Connect with us

National

ബി ജെ പിയുടെ അതിക്രമങ്ങള്‍ക്കു നേരെ കണ്ണടക്കുന്നു; തിരഞ്ഞെടുപ്പു കമ്മീഷന്‍ പരാജയമെന്ന് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തുന്ന അതിക്രമങ്ങളും പ്രധാന മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകളും നിയന്ത്രിക്കുന്നതില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പരാജയപ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരം. തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍തോതില്‍ പണം ചെലവഴിക്കുമ്പോഴും കമ്മീഷന്‍ നിശ്ശബ്ദ കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയാണ്.

പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പി മുന്നോട്ടു വെക്കുന്ന ദേശീയത എന്‍ ഡി എ സര്‍ക്കാറിന്റെ വീഴ്ചകള്‍ മറച്ചുവെക്കാനുള്ള തന്ത്രമാണെന്നും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു. ബി ജെ പി അധികാരത്തില്‍ വരുന്നതിനു മുമ്പ് ഇന്ത്യക്കാരെല്ലാം ദേശവിരുദ്ധരായിരുന്നുവോ എന്ന് ദേശീയത ഉയര്‍ത്തിയുള്ള ബി ജെ പി പ്രചാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചിദംബരം മറുപടി നല്‍കി. ഇന്ത്യക്കാരെല്ലാം ദേശഭക്തിയുള്ളവരാണ്. ദേശഭക്തിയെന്ന പേരില്‍ അര്‍ഥമില്ലാത്ത ആശയങ്ങള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളെ സ്വാധീനിക്കുകയാണ് ബി ജെ പി.

അഞ്ചു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ സന്തോഷത്തിലാണോ ഇന്ത്യയില്‍ ജനങ്ങള്‍ ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ അല്ലെന്ന് നിസ്സംശയം പറയാനാകും. ഓരോ ഇന്ത്യക്കാരനും ഭീതിയിലാണ് കഴിയുന്നത്. സ്ത്രീകള്‍, ദളിതുകള്‍, പിന്നാക്ക വിഭാഗക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങി എല്ലാവരും ഭീതിയിലാണ്.

സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ ബി ജെ പി സ്ഥാനാര്‍ഥികളെല്ലാം അയോഗ്യരാക്കപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനു ശേഷം മൂന്നാം യു പി എ സര്‍ക്കാര്‍ രൂപപ്പെടുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് ഉറപ്പാണെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. ബി ജെ പി ഇതര സര്‍ക്കാറാണ് നിലവില്‍ വരിക. ഇതിനായി എസ് പി, ബി എസ് പി, ടി എം സി തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest