റമസാൻ: കണക്കെടുപ്പ് നടത്തുമ്പോള്‍

Posted on: May 5, 2019 5:55 pm | Last updated: April 15, 2021 at 4:03 pm

പരിശുദ്ധ റമസാനിന്റെ പുണ്യ ദിനരാത്രങ്ങള്‍ അവസാനിക്കുകയാണ്. കൊവിഡ് 19ന്റെ വ്യാപനം മാനവ രാശിയെ ആശങ്കയില്‍ അകപ്പെടുത്തിയ കാലത്താണ് ഈ വര്‍ഷത്തെ പുണ്യ റമസാന്‍ കടന്നുവരുന്നത്. ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ പതിവ് പോലുള്ള റമസാന്‍ അനുഷ്ഠാനങ്ങളുടെ അവസരങ്ങള്‍ പലതും നഷ്ടമായി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തന്റെ ആത്മീയതയുടെ പോഷണവും വര്‍ധനവും ഈ റമസാനിലും മുടക്കം വരാതെ നടന്നിട്ടുണ്ട്. പരിമിതികളുടെ അസൗകര്യം വിശ്വാസികളെ മാത്രം ബാധിക്കുന്നതല്ല. അവന്‍ ഉണ്ടാക്കിത്തീര്‍ത്തതുമല്ല. അതിനാല്‍ റമസാന്‍ അവസരം എന്ന സൗഭാഗ്യം വിശ്വാസിക്ക് നഷ്ടപ്പെടുന്നില്ല.

പരിധികളെയും പരിമിതികളെയും പ്രതിസന്ധികളെയും പ്രതിഷേധമില്ലാതെ സമീപിക്കാന്‍ സാധിക്കുക എന്നത് വിശ്വാസിയുടെ ഉത്തമ ഗുണമാണ്. സാധിക്കും വിധം സത്കര്‍മങ്ങളും നന്മകളും ചെയ്യുക എന്നതാണ് വിശ്വാസിയോടുള്ള കല്‍പ്പന. സാധിക്കാത്ത ഒരു അവസരം നമ്മെ ഒരു ബാധ്യതയും ഏല്‍പ്പിക്കുന്നില്ല എന്നതാണ് ഇസ്‌ലാമിക പാഠം. ലോക്ക്ഡൗണ്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നാണ് നാം കരുതേണ്ടത്.

സ്വന്തം വീടുകളിലും തട്ടകങ്ങളിലും ഒതുങ്ങി പതിവ് കര്‍മങ്ങളും അധിക കര്‍മങ്ങളും ചെയ്യാന്‍ അവസരമുണ്ടായി. ഖുര്‍ആന്‍ പാരായണത്തിനും വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് മനുഷ്യനെ ഉയര്‍ത്തുന്ന പരന്ന വായനകള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പക്ഷേ, അവകള്‍ എത്രമാത്രം ഉപയോഗപ്പെടുത്തി എന്നിടത്താണ് ചിന്തിക്കേണ്ടത്.

വിശ്വാസിക്ക് തന്റെ ആത്മീയത സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആവശ്യമായ മാര്‍ഗ നിര്‍ദേശം മതം നല്‍കിയിട്ടുണ്ട്. ഭൗതികമായ അസൗകര്യങ്ങള്‍ സാര്‍വത്രികമാണ് താനും. അല്ലാഹുവിന്റെ തീരുമാനത്തിന്റെ പരിധിയില്‍ മാത്രം ജീവിക്കാനാകുന്നവനാണ് മനുഷ്യന്‍. അത് ബോധ്യപ്പെടുത്തിയാണ് ഈ മഹാമാരിക്കാലം കടന്ന് പോകുന്നത്. ശാസ്ത്രവും സാങ്കേതികതയും ഉപയോഗിച്ച് എല്ലാത്തിനും കഴിയുമെന്ന് നിനച്ചവര്‍ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എല്ലാ ശ്രമങ്ങളും പ്രതിരോധത്തിനും പ്രതിവിധിക്കുമായി മനുഷ്യന്‍ നടത്തുമ്പോഴും നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല.
ഭൗതിക ലോകത്ത് സുഖം മാത്രം കാംക്ഷിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ജീവിതത്തിലെ പ്രയാസങ്ങളും ദുരിതങ്ങളും എന്ത് നേട്ടമാണ് നല്‍കുക.

തനിക്ക് ഹിതമായ അല്‍പ്പജ്ഞാനം ഉപയോഗിച്ച് അഹങ്കാരിയായി ജീവിക്കുന്നവര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് സമ്മാനിക്കുക. മനുഷ്യന്റെ അഹങ്കാരത്തിന്റെ മുതുവൊടിച്ചാണ് ഈ മഹാമാരിക്കാലം കടന്ന് പോകുന്നത്. അല്ലാഹു നിശ്ചയിച്ച സമയം വരെ വിശ്വാസിയും അവിശ്വാസിയും നിരീശ്വരവാദിയും നിഷേധിയും യുക്തിവാദിയും ഇത് അനുഭവിക്കുക തന്നെയാണ്.

വിശ്വാസിക്ക് പക്ഷേ ക്ഷമിച്ചും പ്രാര്‍ഥിച്ചും പുണ്യങ്ങള്‍ നേടാനാകും. യുക്തിവാദി ദുരിതം സഹിച്ച് ജീവിക്കേണ്ടി വരുന്നു. യുക്തിവാദി അവന്റെ ജാള്യത മറക്കാന്‍ വാചക കസര്‍ത്തുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും അവന്‍ ഈ മഹാമാരിയുടെ വീക്ഷണ മുഖത്ത് ഭയാശങ്കയിലാണ്. വിശ്വാസികള്‍ അല്ലാഹുവിന്റെ വിധിക്ക് വിനയപൂര്‍വം വിധേയപ്പെടുകയും ചെയ്യും. ചുരുക്കത്തില്‍ റമസാന്‍ കാലത്തെ പുണ്യ കര്‍മങ്ങളും സഹന നിലപാടുകളും വിശ്വാസിക്ക് അധിക പുണ്യം നേടിത്തരുന്നു.

സത്യവിശ്വാസിയുടെ കാര്യം വിസ്മയകരമാണ്. അവന് വിഷമങ്ങള്‍ ഉണ്ടായാല്‍ ക്ഷമിച്ച് പുണ്യം നേടും. അവന് സന്തോഷമുണ്ടായാല്‍ നന്ദി രേഖപ്പെടുത്തിയും പുണ്യം നേടും എന്ന നബി(സ)യുടെ വാക്കിന്റെ പൊരുള്‍ ഇവിടെ വ്യക്തമായി പുലരുകയാണ്.