Connect with us

Kozhikode

ഇവിടെ വിളമ്പുന്നത് സൗഹൃദത്തിന്റെ ഇഫ്താർ

Published

|

Last Updated

മർകസ് കോംപ്ലക്‌സ് പള്ളിയിലെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: ഒരുമയുടെ പാഠമോതി മർകസ് മസ്ജിദിലെ ഗ്രാൻഡ് ഇഫ്താർ ശ്രദ്ധേയമാകുന്നു. നോമ്പുതുറക്കൊപ്പം ഇവിടെ കൈമാറുന്നത് സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും മഹിതമായ സന്ദേശം കൂടിയാണ്.
മർകസ് മസ്ജിദിലെ വിശാലമായ ഇരുനില ഹാളിലേക്ക് കയറി വരുന്നവർ പരസ്പരം അപരിചിതരാണെങ്കിലും അവർ ഭക്ഷണം കഴിക്കുന്നത് ഒരു തളികയിൽ നിന്നാണ്. നോമ്പുതുറക്കാനെത്തുന്നവർ നാലുപേർ വീതം ഒരു പ്ലേറ്റിൽ നിന്ന് ഭക്ഷണം വീതിച്ചെടുത്തു കഴിക്കുന്ന രീതി ഇവിടെയാരംഭിച്ചിട്ട് മൂന്ന് വർഷമായി. പരാതിയോ പരിഭവമോ ഇല്ല, പകരം പങ്കുവെക്കലുകളുടെ പാഠം ഓരോരുത്തരിലും കൈമാറപ്പെടുന്നുവെന്നതാണ് മർകസ് കോംപ്ലക്‌സ് മസ്ജിദിലെ നോമ്പുതുറയുടെ പ്രത്യേകതയെന്ന് മർകസ് കോംപ്ലക് മാനേജർ യൂസുഫ് ഹൈദർ പറഞ്ഞു.

1,200 ഓളം പേർക്കാണ് മർകസ് കോംപ്ലക്‌സ് മസ്ജിദിൽ ദിവസവും നോമ്പുതുറ ഭക്ഷണമൊരുക്കുന്നത്. 300 ഓളം പേർക്കാണ് അത്താഴം. വൈകുന്നേരം അഞ്ച് മണിയോടെ തന്നെ കോംപ്ലക്‌സ് മസ്ജിദിന്റെ മുകളിലെ രണ്ട് ഹാളുകൾ സജീവമാകും. പ്ലേറ്റ് കഴുകലും പായ വിരിക്കലും മറ്റു സംവിധാനങ്ങളൊരുക്കലുമായി ഹാശിം മുസ്‌ലിയാരുടെയും സലീം കുറ്റിപ്പുറത്തിന്റെയും നേതൃത്വത്തിൽ വളണ്ടിയർ ടീം സജീവം. നെയ്‌ച്ചോറ്, ബിരിയാണി, കഫ്‌സ, മന്തി, ചപ്പാത്തി, വെള്ളപ്പം, പൊറോട്ട തുടങ്ങി വിഭവങ്ങൾ ദിവസവും മാറിമാറിയാണ് വിതരണം.

ദിവസവും 1,500 ഓളം പേർക്ക് ഭക്ഷണമൊരുക്കുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. ത്യാഗസന്നദ്ധനായ ഒരു പാചകക്കാരനെ ലഭിച്ചതാണ് അതിന്റെ വിജയത്തിന് നിദാനമെന്ന് മർകസ് കോംപ്ലക്‌സ് ഇമാം അബ്ദുന്നാസിർ സഖാഫിയും ഓഫീസ് സെക്രട്ടറി ജാഫറും പറഞ്ഞു. നരിക്കുനി സ്വദേശിയായ ഹസനും സംഘവുമാണ് ഇടതടവില്ലാതെ പാചകപ്പുരയിൽ സജീവമായിരിക്കുന്നത്.
അൻസാർ തങ്ങൾ അവേലം ചെയർമാനും നൗശാദ് ഹാജി എലത്തൂർ കൺവീനറുമായ സംഘാടക സമിതിയാണ് ഇഫ്താർ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഭക്ഷണത്തിലേക്കുള്ള സാമ്പത്തിക ചെലവുകൾ വഹിക്കുന്നതാകട്ടെ, കാരന്തൂർ മർകസിന് കീഴിലുള്ള റിലീഫ് സെല്ലായ ആർ സി എഫ് ഐയും നഗരത്തിലെ ബിസിനസുകാരും ഗൾഫ് സുഹൃത്തുക്കളുമാണ്.
നഗരത്തിലെ വിവിധ മസ്ജിദുകളിലും ഇത്രയേറെ വിപുലമല്ലെങ്കിലും നോമ്പുതുറയോടനുബന്ധിച്ച ഭക്ഷണം വിളമ്പുന്നുണ്ട്. എന്നാൽ, മർകസ് കോംപ്ലക്‌സിലെ ഈ സൗഹൃദസംഗമം ഒന്ന് വേറെത്തന്നെയെന്ന് ഒരിക്കലെങ്കിലും ഇവിടെ അതിഥിയായെത്തിയവർക്കു സമ്മതിക്കാതെ വയ്യ.

Latest