Connect with us

International

ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് യു എസ് മുന്നറിയിപ്പ്

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണം നടന്നേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകര ഗ്രൂപ്പിന്റെ നിരവധി സജീവ പ്രവര്‍ത്തകര്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിശദാന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ശ്രീലങ്കന്‍ സര്‍ക്കാറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്ന് യു എസ് എംബസി വ്യക്തമാക്കി.

ഭീകരാക്രമണ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് യു എസ് അംബാസഡര്‍ അലൈന ടെപ്ലിറ്റ്‌സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കൊളംബോയിലെ യു എസ് എംബസി വക്താവ് നാന്‍സി വാന്‍ഹോണ്‍ പറഞ്ഞു. സുരക്ഷയില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തുന്നതിനും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനുമുള്ള ശ്രീലങ്കയുടെ ശ്രമങ്ങളെ തങ്ങളുടെ മുന്‍കാല ദുരന്താനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കും.

ഇത്തരം അതിക്രമങ്ങളെ അപലപിക്കാന്‍ ശ്രീലങ്കയിലെ മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഒറ്റക്കെട്ടായുള്ള പോരാട്ടവും പരസ്പര സഹകരണത്തോടെയുള്ള ഇടപെടലുകളും തന്നെയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും ശക്തമായ മറുപടി- നാന്‍സി കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കും മൂന്ന് ആഡംബര ഹോട്ടലുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. 500ല്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍ ടി ജെ) എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു.