Connect with us

National

ടൈം മാഗസിനിൽ മോദിയെ വിമർശിച്ച് ലേഖനമെഴുതിയ ആതിഷിന് നേരെ സൈബർ ആക്രമണം

Published

|

Last Updated

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ് എന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ ഫീച്ചർ തയ്യാറാക്കിയ ആതിഷ് തസീറിന് നേരെ സംഘ്പരിവാറിന്റെ സൈബർ ആക്രമണം.
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തി അതിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് ട്വിറ്റർ പോലുള്ള മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടക്കുന്നത്. ആതിഷിന്റെ വിക്കിപീഡിയ പേജിൽ, അദ്ദേഹം കോൺഗ്രസിന്റെ പി ആർ മാനേജറാണെന്ന് എഡിറ്റ് ചെയ്തു. റിപ്പോർട്ട് ആധികാരികമല്ലെന്നും വ്യക്തിപരമായ വിലയിരുത്തൽ മാത്രമാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമം.
അതിനിടെ ആതിഷ് പാക് പൗരനാണെന്നും ബാലാകോട്ട് ആക്രമണത്തിലെ അമർഷമാണ് ഫീച്ചറിന് പിന്നിലെന്നും പറഞ്ഞ് ബി ജെ പി നേതാവ് സാംപിത് പത്ര രംഗത്തെത്തി.

“ഇയാൾ ഇപ്പോൾ കോൺഗ്രസിന്റെ പി ആർ വിംഗിൽ അംഗമാണ്. ടൈംസ് ഇടതുപക്ഷ മാഗസിനായിരിക്കുന്നു” ബി ജെ പി അനുഭാവിയായ ശശാങ്ക് സിംഗ് എന്ന ട്വിറ്റർ ഉപഭോക്താവിന്റെ ട്വീറ്റാണിത്. ഇത് 500ലധികം തവണയാണ് റീ ഷെയർ ചെയ്തിട്ടുള്ളത്. ഇയാളെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചൗക്കിദാർ സ്മൃതി ഇറാനി എന്ന ട്വിറ്റർ അക്കൗണ്ടും ഫോളോ ചെയ്യുന്നുണ്ട്.

മോദി സർക്കാറിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനവും മോദിയുടെ കാരിക്കേച്ചറും ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ ഭിന്നിപ്പിന്റെ വഴിയിലാണെന്ന് ആതിഷ് തസീറിന്റെ ലേഖനത്തിൽ പറയുന്നു. ആൾക്കൂട്ട കൊലകൾ, ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയോഗിച്ചത്, ഭോപ്പാലിൽ മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ മത്സരിപ്പിച്ചത് അടക്കമുള്ളവ അക്കമിട്ട് നിരത്തിയാണ് ആതിഷ് ഇന്ത്യയുടെ സമകാലീന അവസ്ഥ വിശദീകരിക്കുന്നത്.
മോദി ടൈം മാഗസിന്റെ മുഖചിത്രത്തിൽ മോദി നേരത്തേ പ്രത്യക്ഷപ്പെട്ട രണ്ട് തവണയും അദ്ദേഹത്തിന് അപദാനം ചൊരിയുകയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.