Connect with us

Gulf

പ്ലസ് ടുവിന് യു എ ഇയില്‍ ഉന്നത വിജയം; സ്‌കൂളിന്റെ അഭിമാനമായി സുഹ

Published

|

Last Updated

മുസഫ്ഫ: കേരള സിലബസില്‍ പ്ലസ് ടു സയന്‍സ് പരീക്ഷയെഴുതി യു എ ഇയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സുഹ മുസ്തഫ സമീര്‍ അബുദാബി മോഡല്‍ സ്‌കൂളിന്റെ അഭിമാനമായി. 1200 മാര്‍ക്കില്‍ 1183 മാര്‍ക്ക് നേടിയാണ് 98.6 ശതമാനവുമായി സുഹ സ്‌കൂളിന്റെ അഭിമാനമായത്. സയന്‍സ് ഇഷ്ട വിഷയമായ സുഹക്ക് ഡോക്ടറാകാനാണ് താല്‍പര്യം. എസ് എസ് എല്‍ സി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നു.
ചെറുപ്പം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സുഹക്ക് ട്യൂഷന്‍ നല്‍കിയിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. വെളുപ്പാന്‍ കാലത്തു തന്നെ എഴുന്നേറ്റ് പഠിക്കുന്ന പ്രകൃതമാണ് സുഹക്കുള്ളത്. പഠനത്തിനായി ആരുടേയും സഹായം ആവശ്യം വന്നിരുന്നില്ലെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫിസിക്‌സ്, മാത്‌സ് തുടങ്ങിയ വിഷയങ്ങളില്‍ കുട്ടി അതീവ തല്പരയായിരുന്നു. ഇവയുമായി ബന്ധപ്പെട്ട ഏത് പരീക്ഷകളിലും ഉന്നതവിജയം കൈവരിക്കാന്‍ സുഹക്കായിരുന്നു. സയന്‍സ് വിഷയങ്ങളില്‍ അതി സമര്‍ഥമായ പാടവമാണ് സുഹക്കുള്ളത്. ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട എക്‌സിബിഷനുകളിലും മറ്റ് പ്രദര്‍ശനങ്ങളിലും സുഹ സജീവമായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി വി അബ്ദുല്‍ ഖാദര്‍ പറയുന്നു.
ഏഴാം ക്ലാസ് വരെ കണ്ണൂര്‍ മാട്ടൂല്‍ സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സുഹയുടെ പഠനം. ഹൈസ്‌കൂള്‍ തലം മുതലാണ് അബുദാബി മോഡല്‍ സ്‌കൂളില്‍ പഠനം തുടരുന്നത്. സ്‌കൂളില്‍ അധ്യാപകരും സുഹൃത്തുക്കളും മികച്ച പിന്തുണയാണ് പാഠ്യ-ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് സുഹ പറയുന്നു.

കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയും ഐ സി എഫ് യു എ ഇ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും മുസഫ്ഫ സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറിയുമായ തെക്കേ തൈവളപ്പില്‍ സമീര്‍ മുസ്തഫയാണ് പിതാവ്. നദീറയാണ് മാതാവ്. സക്കിയ, മുഹമ്മദ്, മുആദ് എന്നിവര്‍ സഹോദരങ്ങളാണ്.

---- facebook comment plugin here -----

Latest