Connect with us

Education

ഹയർസെക്കൻഡറി സീറ്റ്:  പരിഹാരം കാണുമെന്ന്‌ മന്ത്രി രവീന്ദ്രനാഥ്

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് ഹയർസെക്കൻഡറി തലത്തിൽ പത്ത് ജില്ലകളിൽ ഉപരിപഠനത്തിന് സീറ്റില്ലാത്ത വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. “സിറാജ്” കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹയർസെക്കൻഡറി തലത്തിൽ ഉപരി പഠനത്തിന് വിദ്യാർഥികൾക്ക് സീറ്റില്ലാത്ത വാർത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ് വണിന് എത്ര കുട്ടികൾക്കാണ് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകുക എന്നത് സംബന്ധിച്ച് വകുപ്പ് വിശദമായി പരിശോധിക്കും. ആദ്യ അലോട്ട്‌മെന്റ് പൂർത്തിയാക്കി ജൂൺ മൂന്നിന് ക്ലാസ് തുടങ്ങിയതിന് ശേഷമായിരിക്കും സീറ്റുകളുടെ കുറവ് സംബന്ധിച്ച് പരിശോധിക്കുക. ഇതിൽ സി ബി എസ് ഇ, ഐ സി എസ് ഇ തലത്തിൽ നിന്ന് എത്ര കുട്ടികൾ ഹയർസെക്കൻഡറി തലത്തിലേക്ക് അഡ്മിഷൻ തേടിയെത്തി എന്നതും പരിഗണിക്കും. തുടർന്നാണ് ഇനി അധികമായി വിദ്യാലയങ്ങളിലെ സീറ്റ് വർധിപ്പിക്കേണ്ടതുണ്ടോയെന്നും പുതിയ ബാച്ച് അനുവദിക്കേണ്ടതുണ്ടോ എന്നതുമായ കാര്യങ്ങളിൽ വകുപ്പ് തീരുമാനമെടുക്കുക.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് സീറ്റ് വിഷയം ബാധിക്കുന്നതെന്ന് നേരിട്ട് അറിയാമെന്നും മന്ത്രി പ്രതികരിച്ചു. പ്രശ്‌നത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ വിഷയങ്ങളും രമ്യതയോടെ പരിഹരിക്കുമെന്നും മന്ത്രി അഭിപ്രായം രേഖപ്പെടുത്തി.

ഹയർസെക്കൻഡറി തലത്തിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കാസർക്കോട്, തൃശൂർ, തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലെ 70, 602 വിദ്യാർഥികളെയാണ് ഉപരിപഠനത്തിന് ആവശ്യമായ സീറ്റില്ലാത്തത് കാരണം വിഷയം നേരിട്ട് ബാധിക്കുന്നത്. ഇതിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തി 97.86 ശതമാനം വിജയം നേടിയ മലപ്പുറം ജില്ലയിലെ 25,560 വിദ്യാർഥികളെയാണ് ബാധിക്കുന്നത്. പാലക്കാട് ജില്ലയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 11,609 വിദ്യാർഥികൾ ഇവിടെ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയിൽ 9,952 വിദ്യാർഥികളും പ്രശ്‌നത്തിൽ ഉൾപ്പെടും. ഇടുക്കി ജില്ലയാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്. 58 പേർക്കാണ് സീറ്റിന്റെ കുറവ് കാരണം പുറത്തിരിക്കേണ്ടി വരിക.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായി 6,940 സീറ്റുകൾ നിലവിൽ അധികമുണ്ട്. ഇതിൽ പത്തനംതിട്ടയാണ് ഒന്നാം സ്ഥാനത്ത്. 4,151 സീറ്റാണ് വിദ്യാർഥികളെക്കാൾ ഇവിടെ അധികമായി കിടക്കുന്നത്. 287 സീറ്റ് അധികമുള്ള ആലപ്പുഴയാണ് പട്ടികയിൽ അവസാനമുള്ളത്.

Latest