Connect with us

Kozhikode

ചെറുവണ്ണൂർ അപകടം: പിതാവിനും മക്കൾക്കും നാടിന്റെ യാത്രാമൊഴി

Published

|

Last Updated

ഹസൻകുട്ടി, അബ്ദുൽ ഖാദർ, ബഹാവുദ്ദീൻ

ഫറോക്ക്: ചെറുവണ്ണൂർ ദേശീയപാതയിൽ അപകടത്തിൽ മരിച്ച നല്ലളം ചാലാട്ടിയിലെ പാരാത്ത്പറമ്പ് മുല്ലവീട്ടിൽ ഹസൻകുട്ടി, മക്കളായ ബഹാവുദ്ദീൻ, അബ്ദുൽ ഖാദർ എന്നിവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഒരു കുടുംബത്തിലെ മൂന്നുപേരുടെ അപ്രതീക്ഷിതമായ മരണ വാർത്ത ഞെട്ടലോടെയാണ് നാടറിയുന്നത്.

പിതാവിന്റെയും മക്കളുടെയും വിയോഗത്തിലൂടെ പ്രദേശത്തെ സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവർകരെയാണ് നാടിന് നഷ്ടമായത്. മകൻ അബ്ദുൽ ഖാദർ നല്ലളം ബദ്‌രിയ്യ ദർസിലെയും ബഹാവുദ്ദീൻ പുത്തനത്താണി ദർസിലെയും വിദ്യാർഥികളാണ്. മരിച്ച ഹസൻകുട്ടി നല്ലളം ഈസ്റ്റ് യൂനിറ്റിലെ കേരള മുസ്‌ലിം ജമാഅത്ത് അംഗവും ബഹാവുദ്ദീനും അബ്ദുൽ ഖാദറും ഇതേ യൂനിറ്റിലെ എസ് എസ് എഫ് പ്രവർത്തകരുമാണ്. ചെറുവണ്ണൂർ ദേശീയപാതയിൽ വില്ലേജ് ഓഫീസിന് സമീപം അതിരാളൻ ക്ഷേത്ര കവാടത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രി 1.15ഓടെയായിരുന്നു അപകടം. ഐക്കരപ്പടി പുത്തൂർപാടംദർസിലെ ദിക്ർ- ദുആ പരിപാടി കഴിഞ്ഞ് നല്ലളത്തേക്ക് പോകുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച ബൈക്കും കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചത്. രണ്ട് പേർ സംഭവസ്ഥലത്തും മറ്റൊരാൾ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. അപകട വിവരമറിഞ്ഞ് അർധരാത്രിയിൽ തന്നെ നൂറ് കണക്കിനാളുകളാണ് നല്ലളത്തെ പാരാത്ത് പറമ്പിലേക്ക് ഒഴുകിയെത്തിയത്. മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മയ്യിത്തുകൾ ചാലാട്ടിയിലെ വീട്ടിലെത്തിച്ചത്.

കണ്ണീരടക്കിപ്പിടിക്കാൻ കഴിയാതെ കൂടി നിന്നവരെല്ലാം വിതുമ്പുന്ന കാഴ്ച നെഞ്ച് പിളർക്കുന്നതായിരുന്നു. നല്ലളം ചാലാട്ടിയിലെ വീട്ടിൽ മയ്യിത്തുകൾ അവസാനമായി ഒരു നോക്കു കാണാൻ ആയിരക്കണക്കിനാളുകളാണെത്തിയത്. വൈകീട്ട് നാല് മണിയോടെ നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ നടന്ന ജനാസ നിസ്‌കാരത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരിയും മെഡിക്കൽ കോളജ് മസ്ജിദിൽ നടന്ന നിസ്‌കാരത്തിന് മുഹമ്മദ് അഹ്‌സനിയും നേതൃത്വം നൽകി.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. ഹസൻകുട്ടിയുടെ ഭാര്യ: ആഇശ. മറ്റു മക്കൾ: റബീഅത്ത്, ബദറുദ്ദീൻ, ഫാറൂഖ്, സ്വാലിഹ്. ഹസൻകുട്ടിയുടെ സഹോദരങ്ങൾ: ആലിക്കോയ, അബൂബക്കർ, കഞ്ഞിമൊയ്തീൻ, കുഞ്ഞഹമ്മദ്, ഉമ്മയ്യക്കുട്ടി. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന ജില്ലാ പ്രതിനിധികൾക്കുപുറമെ എം എൽ എമാരായ എ പ്രദീപ് കുമാർ, വി കെ സി മമ്മത് കോയ തുടങ്ങിയവരും ജനാസ സന്ദർശിക്കാനെത്തിയിരുന്നു.