Connect with us

Cover Story

ഇങ്ങ് തരിമ്മേ പാത്രങ്ങള്, ഞാൻ കഴുകിത്തരാ...

Published

|

Last Updated

ചെറുപ്പം മുതലേ ഉമ്മ നല്ല രീതിയിലാണ് വളർത്തിയത്. ബാപ്പ ഓത്ത് പള്ളീന്ന് എഴുതി തന്നതൊക്കെ പഠിപ്പിച്ചിരുന്നത് ഉമ്മയായിരുന്നു. മക്കൾ കേട് വരാതെ ചെറുപ്പത്തിലേ നല്ലോണം ശ്രദ്ധിച്ചു. കുട്ട്യാളാകുമ്പൊ ചെറിയ പൊട്ടിത്തെർപ്പൊക്കെ കാട്ടൂലെ. വല്ലാതെ കളിക്കുമ്പൊ ഉമ്മ പറയും “ഞാനുപ്പാനോട് പറയും. അതു കേൾക്കുന്നത് എനിക്ക് വല്യ പേടിയായിരുന്നു. ഇതിനൊരു കാരണണ്ട്. ഒരു ദിവസം എന്തോ ഹറാന്പർപ്പ് (വികൃതി) കാട്ടിയപ്പൊ ഉപ്പ എന്നെ തച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ ഉമ്മാന്റെ അടുത്ത് ചെന്ന് പറഞ്ഞു: എത്താപ്പൊ എന്നെ തച്ചിട്ട്? എന്നെ തച്ച് കൊന്നാലും എനിക്കൊരു ചേതവും ഇല്ലല്ലോ ഇങ്ങക്കേന്നെല്ലെ ചേതം? ഇത് കേട്ട ഉമ്മ ഉപ്പാനെ വിളിച്ചു “ഇേങ്ങാണ്ടോക്കീ, ഇത് കേട്ടാ, ഈ കുട്ടി പറിണ്, ഓനെ തച്ചാല് ഞമ്മക്കേനെല്ലെ ചേതന്ന്”. അപ്പൊ ഉപ്പ പറഞ്ഞു. “എന്നാ ഇഞ്ഞി ഞാന് ഓനെ തല്ലിണില്യാ. ഓൻ കേട് വര്ണത് ഇജ്ജ് നോക്യാമതി”. പിന്നെ എന്നെ ഉപ്പ തച്ചിട്ടില്ല. ഇതിന് ശേഷം ഉപ്പാനെ എനിക്ക് വല്യ പേടിയാ.

മക്കള് മോല്യാമാരാക്കാ എന്നത് ഉമ്മാക്ക് വല്യ ഇഷ്ടേരുന്നു. ഇക്കാക്കമാരും കിതാബൊക്കെ ഓതീക്ക്ണ്. മാണ്ടാത്തരം കളിക്കാനൊന്നും ഉമ്മ വിടൂരേര്ന്നു. ഇശാഇനൊക്കെ പള്ളീല് പോയാല് വേഗം പൊരീലെത്തണം.

വേങ്ങരക്കടുത്തുള്ള ഊരകത്തെ മൊയ്തീൻ കുട്ടി മൊല്ലയായിരുന്നു ഉമ്മാന്റെ ഉപ്പ. നല്ലോണം ഇബാദത്ത് (ആരാധന) ചെയ്യുന്ന ആളുംകൂടിയാണ് ഉമ്മ. രാവിലെ സുബ്ഹി നിക്കരിച്ച് കുത്തിര്ന്ന് കുറേ നേരം ഖുർആനോതും. മഗ്രിബ് നിക്കരിച്ച് ഇശാ നിക്കരിക്കുന്നത് വരെ നിക്കാര പായീന്ന് എണീക്കൂലേരുന്നു. വാഖിഅയും ബദരിയ്യതും ഹദ്ദാദും പതിവാക്കിയിരുന്നു. അത് കൊണ്ട് തന്നെ വല്യ മനക്കരുത്തായിരുന്നു. “എന്റെ ബാപ്പ എനിക്ക് വാഖിഅ പഠിപ്പിച്ച് തന്നക്ക്ണ്. അത് കൊണ്ട് ഞാൻ കൊയങ്ങൂലാന്ന് പണ്ട് അമ്മോൻ കാക്കാനോട് പറഞ്ഞതോർമണ്ട്.”
ഞാൻ മുദർരിസായതിന് ശേഷാണ് ഉമ്മ മരിക്ക്ണത്. മുദർരിസായതിന് ശേഷം നാട്ടിൽ ചെന്നാ ശന്യാഴ്ച്ച രാവിലെത്തന്നെ ചായിം കടിം ഒക്കെ ഉണ്ടാക്കിത്തന്ന് പറിം- “ഇഞ്ഞി ഇജ്ജ് പൊയ്‌ക്കോ, അന്യ നാട്ടിലെ കുട്ട്യാള് കിതാബ് ഓതാന് അന്നെ കാത്തിരിക്കും. ഇവിടെ എല്ലാത്തിനും ആൾക്കാര്ണ്ട്”. ഞാനിപ്പളും ശനിയാഴ്ച കിതാബോത്ത് മൊടക്കലില്യ. അന്ന് ഉമ്മാന്റെ ഉത്സാഹിപ്പിക്കലോണ്ടാണത്.
ഇന്ന് (കൂടിക്കാഴ്ച ദിവസം)ഞാനെന്റെ കുടിക്കാര്ത്തിനോട് പറഞ്ഞു: ഞമ്മളെ മ്മാനെപറ്റി എത്തേങ്ങിലൊക്കെ അനക്ക് ഓർമള്ളത് പറഞ്ഞാട്ടിക്കാന്ന്. അപ്പൊ പറഞ്ഞത് എല്ലാർക്കും നല്ലത് മാത്രല്ലേ ഉമ്മാനെ പറ്റി പറ്യാനൊള്ളൂ. ങ്ങളും ഞമ്മളമ്മ നല്ല ഉമ്മേനൂന്ന് മാത്രം പറഞ്ഞാമ്മതി.

ഉമ്മാനെ സ്‌നേഹിക്കുക. ബാപ്പാരെ ബഹുമാനിക്കുക. ഇത് ശരിയാവൂലെ. ഉമ്മാനെയും ബാപ്പാനെയും ബഹുമാനിക്കും മാണം സ്‌നേഹിക്കും മാണം. അളമതും(ബഹുമാനം) ഇക്‌റാമും(ആദരവും) വേണം.
നമ്മള് ഉമ്മാനെ കാണുന്പളും എണീച്ച് നിക്കണം. ചെലപ്പൊ ഉമ്മാര് പറിം അവിടെ ഇരുന്നോന്ന്. അത് ഉമ്മാരെ തവാളുഅ് (താഴ്മ) ആണ്. ഉമ്മാര് നിക്കുന്‌പൊ മക്കള് കസേരീല് ഇരിക്കാന്ന് പറഞ്ഞാ മര്യാദ കേടാണ്. വല്ലാതെ നിർബന്ധിച്ചാല് ഉമ്മാന്റെ വാക്ക് പാലിച്ച് അവിടെ ഇരിക്കുകയും ചെയ്യട്ടാ. അപ്പൊ നല്ലത് ഉമ്മാക്ക് വേറൊരു കസേര കൊടുന്ന് ഇട്ട് കൊടുത്ത് ഉമ്മാനെ അതിലിരുത്തലാണ്.
മാതാവിന്റെ കാലിന്റെ ചോടെയാണ് സ്വർഗം എന്ന് പറഞ്ഞാ ഉമ്മമാർക്ക് ഖിദ്മത് (സഹായം) ചെയ്ത് ചെയ്ത് സ്വർഗത്തിക്ക് പോകാന്നാണ്. നമ്മള് തുണിം കുപ്പായൊക്കെ തിരുന്പാൻ പോകുന്‌പോ ഉമ്മമാരുടെതും തരാൻ പറയണം. നമ്മള് തേക്കുന്‌പോ അവര്തും തേച്ച് കൊടുക്കണം. പാത്രങ്ങള് കഴുകുന്‌പോ പറ്യണം- ഇങ്ങ് തരിമ്മേ ഞാൻ കഴുകിത്തരാന്ന്.
.
തയ്യാറാക്കിയത്:
അബ്ദുസ്സമദ് സഖാഫി വാളക്കുളം