Connect with us

Sports

മനോഹരമായിരിക്കും !

Published

|

Last Updated

ലണ്ടന്‍: ബാഴ്‌സലോണയെ തോല്‍പ്പിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ഞങ്ങളന്വേഷിക്കും. തോല്‍ക്കുന്നെങ്കില്‍ പോലും അത് മനോഹരമായിട്ടാകും – ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ വാക്കുകളാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായിട്ടുള്ള പത്ര സമ്മേളനത്തിലാണ് ക്ലോപ് പ്രതീക്ഷയറ്റവനെ പോലെ സംസാരിച്ചത്. അതിന് കാരണമുണ്ടായിരുന്നു. ഏറ്റവും മികച്ച ഫോമിലുള്ള രണ്ട് സ്‌ട്രൈക്കര്‍മാര്‍ – മുഹമ്മദ് സലയും, റോബര്‍ടോ ഫിര്‍മിനോയും – പരുക്കേറ്റ് രണ്ടാം പാദത്തില്‍ കളിക്കുന്നില്ല. ആദ്യ പാദത്തില്‍ 3-0ന് തോറ്റ ലിവര്‍പൂളിന് ആ കടം വീട്ടാന്‍ സ്‌ട്രൈക്കര്‍മാര്‍ ആഞ്ഞടിക്കുക തന്നെ വേണം. അപ്പോഴാണ് സലയും ഫിര്‍മിനോയും പരുക്കേറ്റ് ടീമില്‍ നിന്ന് പുറത്താകുന്നത്.

ഞങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ക്യാമ്പയിന്‍ ആഘോഷിക്കണം. അത് ബാഴ്‌സക്കെതിരെ ഒരു ഗോളടിച്ചിട്ടാണെങ്കില്‍ അങ്ങനെ – ക്ലോപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നൗകാംപിലെ ആദ്യ പാദത്തില്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിനെ തകര്‍ത്തത്. മുന്‍ താരം ലൂയിസ് സുവാരസാണ് ലിവര്‍പൂളിന്റെ വലയില്‍ ആദ്യം പന്തെത്തിച്ചത്. മെസിയും സുവാരസും ഏറ്റവും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ബാഴ്‌സലോണയെ തൊടാന്‍ സാധിക്കില്ലെന്ന ബോധ്യം യുര്‍ഗന്‍ ക്ലോപിനുണ്ട്. ശനിയാഴ്ച ലാ ലിഗയില്‍ ബാഴ്‌സലോണ സെല്‍റ്റ വിഗോയെ നേരിട്ടത് പുതിയ നിരയുമായിട്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ആദ്യ ഇലവന്‍ കളിക്കാര്‍ക്കെല്ലാം വിശ്രമം അനുവദിച്ചു.

ലിവര്‍പൂള്‍ നിരാശരാണെങ്കിലും അവരെ എഴുതിത്തള്ളാനില്ലെന്നാണ് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡെ പറഞ്ഞത്. യൂറോപ്യന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ മൂന്ന് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം തിരിച്ചു വന്നവര്‍ രണ്ട് പേരേയുള്ളൂ.1970 ല്‍ പനതിനായികോസും 1985 ല്‍ ബാഴ്‌സലോണയും. ലിവര്‍പൂളിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന നിരയും കോച്ചുമുണ്ടെന്ന് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ തന്റെ കളിക്കാരെ ഓര്‍മപ്പിക്കുന്നു.

സീസണില്‍ പന്ത്രണ്ട് ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയ മെസി ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരെ 26 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമായി ആള്‍ ടൈം ലിസ്റ്റില്‍ മുന്നിലെത്തി.
ആന്‍ഫീല്‍ഡില്‍ ബാഴ്‌സ മെസിയെ വെച്ച് ഗോളടി തുടരുമോ അതോ, ലിവര്‍പൂള്‍ അട്ടിമറിയുടെ കുഴിയുമായി കാത്തിരിക്കുകയാണോ. കാത്തിരിക്കാം ക്ലാസിക് പോരിനായി.