Connect with us

Ongoing News

ഇരട്ടി മാധുര്യമുള്ള തിരിച്ചടി; ബാഴ്‌സയെ ഗോളില്‍ മുക്കി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Published

|

Last Updated

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിസ്മയം സൃഷ്ടിച്ച് ലിവര്‍പൂള്‍. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയെ ആന്‍ഫീല്‍ഡിലെ മൈതാനത്ത് നടന്ന രണ്ടാം പാദം മത്സരത്തില്‍ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്തുവിട്ട ലിവര്‍പൂള്‍ കലാശക്കളിയിലേക്ക് പറന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലിവര്‍പൂള്‍ ഫൈനലിലെത്തുന്നത്. നൗകാമ്പില്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ മൂന്ന് ഗോളിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നവരാണ് ഒരു ഗോള്‍ അധികം നേടി മധുരതരമായ തിരിച്ചടി നല്‍കിയത്. 4-3 എന്ന ഗോള്‍ ശരാശരിയിലാണ് ലിവര്‍പൂള്‍ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്.

മുനിരയിലെ പ്രഗത്ഭ താരങ്ങളായ ഫര്‍മിനോയും ഇല്ലാതിരുന്നിട്ടും ലിവര്‍പൂള്‍ നേടിയ ഈ തകര്‍പ്പന്‍ വിജയം ബാഴ്‌സക്ക് ഉണങ്ങാത്ത മുറിവായി. ബാഴ്‌സയുടെ തുരുപ്പുചീട്ട് ലയണല്‍ മെസ്സി നിറം മങ്ങിപ്പോയ മത്സരത്തില്‍ ഡിവോക് ഒറിഗിയും ജെറമി വിനാല്‍ഡമും നേടിയ രണ്ടു ഗോള്‍ വീതമാണ് ലിവര്‍പൂളിനെ ഫൈനലിലെത്തിച്ചത്.

ആദ്യ പകുതിയുടെ ഏഴാം മിനുട്ടില്‍ ബാഴ്‌സ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ഗോള്‍ വലയത്തിലേക്കു വന്ന ഒരു ഷോട്ട് ബാഴ്‌സ ഗോളി തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ ഒറിഗി റീബൗണ്ടിലൂടെ വലയിലേക്കയച്ചു (1-0). രണ്ടാം പകുതിയിലാണ് ബാക്കി മൂന്നു ഗോളുകളും പിറന്നത്.

54, 56 മിനുട്ടുകളില്‍ വിനാല്‍ഡം നേടിയ രണ്ടു ഗോളുകളോടെ ബാഴ്‌സയുടെ വിധി ഭൂരിഭാഗവും തീരുമാനിക്കപ്പെട്ടു (3-0). രണ്ട് ക്രോസുകള്‍ വിദഗ്ധമായി കണക്ട് ചെയ്താണ് വിനാല്‍ഡം ഗോളുകള്‍ നേടിയത്. 79ാം മിനുട്ടില്‍ ഒറിഗി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അലക്‌സാണ്ടര്‍ ആര്‍ണോള്‍ഡിന്റെ ഒരു ക്രോസ് കണ്ണഞ്ചിക്കുന്ന ഒരു ഷോട്ടിലൂടെ ഒറിഗി വലക്കകത്താക്കുകയായിരുന്നു (4-0).

Latest