Connect with us

Kerala

ശ്രമം വിഫലം; നാഗമ്പടം റെയില്‍വേ മേല്‍പ്പാലം പൊളിക്കല്‍ താത്കാലികമായി ഉപേക്ഷിച്ചു

Published

|

Last Updated

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനുള്ള ശ്രമം താത്കാലികമായി ഉപേക്ഷിച്ചു. പാലം പൊളിക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് രാവിലെ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടത്. പിന്നീട് വൈകീട്ട് നടത്തിയ ശ്രമവും ഫലവത്തായില്ല. നിര്‍ത്തിവച്ചിരുന്ന ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ശക്തിയേറിയ കോണ്‍ക്രീറ്റ് ബീമില്‍ പണിത പാലമായതിനാലാണ് സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിയ കെട്ടിടങ്ങളും എടുപ്പുകളും മറ്റും നൊടിയിടയില്‍ പൊളിക്കുന്ന നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യയാണ് നാഗമ്പടം പാലത്തിനു മുമ്പില്‍ വിഫലമായത്.

തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരുന്നത്. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം അധികൃതര്‍, പോലീസ്, അഗ്നിശമന സേന, നഗരസഭ എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു പാലം പൊളിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

പാലം എളുപ്പത്തില്‍ പൊളിക്കാനുള്ള ആദ്യ പടിയെന്ന നിലയില്‍ തൂണുകള്‍ക്കും ബീമുകള്‍ക്കും ബലക്ഷയമുണ്ടാക്കാനുള്ള പ്രവൃത്തി ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. ബീമിലും മറ്റും സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദ്വാരങ്ങളിട്ട് സ്‌ഫോടകവസ്തുക്കള്‍ നിറച്ചു.

സ്‌ഫോടനത്തില്‍ തകരുമ്പോള്‍ അവശിഷ്ടങ്ങള്‍ തെറിച്ചുവീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ പാലം പൂര്‍ണമായി പൊതിഞ്ഞിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.