Connect with us

Kerala

മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കില്ല; പ്രവേശന കാര്യത്തില്‍ ചര്‍ച്ചക്കു തയാര്‍: മന്ത്രി ശൈലജ

Published

|

Last Updated

കണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളുടെ ഫീസ് വര്‍ധിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കാപിറ്റേഷന്‍ ഫീ പൂര്‍ണമായും ഇല്ലാത്ത സ്ഥിതി സംസ്ഥാനത്ത് നടപ്പിലായി കഴിഞ്ഞിട്ടുണ്ട്. നീറ്റ് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായാണ് കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ വന്‍തുക ഫീസായി ഈടാക്കുമ്പോള്‍ കേരളത്തില്‍ ഏകീകൃത ഫീസ് സംവിധാനമാണ് നടപ്പിലാക്കിയതെന്നും കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ഫീസ് 25,000 രൂപയായി നിശ്ചയിക്കണമെന്ന് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളോട് ആവശ്യപ്പെടാന്‍ കഴിയില്ല. അതില്‍ അവര്‍ക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നതിനാലാണിത്. സുപ്രീം കോടതിക്കു കീഴിലെ ഫീ റെഗുലേറ്റരി കമ്മിറ്റിയാണ് ഫീസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത്. അതുകൊണ്ടു തന്നെ ഫീസ് വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ സര്‍ക്കാറിന് സാധിക്കില്ല.

കേരളത്തിനു പുറത്തുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നല്‍കുന്ന വിഷയത്തില്‍ കേരളത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്കു തയാറാണെന്നും മന്ത്രി പറഞ്ഞു.

Latest