Connect with us

International

ശ്രീലങ്കയില്‍ പഴുതടച്ച അന്വേഷണം; സലഫീ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കൊളംബോ: ഇസില്‍ പിന്തുണയോടെ സലഫീ ഗ്രൂപ്പ് നടത്തിയ സ്‌ഫോടന പരമ്പരക്ക് പിറകേ സുരക്ഷാ സംവിധാനം ശക്തമാക്കി ശ്രീലങ്ക. ഡ്രോണുകളും അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റുകളും നിരോധിച്ച സര്‍ക്കാര്‍ പഴുതടച്ച അന്വേഷണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സലഫീ ധാരയിലുള്ള മുഴുവന്‍ ഗ്രൂപ്പുകളെയും കര്‍ശന നിരീക്ഷണത്തില്‍ കൊണ്ടുവരും. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്ത്, സിലോണ്‍ തൗഹീദ് ജമാഅത്ത്, തമിഴ്‌നാട് തൗഹീദ് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതാക്കളെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഡ്രോണുകള്‍ക്കുള്ള നിരോധനം ഇനിയൊരു നോട്ടീസ് വരുന്നത് വരെ തുടരുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. സൈന്യത്തിന്റെ സഹായത്തോടെ നടക്കുന്ന തിരച്ചില്‍ തുടരുകയാണ്. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 359 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 75 പേരാണ് ഇതിനകം അറസ്റ്റിലായത്.

പൊട്ടിത്തെറിച്ച ഒമ്പത് ചാവേറുകളും നാഷനല്‍ തൗഹീദ് ജമാഅത്തിലെ അംഗങ്ങളാണ്. എന്നാല്‍ തങ്ങള്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്നാണ് എന്‍ ടി ജെ അവകാശപ്പെടുന്നത്. പ്രവര്‍ത്തകരെയും നിരപരാധികളെയും സൈന്യം വേട്ടയാടുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസില്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിട്ടുണ്ട്. വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----