Connect with us

Kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാം; അപകടമുണ്ടായാല്‍ ഉടമയായിരിക്കും ഉത്തരവാദി: എ ജി

Published

|

Last Updated

തൃശൂര്‍: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാറിനു കൈമാറി. എന്നാല്‍, പൊതു താത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുതെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ശന ഉപാധികളോടെയുള്ള നിയമോപദേശമാണ് നല്‍കിയിട്ടുള്ളത്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആനയെ എഴുന്നള്ളിക്കുന്ന സമയത്ത് ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണം. ആനക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. ആന അപകടം ഉണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഉടമകള്‍ക്കായിരിക്കും. ഇക്കാര്യം ഉടമയില്‍ നിന്ന് രേഖാമൂലം വാങ്ങണം.

ആനക്ക് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. നാട്ടാന പരിപാലനച്ചട്ടം കര്‍ശനമായി പാലിക്കണം. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിമാരും ആന ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരമൊരു ധാരണ ഉരുത്തിരിഞ്ഞിരുന്നു.

കോടതിയല്ല, വിദഗ്ധ സമിതിയാണ് ആനയെ എഴുന്നള്ളിക്കാമോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്കു തീരുമാനമെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുകയായിരുന്നു. ആന അപകടം വരുത്തിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് ഉടമ അറിയിച്ചിട്ടുണ്ട്.