Connect with us

Kerala

രണ്ട് സീറ്റിൽ വിജയം ഉറപ്പിച്ച് സി പി ഐ

Published

|

Last Updated

മത്സരിച്ച നാല് സീറ്റുകളിൽ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പെന്ന് സി പി ഐ വിലയിരുത്തൽ. സിറ്റിംഗ് സീറ്റായ തൃശ്ശൂരിന് പുറമെ മാവേലിക്കരയിലും ഇത്തവണ വിജയം ഉറപ്പാണെന്ന് പ്രതീക്ഷിക്കുന്ന നേതൃത്വം തിരുവനന്തപുരത്തെ ജയസാധ്യതയും തള്ളിക്കളയുന്നില്ല.രാഹുൽഗാന്ധിയെ എതിരിടുന്ന വയനാട്ടിൽ അട്ടിമറി വിജയത്തിന് സാധ്യതയില്ലെങ്കിലും വലിയ ഭൂരിപക്ഷമുണ്ടാക്കാൻ യു ഡി എഫിന് കഴിയില്ലെന്നും ബുത്തുതല കണക്കുകൾ സംബന്ധിച്ച പ്രാഥമിക വിലയിരുത്തലിൽ സി പി ഐ നേതൃത്വം കണക്കുകൂട്ടുന്നു.

വോട്ടിംഗ് കണക്കുകളുടെ കൃത്യമായ അവലോകനം നടത്താൻ അടുത്ത ദിവസം സി പി ഐ സംസ്ഥാന കൗൺസിൽ ചേരുന്നുണ്ട്. ഇടതുമുന്നണിക്കുള്ളിലെ കെട്ടുറുപ്പും പ്രവർത്തനങ്ങളിലെ ഏകോപനവുമാണ് പാർട്ടി മത്സരിച്ച സീറ്റുകളിലെ വിജയം ഉറപ്പിക്കാൻ കാരണമായതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യാതൊരു വിവാവാദങ്ങൾക്കുമിട നൽകാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ ആദ്യ അവസാനം സംസ്ഥാനത്തെല്ലായിടത്തും എൽ ഡി എഫിന്റെ പ്രവർത്തനം നടന്നതെന്നത് കൂടുതൽ സീറ്റ് നേടുന്നതിന് മുന്നണിയെ പ്രാപ്തമാക്കിയതായി കണക്കുകൂട്ടുന്നുണ്ട്.
ആറ് ശതമാനമാണ് ഇക്കുറി തൃശൂരിലെ പോളിംഗ് വർധിച്ചത്. പരമ്പരാഗതമായി ഇടതനുകൂലമായി നിൽക്കുന്ന മണ്ഡലങ്ങളിൽ നിന്ന് വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്ന് സി പി ഐ കരുതുന്നുണ്ട്. ബി ജെ പി സ്ഥാനാർഥിയായ സുരേഷ്‌ഗോപിയുടെ താരപ്രഭാവം വോട്ടായി മാറിയിട്ടുണ്ടെങ്കിൽ അത് മുഴുവൻ യു ഡി എഫഫിന്റെ വോട്ടു വിഹിതത്തെയാണ് ബാധിക്കുകയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. തൃശൂരിൽ നിന്ന് ബൂത്തടിസ്ഥാനത്തിൽ ലഭിച്ച കണക്കുകളുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇക്കുറി തൃശൂരിൽ ലഭിക്കുന്നുവെന്നും കണക്കുകൂട്ടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡിഎഫിന് 1.43 ലക്ഷം വോട്ടിന്റെ മേൽക്കൈയുള്ള മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാർ ഇക്കുറി വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ മൂന്ന് ശതമാനം പോളിംഗ് കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് സി പി ഐ വിലയിരുത്തൽ. 74.07 ശതമാനമാണ് മാവേലിക്കരയിലെ പോളിംഗ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് 71.56 ശതമാനമായിരുന്നു. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം എഴുപത് കടന്നിട്ടുണ്ട്.

എൽ ഡി എഫ് ഭൂരിപക്ഷം ലക്ഷ്യം വെക്കുന്ന കൊട്ടാരക്കര, കുന്നത്തൂർ, മാവേലിക്കര, പത്തനാപുരം, കുട്ടനാട് മണ്ഡലങ്ങളിൽ കനത്ത പോളിംഗാണ് നടന്നിട്ടുള്ളത്. ഇതിൽ കൊല്ലം ജില്ലയിലെ കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിൽ കേരളാ കോൺഗ്രസ് ബിക്ക് നിർണായക സ്വാധീനമാണുള്ളത്. അതേസമയം യു ഡി എഫ് ലക്ഷ്യം വെക്കുന്ന ചങ്ങനാശ്ശേരി, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച വർധനവ് രേഖപ്പെടുത്തിയിട്ടുമില്ല. അത് കൊണ്ടു തന്നെ ഇത് വിജയം ഉറപ്പിക്കുന്നതിനുള്ള ഉദാഹരണമായി പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇടതു മുന്നണിയുടെ ഭാഗമായ ബാലകൃഷ്ണപിള്ളയുടെ സ്വാധീനം മൂലം എൻ എസ് എസ് വോട്ടിൽ വിള്ളൽ വീണിട്ടുണ്ടെന്നും സി പി ഐ കരുതുന്നു. ന്യൂനപക്ഷ ഏകീകരണവും ഇക്കുറി ഇടതിനാണ് ഗുണം ചെയ്യുകയെന്നും കണക്കുകൂട്ടുന്നു.

ഇവിടെ ബി ജെ പിക്ക് സ്വാധീനമുള്ള ചില ബൂത്തുകളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുമുണ്ട്. ഇരുപത്തയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടന്നതെങ്കിലും നെടുമങ്ങാട്, പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം വർധിച്ചത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് സി പി ഐയുടെ വിലയിരുത്തൽ.

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈന്ദവ ഏകീകരണം ഉണ്ടായപ്പോൾ ന്യൂനപക്ഷ മേഖലയിലെ വോട്ടിംഗ് കേന്ദ്രീകരണം ഇത്തവണ കൂടുതൽ എൽ ഡി എഫ് അനുകൂലമായാണ് വീണതെന്നും സി പി ഐ കരുതുന്നു.
തിരുവന്തപുരത്തെ ബി ജെ പി സ്ഥാനാർഥിയുടെ തീവ്രഹിന്ദുത്വ നിലപാട് സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നു ചെല്ലാൻ തടസ്സമായെന്ന വിവാദം ബി ജെ പിയിൽ തിരഞ്ഞെടുപ്പുകാലത്ത് തന്നെ ഉയർന്നിരുന്നു.

വോട്ടർമാർ ഒഴുകിയെത്തിയതോടെ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ വയനാട്ടിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സ്ഥാനാർഥിക്ക് കഴിഞ്ഞതായി പാർട്ടി വിലയിരുത്തുന്നുണ്ട്. ശക്തമായ മത്സരം നടന്നതിന്റെ പ്രതിഫലനമാണ് 80 ശതമാനത്തിലേറെയുള്ള പോളിംഗെന്നും സി പി ഐ കരുതുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി