Connect with us

Kozhikode

മൂസക്കാ നിങ്ങള്‍ ആ പാട്ട് പാടരുത്!

Published

|

Last Updated

മൂസക്കാ നിങ്ങള്‍ ആ പാട്ട് പാടരുത്! എരഞ്ഞോളി മൂസയെന്ന മാപ്പിളപ്പാട്ട് ഗായകനെ ഇഷ്ടപ്പെടുന്ന ഒരു കലാസ്വാദകന്റെ അപേക്ഷയായിരുന്നു അത്. മരണത്തെക്കുറിച്ചുള്ള പാട്ടുകളില്‍ ഏറെ പ്രസിദ്ധമായ ഒരു ഗാനത്തെക്കുറിച്ചായിരുന്നു അയാള്‍ മൂസയോട് അങ്ങനെപറഞ്ഞത്. കെട്ടുകള്‍ മൂന്നും കെട്ടീ… എന്ന ഗാനം കേട്ട ഒരാളുടെയും മിഴികള്‍ നനയാതിരുന്നിട്ടുണ്ടാവില്ല. ഭക്തിനിര്‍ഭരമായ ആ ഗാനത്തിനു പിന്നില്‍ ഇങ്ങനെയൊരു സംഭവം കൂടിയുണ്ട്.

എരഞ്ഞോളി മൂസ ഇങ്ങനെ വിശദീകരിച്ചു:

“ഈ പാട്ടിന് ചെറിയൊരു കഥയുണ്ട്. ഈ പാട്ട് എഴുതിയത് പ്രേം സൂരത് എന്ന 40 വയസുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ധാരാളം നല്ല പാട്ടുകള്‍ എഴുതിയഅദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങള്‍ ഞാന്‍ പാടാറുമുണ്ട്. എന്നാല്‍, ഈ പാട്ട് എഴുതി റെക്കോര്‍ഡ് ചെയ്ത് പുറത്ത് വരുന്നതിനു മുന്‍പേ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ് കേട്ടത്. ഈ പാട്ട് പുറത്തിറങ്ങി അത് ആസ്വദികാനുള്ള ഭാഗ്യം അദേഹത്തിനുണ്ടായില്ല. ഇതിനു ശേഷം ചിലര്‍ക്ക് ഈ പാട്ട് കേള്‍ക്കാന്‍ തന്നെ ഭയമായിരുന്നു. മൂസക്കാ ഇതൊരു അറം പറ്റിയ പാട്ടാണ്, ഞങ്ങള്‍ക്ക് നിങ്ങളുടെ പാട്ട് ഇനിയും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് ഇതൊരിടത്തും പാടരുതെന്നും പലരും പറയാറുണ്ടായിരുന്നു. എന്നാല്‍ ഈ പാട്ട് ഞാൻ പാടുന്നത് പ്രബോധനമായിട്ടാണ്. ഞാന്‍ പാടിയ കൂട്ടത്തില്‍ എല്ലാവര്‍ക്കും മുന്നില്‍ എന്നും അന്തസായി പാടാന്‍ പറ്റിയ പാട്ടാണിതെന്നെനിക്ക് തോന്നാറുമുണ്ട്.”

മാപ്പിളപ്പാട്ട് കലാകാരന്മാരെ ആദരിച്ച സദസ്സില്‍ കാരന്തൂര്‍ മര്‍കസില്‍ വച്ച് ഇതേ ഗാനം ആലപിക്കുന്നതിന് മുമ്പും എരഞ്ഞോളി മൂസ ഇക്കാര്യം സദസ്സിനോട് പങ്കുവച്ചിരുന്നു.

ആ വീഡിയോ കാണാം:

തലശ്ശേരിക്കടുത്ത് എരഞ്ഞോളിയി വലിയകത്തെപരേതരായ അബ്ദുവിന്റെയും ആസിയയുടെയും മകനായി 1940 മാര്‍ച്ച് 18നാണ് എരഞ്ഞോളി മൂസ എന്ന വലിയകത്ത് മൂസ ജനിച്ചത്. തലശ്ശേരിയിലെ കല്ല്യാണ വീടുകളില്‍ പാടി തുടങ്ങിയ മൂസ പതിറ്റാണ്ടുകളോളം മാപ്പിളപ്പാട്ട് രംഗത്തെ കിരീടംവെക്കാത്ത രാജാവായിരുന്നു. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് മൂസയുടെ പാട്ട് ജീവിതം തുടങ്ങിയത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വര്‍ഷത്തോളം സംഗീതം പഠിച്ചിട്ടുണ്ട്. കെ രാഘവന്‍ മാസ്റ്ററുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന് മാപ്പിളപ്പാട്ട് വേദികളില്‍ കൂടുതല്‍ അവസരം നേടിക്കൊടുത്തത്. കേരള ഫോക്ലാര്‍ അക്കാഡമി വൈസ് പ്രസിഡന്റനായ മൂസ ഗ്രാമഫോണ്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‍, സ്വാദിഖ്, സമീം, സാജിദ.