Connect with us

Gulf

മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

മദീന: വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചതോടെ റമസാന്റെ അവസാന പത്ത് രാവുകളില്‍ പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 7000 പേര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വഴിയാണ് പ്രവേശനം അനുവദിക്കുക. മസ്ജിദുന്നബവിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇതിനായി സൗകര്യം ചെയ്തിരിക്കുന്നത്. മസ്ജിദുന്നബവിയുടെ താഴെ നില നിസ്‌കാരങ്ങള്‍ക്ക് മാത്രമായി വിശ്വാസികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. പതിനായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കാനുള്ള സൗകര്യമാണ് മുകള്‍ നിലയില്‍ ഒരുക്കിയത്.

ഇഅ്തികാഫ് ഇരിക്കാന്‍ വരുന്നവരുടെ ലഗേജുകള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക ബോക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ മസ്ജിദുന്നബവിയില്‍ നമസ്‌കാര സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. തീര്‍ത്ഥാടകര്‍ ലഗേജുകള്‍ അലക്ഷ്യമായി പള്ളിയിലേക്ക് കൊണ്ടുവരിക, മസ്ജിദുല്‍ ഹറമിലെ നിബന്ധനകള്‍ പാലിക്കപ്പെടാതിരിക്കുക തുടങ്ങിയവ നിരീക്ഷിക്കാന്‍ ഈ വര്‍ഷം പ്രത്യേക സമിതികള്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Latest