Connect with us

National

വീഴ്ചകള്‍ മറയ്ക്കാന്‍ സൈന്യത്തിന്റെ നേട്ടങ്ങളെ സര്‍ക്കാര്‍ പ്രചാരണായുധമാക്കുന്നു: മന്‍മോഹന്‍ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിരുന്നുവെന്ന് രാജ്യസഭാംഗവും മുന്‍ പ്രധാന മന്ത്രിയുമായ മന്‍മോഹന്‍ സിംഗ്. എന്നാല്‍, വോട്ട് നേടുന്നതിനായി അതിനെ ഉപയോഗപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും സാമ്പത്തിക മേഖലയിലെ മാപ്പര്‍ഹിക്കാത്ത വീഴ്ചകള്‍ മറച്ചുവെക്കുന്നതിനാണ് മോദി സര്‍ക്കാര്‍ സായുധ സൈന്യത്തിന്റെ നേട്ടങ്ങളെ സര്‍ക്കാറിന്റെതാക്കി ഉയര്‍ത്തിക്കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2008ല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രകരായ ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകര ഗ്രൂപ്പിന് തിരിച്ചടി നല്‍കുന്നതില്‍ മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മന്‍മോഹന്‍ സിംഗിനെതിരെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ആഞ്ഞടിച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാനെ ഭീകര കേന്ദ്രമായി തുറന്നു കാണിക്കുന്നതുള്‍പ്പടെയുള്ള നയതന്ത്ര നീക്കങ്ങളിലൂടെ ഭീകര പ്രവര്‍ത്തനം നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് യു പി എ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്‍മോഹന്‍ സിംഗ് ഇതിനു മറുപടി നല്‍കി.

“മുംബൈ ആക്രമണം നടന്ന് 14 ദിവസത്തിനകം ലഷ്‌കര്‍ ഇ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തോട് ചൈന അനുകൂല നിലപാടെടുത്തു. യു പി എ സര്‍ക്കാറിന്റെ ഇടപെടലുകളുടെ ഫലമായി സഈദിന്റെ തലക്ക് ഒരുകോടി ഡോളര്‍ ഇനാമായി നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു.

അതിര്‍ത്തി കടന്നുള്ള നിരവധി ആക്രമണങ്ങളാണ് മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടത്തിയത്. എന്നാല്‍, അതേക്കുറിച്ച് ആ സര്‍ക്കാര്‍ പ്രചാരണമൊന്നും നടത്തിയിരുന്നില്ല. പക്ഷെ മോദി സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണങ്ങളുടെ ഉടമസ്ഥാവകാശം സ്വയം ഏറ്റെടുക്കുകയും ഭീകരരെ അതിര്‍ത്തി കടന്ന്‌
പിന്തുടര്‍ന്ന് പിടികൂടുമെന്ന് ലോകത്തിനു മുമ്പാകെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് പ്രധാന വ്യത്യാസം.”- മന്‍മോഹന്‍ വ്യക്തമാക്കി.