Connect with us

National

സര്‍ക്കാര്‍ രൂപവത്കരണത്തിന് ഒരു മുഴം നീട്ടിയെറിയാന്‍ പ്രതിപക്ഷം; 21 പാര്‍ട്ടികള്‍ ഒപ്പിട്ട കത്തുമായി രാഷ്ട്രപതിയെ കാണും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ നീക്കം. തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നതു മുന്നില്‍ കണ്ടാണ് അസാധാരണ നീക്കം.

ഇതുമായി ബന്ധപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ച കത്ത് രാഷ്ട്രപതിക്കു നല്‍കാനാണ് ധാരണ. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നാല്‍ ബദല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണ നല്‍കുമെന്ന് 21 പാര്‍ട്ടികളും ഇതില്‍ വ്യക്തമാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപവത്കരണത്തിനു ക്ഷണിക്കുകയെന്ന പതിവു നീക്കത്തിലൂടെ പ്രതിപക്ഷ മഹാ സഖ്യത്തെ തകര്‍ക്കാനുള്ള അവസരം ഇല്ലാതാക്കാനാണ് ഈ മുന്‍കൂര്‍ നീക്കം.

543 അംഗ ലോക്‌സഭയില്‍ 272 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റക്ക് 282 സീറ്റുകള്‍ നേടിയിരുന്നു. ബി ജെ പി ഉള്‍പ്പെട്ട എന്‍ ഡി എ സഖ്യത്തിന് 336 സീറ്റും.

Latest