Connect with us

Kasargod

പെരിയ ഇരട്ടക്കൊല: നേതാക്കൾ പ്രതികളാകില്ല

Published

|

Last Updated

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇനി കൂടുതൽ പ്രതികളുണ്ടാകില്ല. നിലവിലുള്ള 12 പ്രതികളെ ഉൾപ്പെടുത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് പ്രകാരം ഇരട്ടക്കൊലക്കേസിലെ നാല് സാക്ഷികളുടെ രഹസ്യമൊഴി കോടതി മെയ് 15ന് രേഖപ്പെടുത്തും.

സാക്ഷികൾ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹരജി നൽകിയത്. കേസിൽ 12 പ്രതികൾക്ക് പുറമെ ഇനി കൂടുതൽ പ്രതികൾ ഉണ്ടാകില്ലെന്ന സൂചനയാണ് ക്രൈം ബ്രാഞ്ച് നൽകുന്നത്. സി പി എം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന എ പീതാംബരനാണ് കേസിലെ മുഖ്യപ്രതി. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ കൊലയാളികൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദുമ എം എൽ എ. കെ കുഞ്ഞിരാമൻ, മുൻ എം എൽ എ . കെ വി കുഞ്ഞിരാമൻ, സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം വി പി പി മുസ്തഫ, ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രതികളെ ഇവർ സഹായിച്ചുവെന്നതിന് തെളിവൊന്നുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. രണ്ടാം പ്രതി സജി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയപ്പോൾ കെ വി കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സി പി എം പ്രവർത്തകർ ബലമായി ഇറക്കിക്കൊണ്ടുപോയത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നതിന് മുമ്പ് കല്ല്യോട്ടുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കെ കുഞ്ഞിരാമൻ എം എൽ എയും വി പി പി മുസ്തഫയും ഭീഷണി പ്രസംഗം നടത്തിയതായി ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം മൊഴി നൽകിയതും ക്രൈം ബ്രാഞ്ച് അന്വേഷിച്ചു.

ചട്ടഞ്ചാലിലെ പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ പ്രതികൾക്ക് കെ മണികണ്ഠൻ സഹായം നൽകിയെന്നും മൊഴിയുണ്ടായിരുന്നു. എന്നാൽ കൊലപാതകത്തിന് നേതാക്കൾ സഹായം നൽകിയതിന് വ്യക്തമായ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. പീതാംബരന് ശരത് ലാലിനോടും കൃപേഷിനോടുമുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും തന്റെ സഹായികളെ കൂട്ടിയാണ് പീതാംബരൻ കൃത്യം നടത്തിയതെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. കല്ല്യോട്ട് നടന്ന രാഷ്ട്രീയ പ്രശ്നത്തിൽ ഇടപെട്ട പീതാംബരന്റെ കൈ തല്ലിയൊടിച്ച കേസിൽ ശരത് മുഖ്യപ്രതിയായിരുന്നു. ഇതോടെ പീതാംബരനിൽ പ്രതികാരമനോഭാവം വളരുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പീതാംബരൻ അറസ്റ്റിലായിട്ട് 80 ദിവസമായി. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. ഇതൊഴിവാക്കണമെങ്കിൽ കുറ്റപത്രം 10 ദിവസത്തിനകം തന്നെ നൽകണം.