Connect with us

Articles

ഫാസിസ്റ്റ് കാലത്തെ നീതിന്യായവും സ്വാതന്ത്ര്യവും

Published

|

Last Updated

2018 ജനുവരി 12ന് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം.

1990ന് ശേഷം സവിശേഷമായ രണ്ട് പതിറ്റാണ്ട് പിന്നിടുകയായിരുന്നു സുപ്രീം കോടതി. അധികാരത്തിലും വികാസത്തിലും വളര്‍ച്ചയുടെ പുതിയൊരു ഘട്ടം താണ്ടിയ പരമോന്നത നീതിപീഠം അക്കാലത്ത് ലോകത്തെ ഏറ്റവും ശക്തമായ നീതിന്യായ സംവിധാനമെന്ന ഖ്യാതി നേടി. കൊളീജിയം സംവിധാനം രൂപമെടുക്കുന്നതും ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുപ്രീം കോടതിക്ക് മേധാവിത്തം സാധ്യമായതും ഈ കാലയളവിലാണ്. “കന്‍ഡിന്യൂയിംഗ് മാന്‍ഡമസ്” എന്ന ആയുധത്തെ കോടതി ഫലപ്രദമായി ഉപയോഗിച്ച കാലവും കൂടിയാണത്. അതുവഴി പരിസ്ഥിതി സംരക്ഷണം, സാമൂഹികക്ഷേമം, തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി ഉത്തരവുകളും മാര്‍ഗ നിര്‍ദേശങ്ങളും പരമോന്നത കോടതിക്ക് പുറപ്പെടുവിക്കാനായി.
അതേസമയം, സുപ്രീം കോടതിയുടെ ഈ വളര്‍ച്ചക്ക് സമാന്തരമായി, കേന്ദ്രത്തില്‍ മാറി വന്ന സര്‍ക്കാറുകള്‍ നിരാശപ്പെടുത്തുന്നുണ്ടായിരുന്നു. അസ്ഥിര രാഷ്ട്രീയ സഖ്യങ്ങളില്‍ ജനങ്ങളുടെ പ്രത്യാശ നശിച്ച കാലം, പരമോന്നത ന്യായാസനം പ്രതീക്ഷാ മുനമ്പിലേക്ക് ഉണര്‍ന്നു. ദുര്‍ബലവും സമ്മര്‍ദ വിധേയവും അതിലുപരി അഴിമതിഭരിതവുമായ എക്‌സിക്യൂട്ടീവിന് ഒരു പ്രായശ്ചിത്തമെന്നോണം ജുഡീഷ്യല്‍ ആക്ടിവിസം അരങ്ങുവാണ രണ്ട് ദശാബ്ദമായിരുന്നു അതെന്ന് പറയാം.

എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പോടെ ചിത്രം മാറി. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മാറ്റത്തിന്റെയും പരിഷ്‌കരണത്തിന്റെയും പാതയില്‍ സഞ്ചരിച്ചു വന്ന പരമോന്നത നീതിപീഠത്തിന് കേവല ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറിനോട് ഏറ്റുമുട്ടേണ്ട ദിനങ്ങള്‍ക്ക് നാന്ദി കുറിക്കപ്പെടുകയായിരുന്നു. തുടര്‍ന്നിന്നോളം കേന്ദ്ര സര്‍ക്കാറിന്റെ അധികാര മുഷ്‌കിന് മുമ്പില്‍ സുപ്രീം കോടതിക്ക് നീതിന്യായ സ്വാതന്ത്ര്യം എത്രമേല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന ആലോചന ജനാധിപത്യ ഭരണക്രമത്തില്‍ നിര്‍ണായകമാണ്.

ഇന്ദിരാ യുഗത്തിന്റെ തിക്താനുഭവം മുന്നിലുണ്ട്. ന്യായാധിപര്‍ നിയമിക്കപ്പെടുകയും തരംപോലെ സ്ഥലം മാറ്റപ്പെടുകയും ചെയ്ത കാലം, നീതിന്യായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജുഡീഷ്യറിയെ ചിന്തിപ്പിച്ചു. അത് ഭരണഘടനാ കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം രൂപവത്കരിക്കുന്നതിലേക്കെത്തിച്ചു. പ്രത്യുത എക്‌സിക്യൂട്ടീവിന്റെ സ്വാധീനം ചെറുക്കപ്പെടുകയും ചെയ്തു.

എന്നാല്‍ 2014ന് ശേഷം ജുഡീഷ്യല്‍ നിയമനങ്ങളിലെ അധികാര ഗതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ മുറക്ക് ജുഡീഷ്യല്‍ നിയമനങ്ങളില്‍ അക്ഷന്തവ്യമായ ഇടപെടലുകള്‍ക്ക് കളമൊരുങ്ങി. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം നിര്‍ദേശത്തിന് മേല്‍ കത്തിവെക്കുന്നതാണ് തുടക്കം. ഇതിനെതിരെ ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എം ലോധ ശക്തമായി പ്രതികരിക്കുകയും നിയമ മന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഇത്തരം ഏകപക്ഷീയ മാറ്റിനിര്‍ത്തലുകള്‍ ഭാവിയില്‍ ഉണ്ടാകാനിടവരരുതെന്ന് അദ്ദേഹം കത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഗോപാല്‍ സുബ്രമണ്യത്തെ അപ്രതീക്ഷിതമായി മാറ്റിനിര്‍ത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചില്ല. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറിയായതാണ് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാനിടയാക്കിയതെന്ന് അദ്ദേഹം ഒഴിവാക്കലിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.

ജുഡീഷ്യല്‍ നിയമനങ്ങളില്‍ ജുഡീഷ്യറിയുടെ സ്വതന്ത്രവും പക്ഷരഹിതവുമായ അധികാരത്തെ തടയാന്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മീഷന്‍ (NJAC) രൂപവത്കരിക്കാന്‍ ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്തു. എന്നാല്‍ പ്രസ്തുത ഭേദഗതിക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 10 മാസത്തിനകം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഒന്നിനെതിരെ നാലിന്റെ ഭൂരിപക്ഷ വിധിയില്‍ അത് റദ്ദാക്കി. ഭരണഘടനാപരമായ വിജയത്തിനപ്പുറം ജുഡീഷ്യല്‍ നിയമനങ്ങളില്‍ നീതിന്യായ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടേണ്ടതിന്റെ കരുതലിന്റെ അംശങ്ങളാണ് പ്രസ്തുത ഭൂരിപക്ഷ വിധി പ്രകാശിപ്പിച്ചത്. കൊളീജിയം സംവിധാനം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണമെന്നും ജഡ്ജിമാരുടെ നിയമനത്തില്‍ പുതിയ നടപടിക്രമം രൂപവത്കരിക്കണമെന്നും ഭൂരിപക്ഷ വിധി ചൂണ്ടിക്കാട്ടുകയുണ്ടായി.

നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മീഷന്റെ രൂപവത്കരണം സാധ്യമാക്കാന്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കിയതിന് പിറകെ മോദി സര്‍ക്കാറും കൊളീജിയവും തമ്മില്‍ കാര്യങ്ങള്‍ സുഖകരമല്ലാത്ത സ്ഥിതി സംജാതമായി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അത് പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെക്കുറിച്ച് “സ്വേഛാധിപത്യ പ്രവൃത്തി” എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യായാധിപരുടെ നിയമനത്തിലെ പരിഷ്‌കരിച്ച നടപടിക്രമങ്ങളുടെ അന്തിമ തീര്‍പ്പിനെച്ചൊല്ലിയായിരുന്നു സര്‍ക്കാറിനും കൊളീജിയത്തിനുമിടയില്‍ പ്രധാനമായും ഏറ്റുമുട്ടല്‍ നടന്നത്. കേന്ദ്രം ദുഷ്ടലാക്കോടെ ഉറച്ചുനിന്നപ്പോള്‍ ജുഡീഷ്യറിയെ വരുതിയില്‍ നിര്‍ത്താനുള്ള മോദി സര്‍ക്കാറിന്റെ ശ്രമം ജുഡീഷ്യല്‍ നിയമനങ്ങള്‍ വൈകുന്നതിലേക്കെത്തിച്ചു. കൊളീജിയം ശിപാര്‍ശകളില്‍ തീരുമാനമെടുക്കാതെ കേന്ദ്രം അതിന്‍മേല്‍ അടയിരുന്നു. തത്ഫലമായി രാജ്യത്തുടനീളം ഹൈക്കോടതികളില്‍ ന്യായാധിപരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടന്നു. കൊല്‍ക്കത്ത, കര്‍ണാടക തുടങ്ങിയ ഹൈക്കോടതികള്‍ അനുവദനീയമായതിന്റെ പകുതി അംഗബലം വെച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ യഥാസമയം ഒഴിവുകള്‍ നികത്താന്‍ അഭിഭാഷകര്‍ സമരപാതയിലാണ് അവിടെയെല്ലാം.

കൊളീജിയം ശിപാര്‍ശകളില്‍ തീരുമാനമെടുക്കുന്നതില്‍ കാലവിളംബം വരുത്തുന്നതിനെതിരെ 2016ല്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ വലിയ പ്രതിഷേധമുയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പൊതു ചടങ്ങില്‍ അദ്ദേഹം വികാരാധീനനായി വിഷയ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഷേധവും കണ്ണീരുമൊന്നും കേന്ദ്ര സര്‍ക്കാര്‍ കണ്ടതേയില്ല.
ഇതേസമയം, ജുഡീഷ്യല്‍ നിയമനങ്ങളില്‍ തങ്ങളുടെ ഏകാധിപത്യ പ്രവണതയെ അരക്കിട്ടുറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. ജസ്റ്റിസ് കെ എം ജോസഫിന്റെ കൊളീജിയം ശിപാര്‍ശയിലെ മടക്കം അവ്വിധം പ്രാധാന്യമുള്ളതായിരുന്നു. ജസ്റ്റിസ് രാജീവ് ഷക്ദര്‍, ജസ്റ്റിസ് ജയന്ത് പട്ടേല്‍, ജസ്റ്റിസ് എ എം ഖുറേഷി എന്നിവരുടെ വിവാദമായ സ്ഥലം മാറ്റങ്ങളും അതേ ദിശയിലായിരുന്നു.

തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഭരണകൂടത്തിന്റെ അനിഷ്ടം വാങ്ങിവെച്ച വിധിപ്രസ്താവങ്ങള്‍ നടത്തിയതിന്റെ ശാപദശയില്‍ കഴിയുകയായിരുന്നു പ്രഗത്ഭ ന്യായാധിപരെല്ലാം.

മോദി സര്‍ക്കാറിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ മറ്റൊരു വശം നഗ്‌നമായ നിയമ ലംഘനം തന്നെയായിരുന്നു. കൊളീജിയം ഒരാളെ രണ്ടാമതും ശിപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ് നിയമം. എന്നാല്‍ നിയമം പലപ്പോഴും നോക്കുകുത്തിയായി. ഫയലുകളില്‍ പലതും ഒന്നും മിണ്ടാതെ മരവിച്ചു കിടന്നു. ചില ശിപാര്‍ശകള്‍ വേഗം തിരഞ്ഞെടുത്ത് അംഗീകാരം നല്‍കുകയും ചെയ്തു. തീരുമാനമെടുക്കപ്പെടാതെ മാസങ്ങള്‍ പലതും കോള്‍ഡ് സ്റ്റോറേജില്‍ അവഗണിക്കപ്പെട്ട ഫയലുകള്‍ ഉള്ളപ്പോള്‍ തന്നെ 48 മണിക്കൂറിനകം ശിപാര്‍ശ അംഗീകരിച്ച് ഒപ്പുവെച്ച ഫയലുകളും ഉണ്ടെന്നറിയുമ്പോഴാണ് ജുഡീഷ്യറിയില്‍ സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള മോദി സര്‍ക്കാറിന്റെ കൗശല ബുദ്ധിയുടെ ആഴം ബോധ്യപ്പെടുന്നത്. കോടതി വ്യവഹാരങ്ങളിലെ കാലതാമസം ഇന്നും തീരാശാപമായി തുടരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. അവിടെയാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന കോടതി മുറികളെ ഭരണകൂടം നാഥനില്ലാതാക്കി മാറ്റുന്നത്. ചീഫ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, ടി എസ് ഠാക്കൂര്‍, ജെ എസ് ഖേഹര്‍ എന്നിവര്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് അതാത് കാലത്ത് രംഗത്തെത്തി. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും നീതിന്യായ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം തണുപ്പന്‍ പ്രതികരണം മാത്രം തിരിച്ചുനല്‍കി.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കാനും കൂടുതല്‍ തെളിച്ചമുള്ള വിധിതീര്‍പ്പിനും സുപ്രീം കോടതി ഒട്ടും മടിച്ചുനിന്നില്ല. ടു ജി, കല്‍ക്കരി അഴിമതി കേസുകള്‍ അതിന് ഉത്തമോദാഹരണങ്ങളാണ്. എന്‍ ഡി എ അധികാരത്തിലേറിയ ശേഷം 2014 സെപ്തംബറിലായിരുന്നു കല്‍ക്കരി അഴിമതി കേസില്‍ വിധി പുറപ്പെടുവിക്കപ്പെട്ടതെങ്കിലും രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്തായിരുന്നു വിചാരണ നടന്നത്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും വിധം വിചാരണക്കിടയില്‍ ശക്തമായ വിമര്‍ശനങ്ങള്‍ സുപ്രീം കോടതി മുഖം നോക്കാതെ നടത്തി. നിശ്ചയദാര്‍ഢ്യം പ്രകടമാക്കിയ ഇത്തരം സുചിന്തിത നടപടികള്‍ മാധ്യമങ്ങള്‍ക്കിടയിലും പൊതുജനങ്ങളിലും പരമോന്നത ന്യായാസനത്തെക്കുറിച്ച് ഏറെ മതിപ്പുണ്ടാകാനിടയാക്കി. അഴിമതിക്കും ഭരണകൂട കെടുകാര്യസ്ഥതക്കുമെതിരെ ജുഡീഷ്യറി പടവാളായ നാളുകളായിരുന്നു അതെങ്കില്‍ എന്‍ ഡി എ സര്‍ക്കാറിന്റെ വരവോടെ സുപ്രീം കോടതി സവിശേഷ രാഷ്ട്രീയ പ്രാധാന്യമുള്ള നീതിന്യായ വ്യവഹാരങ്ങളില്‍ ഭരണത്തിലിരിക്കുന്നവരെ വല്ലാതെ ചൊടിപ്പിക്കാത്ത, ശൗര്യം കുറഞ്ഞ നിലപാട് സ്വീകരിച്ചു എന്ന സംശയം അസ്ഥാനത്തല്ല. കഴിഞ്ഞ അഞ്ചാണ്ട് പരമോന്നത കോടതി ഏറെ വിമര്‍ശന വിധേയമായി എന്നതുകൂടെ ചേര്‍ത്തുവെക്കുമ്പോള്‍ മയപ്പെട്ട വിധി പ്രസ്താവങ്ങള്‍ക്ക് കൂടുതല്‍ പ്രബലത കൈവരുന്നതുമാണ്.

സഹാറ – ബിര്‍ള, ലോയ, ഭീമ കൊറഗോവ്, റാഫേല്‍, ആധാര്‍ തുടങ്ങിയ ശ്രദ്ധേയമായ കേസുകളില്‍ സുപ്രീം കോടതിയുടെ പ്രതാപകാലത്തെ ആത്മവിശ്വാസവും കര്‍ക്കശ നീതിബോധവും എത്ര കണ്ട് അനുഭവപ്പെട്ടു എന്ന വിചാരം പ്രസക്തമാണ്.
നീതിപീഠം മുമ്പില്ലാത്ത വിധം പലവിധ രാഷ്ട്രീയ സമ്മര്‍ദങ്ങളിലേക്കും പ്രതിരോധത്തിലേക്കും ഉള്‍വലിയേണ്ടി വന്ന സാഹചര്യം വരെ സംജാതമായി പോയ അഞ്ചാണ്ടിനിടെ. ന്യായാധിപര്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒടുക്കം അത് പൊട്ടിത്തെറിയിലേക്കുമെത്തി. സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ന്യായാധിപര്‍ പത്രസമ്മേളനം നടത്തി ആരോപണമുന്നയിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജുഡീഷ്യറിയില്‍ കുമിഞ്ഞുകൂടിയ ജീര്‍ണതയുടെ ഫലമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഭരണകൂടം നിരന്തര ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിനു പിന്നില്‍ പതിയിരിക്കുന്ന അപകടം ജനാധിപത്യ മതനിരപേക്ഷ വാദികള്‍ തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്. ഭരണകൂട ഇംഗിതങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് പരമോന്നത ന്യായാസനം ഊര്‍ധ്വന്‍ വലിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങാന്‍ പോകുന്നതെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.

Latest