബന്ധക്കാരുമായും സ്വന്തക്കാരുമായും ഊഷ്മള ബന്ധം സ്ഥാപിക്കുന്നതിൽ ശ്രദ്ധപുലർത്തി. കുടുംബത്തിലുള്ള ഏത് വിശേഷങ്ങൾക്കും എന്നെയും കൂട്ടി അമ്മ എത്തും. ബന്ധുക്കളുടെ വീട്ടിലെ കല്യാണമാണെങ്കിലും കുടുംബപരമായ മറ്റു കാര്യങ്ങൾക്കാണെങ്കിലും അതെല്ലാം സ്വന്തം കാര്യമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിലും മറ്റും നിസ്വാർഥമായ വ്യക്തിത്വമാണ് അമ്മ കാത്തുസൂക്ഷിച്ചിരുന്നത്.

മതസൗഹാർദത്തിന്റെ കേദാരമാണ് പൊന്നാനി എന്ന എന്റെ നാട്. അയൽവീട്ടിലെ അബ്ദുൽഖയ്യൂമായിരുന്നു ഉറ്റ സുഹൃത്ത്. അബ്ദുൽഖയ്യൂമുമായി ഇടപഴകുന്നതിൽ യാതൊരു വിമ്മിട്ടവും അമ്മ കാണിച്ചിരുന്നില്ല. മറിച്ച് ജാതിമത ഭേദമില്ലാതെ എതു തരത്തിലുള്ള കുട്ടികളുമായും ഇടപഴകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സ്‌നേഹാമൃതം പരന്നൊഴുകുന്നതായിരുന്നു അമ്മയുടെ വ്യക്തിത്വം. എപ്പോഴും ആത്മീയ ഔന്നത്യം പുലർത്തുന്നതിൽ ശ്രദ്ധവെച്ചു. മതേതരത്വത്തിന്റെയും സഹമത സ്‌നേഹത്തിന്റെയും പാഠങ്ങൾ എന്നിലേക്ക് പകർന്നത് അമ്മയാണ്.
ഖയ്യൂമിന്റെ വീട്ടിൽ എനിക്ക് എത്ര വേണമെങ്കിലും കളിക്കാം. അതുപോലെ ഖയ്യൂമും സഹോദരന്മാരും സഹോദരിമാരും എന്റെ വീട്ടിലേക്ക് വരുമ്പോഴും അമ്മ വളരെ ഊഷ്മളമായിട്ടാണ് സ്വീകരിക്കാറുള്ളത്. ഖയ്യൂമിന്റെ ബാപ്പ ഉത്തമനായ ഒരു മുസൽമാനായിരുന്നു. ഒരു അനാഥക്കുട്ടിയായ എന്നോട് ഏറെ സ്‌നേഹമാണ്. നോമ്പുകാലങ്ങളിൽ, നോമ്പുതുറക്ക് എന്നെ കൊണ്ടുപോകുകയും നോമ്പിന്റെ വിഭവങ്ങൾ വീട്ടിലേക്ക് കൊടുത്തയക്കുകയും ചെയ്തിരുന്നു. ഓണക്കാലത്തും വിഷുവിനും അമ്മയും വിഭവങ്ങൾ നൽകി, നല്ലൊരയൽബന്ധം സൂക്ഷിച്ചിരുന്നു.
ഓണക്കാലത്ത് നടന്ന സംഭവമാണ്. ഓണത്തിന് തൃക്കാക്കര അപ്പനെ പൂജിക്കുന്ന പതിവുണ്ട്. പൂവും ചന്ദനവും കൊണ്ടാണ് പൂജ. മൂന്ന് പ്രാവശ്യമാണ് ഓരോന്നും ഉപയോഗിച്ച് പൂജ നടത്തുക. പൂജക്കിടയിൽ എണ്ണം തെറ്റുമ്പോൾ ഒപ്പമുണ്ടാകുന്ന ഖയ്യൂം ഇടക്ക് കയറിപ്പറഞ്ഞ് അതു തിരുത്തും. ഇതു കേട്ട് അമ്മ പറയും, ഖയ്യൂമാണ് പൂജ ചെയ്തിരുന്നതെങ്കിൽ ഇതിലും നന്നായേനെ. പക്ഷേ, ഖയ്യൂമിന് അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ഒരു മുസ്‌ലിമിന് വിഗ്രഹാരാധന നടത്താൻ പാടില്ല എന്നത് മനസ്സിലാക്കിയുള്ള മനോഭാവമായിരുന്നു അത്. അതുപോലെ നോമ്പുകാലങ്ങളിൽ എന്റെ വീട്ടിലേക്ക് ഖയ്യൂം വരുമ്പോൾ അവന്റെ മുന്നിൽ വെച്ച് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ അമ്മ അനുവദിച്ചിരുന്നില്ല. നോമ്പുകാരനായ ഖയ്യൂമിന് വിഷമമുണ്ടാക്കുന്ന കാര്യമാണല്ലോ എന്നു കരുതിയാണത്. ഇങ്ങനെ മറ്റുള്ളവർക്ക് എപ്പോഴും പ്രത്യേക പരിഗണന നൽകുന്നതായിരുന്നു അമ്മയുടെ ധന്യജീവിതം. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള അമ്മ സ്‌കൂൾ വിദ്യാഭ്യാസം കൊണ്ടൊന്നും ലഭിക്കാത്ത തരത്തിലുള്ള സാംസ്‌കാരിക ഔന്നത്യം പുലർത്തിയിരുന്നു.

നോമ്പുകാലത്തും ഓണക്കാലത്തും ഭക്ഷണവിഭവങ്ങൾ പരസ്പരം കൈമാറാറുള്ള സമ്പ്രദായം പറഞ്ഞുവല്ലോ. ഒരിക്കൽ ഖയ്യൂമിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തയച്ചപ്പോൾ പാത്രത്തിലൊരടുക്കിൽ മാംസാഹാരമുണ്ടായിരുന്നു. ഇതുകണ്ട് പരിഭ്രമിച്ച് വീട്ടിലെ ജോലിക്കാരി ബഹളം വെച്ച് അതു കളയാനൊരുങ്ങി. ഇതു കണ്ട അമ്മ വിലക്കി. കളയേണ്ട, മനുഷ്യർ കഴിക്കുന്ന ഭക്ഷണമല്ലേ. അത് കളയാൻ പാടില്ല. ഉണ്ണി അവിടെപ്പോയി ബീഫ് കഴിക്കാറുണ്ടല്ലോ എന്ന് പറഞ്ഞ് അത് എനിക്ക് തരികയാണുണ്ടായത്. ശരിയായ ഹൈന്ദവ ധർമത്തിന്റെ വിശാലമായ, തുറസ്സോടുകൂടിയ ഒരു സംസ്‌കാരമാണ് അമ്മ ആർജിച്ചിട്ടുള്ളത് എന്നാണ് ആ സംഭവത്തോടെ എനിക്ക് മനസ്സിലാക്കാനായത്. എന്തെങ്കിലും മൂല്യങ്ങൾ എന്നിൽ ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അവയുടെ അടിസ്ഥാനം അമ്മ കാണിച്ച ഈ മാതൃകയാണ്.

അച്ഛന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിൽ ജോലിയുണ്ടായിരുന്ന കാലങ്ങളിൽ കൊൽക്കത്തയിലും ഫത്തേപൂരിലും റങ്കൂണിലുമെല്ലാം ജീവിച്ച് ലോകം കണ്ട പരിചയം അമ്മക്കുണ്ടായിരുന്നു. എന്നിട്ടും നാടിന്റെ നല്ല സംസ്‌കാരത്തെ കൈയൊഴിയാത്ത, സ്‌നേഹത്തിന്റെ രൂപമായി അമ്മ നിലകൊണ്ടു.
കുട്ടിപ്രായത്തിലെ നബിദിന ദിവസത്തെ ഒരോർമ എന്റെ മനസ്സിൽ ഇന്നും സജീവമായി നിൽക്കുന്നുണ്ട്. നബിദിന ദിവസം പൊന്നാനി അങ്ങാടിയാകെ സുഗന്ധപൂരിതമാകും. ഞാനും ഖയ്യൂമും കൂടി എല്ലായിടങ്ങളിലും ചുറ്റിക്കറങ്ങി ഉച്ച കഴിഞ്ഞാണ് വീട്ടിലെത്തുക. അക്കാലത്ത് ആരാണ് നബി എന്ന് അമ്മയോട് ഞാൻ അന്വേഷിക്കും. നമ്മുടെ കൃഷ്ണനെ പോലെ തന്നെയാണ് ഖയ്യൂമിന് നബി എന്നാണ് അമ്മയുടെ മറുപടി. അത്ര ചെറുപ്പത്തിൽ തന്നെ നബിയെ എന്റെ മനസ്സിൽ പതിപ്പിക്കാനുള്ള മാനസിക വികാസം അമ്മ സൂക്ഷിച്ചിരുന്നു. ഇത് എന്നിൽ എപ്പോഴും മതേതരത്വത്തിന്റെയും സഹമത സ്‌നേഹത്തിന്റെയും മനോഭാവം വളർത്തുകയുണ്ടായി. നബിയോട് എന്നിൽ അമ്മ ഉണ്ടാക്കിയെടുത്ത സ്‌നേഹമാണ് ദൈവത്തിന്റെ പുസ്തകം പോലെ നബിയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു നോവലെഴുതാൻ പ്രേരണയായത്.

വളരെ ഉയർന്ന ചിന്തയോട് കൂടി നിസ്വാർഥമായി ജീവിച്ച പഴയ തലമുറയിലെ ഒരാളായിരുന്ന അമ്മ, മരണം വരെ എന്നോടൊപ്പമായിരുന്നു താമസം. ഏറ്റവും പുണ്യം ചെയ്ത സ്ത്രീയെപ്പോലെയാണ് അമ്മയുടെ വിടവാങ്ങൽ. പെട്ടെന്നൊരു ദിനം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ വല്ലാതെ വിയർക്കുന്നു എന്നു പറഞ്ഞു അൽപ്പം വിശ്രമിക്കാനായി കിടന്നു. പരിഭ്രാന്തിയിലായ ഞങ്ങളെ അമ്മ അപ്പോഴും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ആശുപത്രിയിൽ പോകാമെന്നു പറഞ്ഞപ്പോൾ നീയൊന്ന് ബേജാറാകാതിരുന്നാണ് എന്റെ ഉണ്ണീ… എന്ന് പറഞ്ഞാണ് അമ്മ ശാന്തമായി മരണത്തിലേക്ക് നീങ്ങിയത്. ആ വാക്കാണ് അവസാനം പറഞ്ഞത്; മരണസമയത്തുകൂടി മകൻ ബേജാറാകരുത് എന്ന വേവലാതിയിൽ ആ മാതൃഹൃദയം ഉരുവിട്ട അവസാന വാചകം…നീയൊന്ന് ബേജാറാകാതിരുന്നാണ് എന്റെ ഉണ്ണീ…
.

തയ്യാറാക്കിയത്:
കെ ടി അബ്ദുൽ അനീസ്

abdulaneeskt@gmail.com

 

---- facebook comment plugin here -----

Latest