Connect with us

Kerala

പ്രളയം: 700 കോടിയുടെ സഹായവുമായി ജർമൻ ബേങ്ക്

Published

|

Last Updated

തിരുവനന്തപുരം: മഹാ പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ റോഡുകളുടെ പുനർനിർമാണത്തിന് 700 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ജർമൻ ബേങ്ക് കെ എഫ് ഡബ്ല്യു. സംസ്ഥാന സർക്കാറിനയച്ച കത്തിലാണ് കെ എഫ് ഡബ്ല്യു വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി കെ എഫ് ഡബ്ല്യു അധികൃതർ ഉടൻ കേരളത്തിലെത്തുമെന്നറിയിച്ചിട്ടുണ്ട്. നേരത്തെ കൊച്ചി മെട്രോക്ക് ധനസഹായം നൽകിയ ഏജൻസിയാണ് കെ എഫ് ഡബ്ല്യു. കേരളത്തിന്റെ പുനർ നിർമാണത്തിന് കുറഞ്ഞ പലിശയിൽ 90 മില്യൺ യൂറോ അഥവാ 696 കോടി രൂപ വായ്പ നൽകാൻ സന്നദ്ധമെന്നാണ് കെ എഫ് ഡബ്ല്യു അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെയാണ് സംസ്ഥാന സർക്കാറിന് ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ 80 മില്യൺ യൂറോ കൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

സംസ്ഥാനത്ത് മഹാ പ്രളയത്തിൽ തകർന്ന റോഡുകൾ ആധുനിക രീതിയിൽ പുനർനിർമിക്കാനും സമാനമായ ദുരന്തങ്ങൾ നേരിടാൻ കഴിയുന്ന വിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും 10,000 കോടിയോളം രൂപ വേണ്ടി വരുമെന്ന് യു എൻ അടക്കമുള്ള വിവിധ ഏജൻസികൾ തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വിവിധ അന്താരാഷ്്ട്ര ധനകാര്യ ഏജൻസികളുടെ സഹായം തേടിയിരുന്നു. നവകേരള നിർമാണത്തിന് നേതൃത്വം നൽകുന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിലായിരുന്നു നീക്കം. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ജർമൻ ബേങ്കായ കെ എഫ് ഡബ്ല്യുവുമായും ചർച്ച നടത്തിയിരുന്നു.

കേരളത്തിന്റെ പുനർ നിർമാണത്തിനായി ലോകബേങ്ക് നിലവിൽ 3,600 കോടി രൂപ വായ്പ സർക്കാറിന് വാഗ്്ദാനം ചെയ്തിട്ടുണ്ട്. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനാവശ്യമായ 30,000 കോടിയോളം രൂപ ദീർഘകാല വായ്പയായി വിവിധ ഏജൻസികളിൽ നിന്നായി കണ്ടെത്താനാണ് സർക്കാർ നീക്കം നടത്തുന്നത്. നവകേരള നിർമാണത്തിനുള്ള ധനസമാഹരണം ലക്ഷ്യമിട്ട് ജൂൺ ആദ്യവാരം സർക്കാർ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക കോൺക്ലേവിൽ കെ എഫ് ഡബ്ല്യു അധികൃതരും പങ്കെടുക്കും.

Latest