Connect with us

International

ഹൈദരാബാദുകാരനായ യുവാവ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍; കൊലപ്പെടുത്തിയത് പാക് പൗരനെന്നു സംശയം

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടനില്‍ ബെര്‍ക് ഷെയറിലെ സ്ലൗവില്‍ ഇന്ത്യക്കാരനായ യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നദീമുദ്ദീന്‍ എന്ന 24കാരന്റെ മൃതദേഹമാണ് വെല്ലിംഗ്ടണ്‍ സ്ട്രീറ്റിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തിയത്. ഇവിടുത്തെ ജീവനക്കാരനാണ് നദീമുദ്ദീന്‍ . ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ താമസിക്കുന്ന പ്രദേശമാണ് സ്ലൗ.

നദീമുദ്ദീന്‍ ഏറെ വൈകിയിട്ടും ജോലി സ്ഥലത്തു നിന്ന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇയാളുടെ രക്ഷിതാക്കളും ഭാര്യയും സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നദീമുദ്ദീനെ കുത്തേറ്റു മരിച്ച നിലയില്‍ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തുകയായിരുന്നു, ഇതേ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാക്കിസ്ഥാന്‍കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

ഹൈദരാബാദിലെ ഒരു കോളജില്‍ നിന്ന് ബിരുദമെടുത്ത നദീമുദ്ദീന്‍ 2012ലാണ് ജോലി തേടി ലണ്ടനിലെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ലഭിച്ചതില്‍ പിന്നീട് രക്ഷിതാക്കളും ഇങ്ങോട്ടെത്തി. ഗര്‍ഭിണിയായ ഭാര്യ അഫ്ഷ 25 ദിവസം മുമ്പാണ് ലണ്ടനിലെത്തിയത്. ഇവര്‍ ഗര്‍ഭിണിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ലണ്ടനില്‍ തന്നെ മറവു ചെയ്യുമെന്നാണ് വിവരം.