Connect with us

Articles

ബില്‍ക്കീസാണ് തെളിവ്, ജനാധിപത്യം ചിരിതൂകും

Published

|

Last Updated

2002ല്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ കലാപത്തില്‍ നിന്നുള്ള ദൃശ്യം.

പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത്
കൊടിയും പന്തവുമായി അവര്‍ വന്നു
വാളും തൃശൂലവുമായി അവര്‍ വന്നു
അവരെന്റെ കൈകാലുകള്‍ കെട്ടിയിട്ടു
വാള്‍കൊണ്ട് അടിവയര്‍ നെറുകെ പിളര്‍ന്നു
പിന്നീടാണ് ആഹാരരീതി മാറിയത്
അത്താഴം ശിശുക്കളുടെ മാംസമായി
ദാഹം തീര്‍ക്കാന്‍
മുതിര്‍ന്നവരുടെ
രക്തവും
അങ്ങനെയാണു ഞങ്ങളുടെ
നഗരങ്ങളെല്ലാം കാടുകളായത്
ഗുഹകളിലിരുട്ടകറ്റാന്‍
ഇപ്പോള്‍ ഞങ്ങള്‍ മനുഷ്യരെ കത്തിക്കുന്നു
ഹാ, എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം
– സച്ചിദാനന്ദന്‍

2002ലെ ഗുജറാത്തിലേക്കെത്താന്‍ നമ്മുടെ മുമ്പില്‍ വഴികള്‍ പലതുണ്ട്. കവിതയുടെ, കഥയുടെ, വസ്തുതാന്വേഷണങ്ങളുടെ, മാധ്യമ വാര്‍ത്തകളുടെ, ദൃശ്യങ്ങളുടെ, വിവരണങ്ങളുടെ, നിലവിളികളുടെ, നിസ്സഹായതയുടെ, ഖുത്ബുദ്ദീന്റെ, അശോക് മോച്ചിയുടെ…അങ്ങനെയങ്ങനെ അനേകമനേകം വഴികള്‍. എല്ലാ വഴികളും കണ്ണില്ലാത്ത ക്രൗര്യത്തിലും പെയ്തു തോര്‍ന്നിട്ടില്ലാത്ത കണ്ണീരിലും ചെന്നവസാനിക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ നമുക്ക് ഗുജറാത്തിലേക്കെത്താന്‍ പുതിയൊരു വഴി കൂടിയുണ്ട്. അതൊരു പെണ്ണിന്റെ വഴിയാണ്, നിശ്ചയദാര്‍ഢ്യത്തിന്റെ വഴിയാണ്, തോറ്റുകൊടുക്കാന്‍ മനസ്സില്ലാതിരുന്നൊരു ഉരുക്ക് ജീവിതത്തിന്റെ വഴിയാണ്. തീര്‍ച്ചയായും അത് ബില്‍ക്കീസ് ബാനുവിന്റെ വഴിയാണ്. ആ വഴിയില്‍ ഇന്ത്യന്‍ ജനാധിപത്യം ചിരി തൂകി നില്‍ക്കുന്നത് കാണാം നമുക്ക്. സൂക്ഷിച്ചു നോക്കിയാല്‍ ഫാസിസം കോടതിക്കോലായയില്‍ ഉടുമുണ്ടഴിഞ്ഞു പോയവന്റെ നിസ്സഹായതയില്‍ നില്‍ക്കുന്നതും കാണാം. ഫാസിസത്തിന് എത്ര ഉടലുകള്‍, എത്ര ഉടുപ്പുകള്‍ എന്നത് ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. നഗരമധ്യത്തില്‍ ഉടുമുണ്ടുരിഞ്ഞുപോയാലും നുണ കൊണ്ട് നാണം മറക്കാനറിയാം ഫാസിസത്തിന്. അതുകൊണ്ടാണ് സൂക്ഷിച്ചു നോക്കണം എന്ന് പറഞ്ഞത്.

ബില്‍ക്കീസ് ബാനു

രാഷ്ട്രപിതാവിനെ കൊന്നപ്പോള്‍, ബാബരി പള്ളി തകര്‍ത്തപ്പോള്‍, ആര്‍ എസ് എസ് നിരോധിക്കപ്പെട്ടപ്പോള്‍, എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളായി അന്വേഷണ കമ്മീഷനുകള്‍ സംഘ്പരിവാറിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍, ഒളിക്യാമറകള്‍ക്ക് മുമ്പില്‍ മടി കൂടാതെ കലാപങ്ങളിലെ പങ്കാളിത്തം സംഘ്പരിവാര്‍ നേതാക്കള്‍ വിളിച്ചു പറഞ്ഞത് ലോകം കണ്ടപ്പോള്‍/ കേട്ടപ്പോള്‍.. അപ്പോഴെല്ലാം ഉടുമുണ്ട് പോയവന്റെ ജാള്യത്തില്‍ നിന്ന് അവര്‍ക്കൊരു മോചനമുണ്ടാകില്ലെന്ന്, അവര്‍ തലയുയര്‍ത്തി നമുക്കിടയില്‍ പ്രത്യക്ഷപ്പെടില്ലെന്നു കരുതിയവരല്ലേ നമ്മള്‍. എന്നിട്ടെന്തുണ്ടായി?

അവര്‍ നുണകള്‍ക്ക് മേല്‍ നുണ “മനോഹരമായി” അടുക്കിവെച്ചു. മാധ്യമങ്ങളത് കണ്ട് പുളകം കൊണ്ടു. അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഗുജറാത്തിലെ “വികസന മിത്ത്” മതിയെന്നായി. സംഘ്പരിവാര്‍ എറിഞ്ഞുകൊടുത്ത ഓരോ എല്ലിന്‍ കഷ്ണത്തിലും അവര്‍ ചാടിക്കടിച്ചു. അജന്‍ഡകള്‍ എവിടെയോ നിശ്ചയിക്കപ്പെട്ടു. ചാനല്‍ റൂമുകളില്‍ ആ അജന്‍ഡകള്‍ ഘോരഘോരം ചര്‍ച്ച ചെയ്യപ്പെട്ടു. ആ ചര്‍ച്ചകള്‍ക്കൊടുവില്‍ അവരൊരു ബിംബം പ്രതിഷ്ഠിച്ചു; അദ്ദേഹത്തിന് വികസന പുരുഷന്‍ എന്ന വിളിപ്പേര് നല്‍കി. കരുത്തന്‍ എന്ന് പുകഴ്ത്തിപ്പാടി. അദ്ദേഹത്തിന്റെ കറകള്‍ മറച്ചുവെച്ചു. അദ്ദേഹത്തിന്റെ മൗനാനുവാദത്തില്‍ നടന്ന കലാപം വിസ്മൃതമായി. അവിടെ കൊല്ലപ്പെട്ട ആയിരങ്ങള്‍ മറവിയിലേക്ക് തള്ളപ്പെട്ടു. “കാര്യം സാധിക്കാന്‍” വെളിമ്പറമ്പുകളെ ആശ്രയിക്കേണ്ടി വരുന്ന ഗുജറാത്തികള്‍ ചിത്രത്തിലില്ലാതായി. വികസനം- അത് മാത്രമായി വാഴ്ത്തുപാട്ടുകളിലെ ഉള്ളടക്കം. ഇന്ത്യക്ക് രക്ഷപ്പെടാന്‍ ഒരേയൊരു ഓപ്ഷന്‍, ഒരൊറ്റ പേര്; നരേന്ദ്ര മോദി. മാധ്യമങ്ങള്‍ ആ പേരിനു ചുറ്റും കറങ്ങി. കോര്‍പറേറ്റുകള്‍ക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഗുജറാത്തില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ആ “സൗമനസ്യം” രാജ്യമാകെ അനുവദിച്ചു കിട്ടിയാല്‍ അധികാരത്തിലിരിക്കാതെ തന്നെ നാടു ഭരിക്കാം. അങ്ങനെയാണ് അവര്‍ മോദിക്ക് വേണ്ടി പണമിറക്കുന്നത്. അദാനിയും അംബാനിയും മോദിക്ക് സേവ ചെയ്യാന്‍ മത്സരിച്ചു. അദ്ദേഹത്തിന് “നന്മ വരാന്‍” പ്രയത്‌നിച്ചു. ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിനായി മീഡിയാ റൂമുകള്‍ പ്രവര്‍ത്തിച്ചു. വേദികളില്‍ വാഗ്ദാനങ്ങളൊഴുകി, നുണകള്‍ പ്രവഹിച്ചു. ജനം അതില്‍ വീണു. ഇതാ രക്ഷകന്‍ ആഗതനായിരിക്കുന്നു എന്നവര്‍ വിശ്വസിച്ചു. ഒടുവില്‍ മോദി പ്രധാനമന്ത്രിയായി. എല്ലാം പാഴ്‌വാക്കുകളായി, വോട്ട് ചെയ്തവര്‍ വിഡ്ഢികളായി, കോര്‍പറേറ്റുകള്‍ ആഹ്‌ളാദഭരിതരായി. ഇതൊക്കെ എന്തിനിപ്പോള്‍ പറയുന്നു എന്നല്ലേ? 2014ന്റെ തനിയാവര്‍ത്തനമാണ് 2019 എന്നോര്‍മിപ്പിക്കാനാണ്. അഞ്ച് കൊല്ലം മുമ്പത്തെ അതേ കളികളാണ് സംഘ്പരിവാര്‍ പുറത്തെടുക്കുന്നത് എന്ന് ബോധിപ്പിക്കാനാണ്. ഈ വ്യാജ നിര്‍മിതിയില്‍ വീണുപോകരുത് എന്ന് മുന്നറിയിപ്പ് നല്‍കാനാണ്.
നമുക്ക് 2002ലെ ഗുജറാത്ത് വംശഹത്യ ഓര്‍ത്തെടുക്കാം, ബില്‍ക്കീസ് ബാനുവിനെ കുറിച്ച് സംസാരിക്കാം. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അവര്‍ക്ക് 19 വയസ്സ് പ്രായം. അഞ്ച് മാസം ഗര്‍ഭിണി. കലാപകാരികളില്‍ നിന്ന് രക്ഷതേടി വീടുവിട്ട് ഒളിച്ചോടുകയായിരുന്നു അവരും കുടുംബവും. അക്രമികള്‍ അവരെ പിടികൂടി. കുടുംബത്തിലെ 14 പേരാണ് ബില്‍ക്കീസിന്റെ കണ്‍മുന്നില്‍ കൊല്ലപ്പെട്ടത്. അക്കൂട്ടത്തില്‍ ബില്‍ക്കീസിന്റെ മൂന്ന് വയസ്സുള്ള മകളുമുണ്ട്.

ഗര്‍ഭിണിയാണ് എന്നത് ബില്‍ക്കീസിനെ ഒഴിവാക്കാനുള്ള കാരണമായി അക്രമികള്‍ കരുതിയില്ല. അവര്‍ മാറിമാറി ബലാല്‍സംഗം ചെയ്തു. അക്രമികള്‍ ആ പത്തൊമ്പതുകാരിക്ക് അപരിചിതരായിരുന്നില്ല. അടുത്ത വീടുകളില്‍ താമസിച്ചവര്‍. പരസ്പരം അറിയുന്നവര്‍. അതൊന്നും അവരുടെ കരളലിയിച്ചില്ല. കണ്ണില്‍ ചോരയില്ലാത്ത ക്രൂരത അവര്‍ ബാനുവിന്റെ ശരീരത്തിലും പ്രയോഗിച്ചു. ഒടുവില്‍ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. വിധി മറ്റൊന്നായിരുന്നു. ചാരത്തില്‍ നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേറ്റു; ജീവിതത്തിലേക്കും നിയമപോരാട്ടത്തിലേക്കും. ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാന്‍ അവള്‍ക്കൊപ്പം ഉറച്ചുനിന്നു. നിനക്ക് എന്താണ് സംഭവിച്ചത് എന്നൊരിക്കലും അയാള്‍ അവളോട് ചോദിച്ചില്ല. പത്രക്കാരോടും അഭിഭാഷകരോടും താന്‍ ശരീരത്തിലേറ്റുവാങ്ങിയ വേദനകള്‍ അവള്‍ പറയുമ്പോള്‍ മാത്രം അയാള്‍ അതെല്ലാം കേട്ടു. “കലാപവും മരണവും നഷ്ടപ്പെട്ട കുടുംബവും; എല്ലാം ഞാന്‍ ആ സമയത്ത് മാറ്റിനിര്‍ത്തി. ഞാനവളോട് സ്‌നേഹത്തോടെ പെരുമാറി. അവളനുഭവിച്ച വേദനകളില്‍ നിന്ന് അവളെ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമേ അന്ന് എനിക്കുണ്ടായിരുന്നുള്ളൂ”.

ആ നിയമപോരാട്ടം വെറുതെ ആയില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നു. ജീവസന്ധാരണത്തിന് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാനും വിധിച്ചിരിക്കുന്നു. “മകളുടെ സംസ്‌കാരം നടത്താനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസാനമായി ആ നെറ്റിയിലൊന്നു ചുംബിക്കാനും കഴിഞ്ഞില്ല. എന്നെങ്കിലും മറക്കാനാകുമോ ആ വേദന? എത്ര തന്നെ നഷ്ടപരിഹാരം അനുവദിച്ചാലും ഞാന്‍ അനുഭവിച്ച വേദനകള്‍ക്കുള്ള പരിഹാരമാകുമോ? ഒരുപക്ഷേ, ഒന്നുമറിയാതെ കടന്നുപോയ മകള്‍ക്കു വൈകിക്കിട്ടിയ നീതി കൂടിയായിരിക്കും ഇപ്പോഴത്തെ സുപ്രീം കോടതി വിധി”… ബില്‍ക്കീസ് ബാനു പറയുന്നു.

കണ്ണീരില്‍ ഒലിച്ചുപോയ ആയിരങ്ങളുടെ ചരിത്രമാണ് ഗുജറാത്ത് 2002. ആ കലാപം ചിലര്‍ക്ക് ദേശീയ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കുള്ള ഗേറ്റ് പാസ് ആയി മാറിയതും നമുക്കറിയാം. അവരിപ്പോള്‍ വലിയൊരു രാഷ്ട്രീയ പരീക്ഷണത്തെ നേരിടുകയാണ്. അതിജയിക്കാന്‍ ആവനാഴിയിലെ അവസാനത്തെ അമ്പും എടുത്തു പ്രയോഗിക്കുകയാണ്. ഇനിയൊരു അധികാരാരോഹണം ഉണ്ടാകില്ലെന്ന് അവരും ഉറപ്പിച്ചിരിക്കുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലും ആ ഭീതി പ്രകടമാണ്. ഇന്ത്യ ആഗ്രഹിക്കുന്നതും ആ പതനമാണ്. ബില്‍ക്കീസ് ബാനു എന്ന ഒറ്റയാള്‍ പട്ടാളം ഗുജറാത്തിലേക്ക് പുതുവഴി വെട്ടുമ്പോള്‍ ജനാധിപത്യം ചിരിതൂകുന്നുവെന്ന് നടേ പറഞ്ഞത് വെറുതെയല്ല.

മുഹമ്മദലി കിനാലൂര്‍ • mdalikinalur@gmail.com

Latest