Connect with us

National

മോദിയും അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കോണ്‍ഗ്രസ് പരാതിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. പരാതിയില്‍ കമ്മീഷന് സ്വതന്ത്രമായി നടപടി സ്വീകരിക്കാവുന്നതാണെന്നും ഉടന്‍ നടപടി വേണമെന്നുംചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കോടതി ബഞ്ച് വ്യക്തമാക്കി. ഹരജിയില്‍ മെയ് രണ്ടിന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

മോദിയും അമിത് ഷായും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നും സായുധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് അസമിലെ സില്‍ച്ചാര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ സുഷ്മിത ദേവ് ആണ് ഹരജി നല്‍കിയിരുന്നത്. മോദിക്കും ഷാക്കുമെതിരെ നല്‍കിയ പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനമൊന്നും എടുക്കുന്നില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തര വാദം കേള്‍ക്കലിന് കോടതി തീരുമാനിച്ചത്.

ബി ജെ പിയുടെ ഉന്നത നേതാക്കള്‍ക്കെതിരായ പരാതികളില്‍ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാകാത്തത് വിവേചനപരവും ചപലവും ഏകപക്ഷീയവുമാണെന്നും അതിനാല്‍ത്തന്നെ
അത് അനുവദിക്കാനാകാത്തതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ബി ജെ പി നേതാക്കള്‍ ഒരു മാസത്തോളമായി പെരുമാറ്റച്ചട്ട ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ 40ഓളം പരാതികളില്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അഭിഭാഷകരായ എ എം സിംഗ്വിയും സുനില്‍ ഫെര്‍ണാണ്ടസും ആരോപിച്ചു.

പെരുമാറ്റച്ചട്ടം ലംഘിച്ച മോദിയെ 48 മുതല്‍ 72 മണിക്കൂര്‍ വരെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ സിംഗ്വിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കണ്ടിരുന്നു