Connect with us

Gulf

റാസ് അല്‍ ഖൈമയില്‍ ശീതീകരിച്ച മത്സ്യമാര്‍ക്കറ്റ് തുറന്നു

Published

|

Last Updated

റാസ് അല്‍ ഖൈമ: പുതുക്കിപ്പണിത മത്സ്യ മാര്‍ക്കറ്റ് നഗരസഭാധികൃതര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. റാസ് അല്‍ ഖൈമയിലെ മുഐരിളിലാണ് ആധുനീകരിച്ച മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം തുറന്നത്.
37 വര്‍ഷത്തിലധികം പഴക്കമുണ്ടായിരുന്ന നിലവിലെ മാര്‍ക്കറ്റ് കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 45 മത്സ്യ മേശകള്‍ക്കുള്ള സൗകര്യമാണ് പുതിയ മാര്‍ക്കറ്റിലുള്ളത്. ഉപഭോക്താക്കള്‍ക്കായി 100 കാര്‍ പാര്‍കിംഗ് സൗകര്യങ്ങളും അനുബന്ധമായി ഉണ്ടാക്കിയിട്ടുണ്ട്. റാസ് അല്‍ ഖൈമയിലെ ആദ്യ ശീതീകരിച്ച മത്സ്യമാര്‍ക്കറ്റാണിതെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. നേരത്തെ, തുറന്ന കെട്ടിടത്തിലായിരുന്നു മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

സമൂല മാറ്റത്തോടെയാണ് മാര്‍ക്കറ്റ് പുതുക്കിപ്പണിതിട്ടുള്ളത്. വില്‍പനക്കായി മത്സ്യം പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങള്‍, മീന്‍ വെട്ടുകയും ശുചീകരിക്കുകയും ചെയ്യുന്ന ഇടങ്ങളെല്ലാം ശീതീകരിച്ച രീതിയിലാണ് നിര്‍മിച്ചതെന്ന് റാക് നഗരസഭയിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശൈമാ അല്‍ തുനൈജി പറഞ്ഞു. മത്സ്യം പ്രദര്‍ശനത്തിനും വെട്ടാനും ശുചീകരിക്കാനുമുള്ള മുഴുവന്‍ മേശകളും പഴയവ ഒഴിവാക്കി സ്റ്റൈന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ളവയാക്കിയതായും അല്‍ തുനൈജി പറഞ്ഞു. മത്സ്യം സൂക്ഷിക്കാനുള്ള ഫൈബര്‍ ഗ്ലാസിന്റെ ഫ്രീസറുകള്‍ മാറ്റി പകരം ആധുനിക രീതിയിലുള്ളവ സ്ഥാപിച്ചു. ഏറ്റവും കുറഞ്ഞ താപനിലയില്‍ ഇവയില്‍ മത്സ്യം സൂക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ വിവിധാവശ്യങ്ങള്‍ക്കുള്ള സേവന സൗകര്യങ്ങളും മാര്‍ക്കറ്റിന്റെ ഭാഗമായുണ്ട്. മീന്‍ വെട്ടുന്നതിനടുത്ത് ഉപഭോക്താക്കള്‍ക്കുള്ള കാത്തിരിപ്പ് സ്ഥലം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടോയ്‌ലെറ്റുകള്‍ എന്നിവക്ക് പുറമെ നിസ്‌കാര സൗകര്യവും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മാര്‍ക്കറ്റിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നതായിരിക്കും പുതിയ മാര്‍ക്കറ്റെന്നും ശൈമാ അല്‍ തുനൈജി പറഞ്ഞു.