അവര്‍ക്ക് വേണ്ടത് 1999; കാത്തിരിക്കുന്നത് 2004

1999 മെയില്‍ കാര്‍ഗില്‍ പ്രതിസന്ധി നടക്കുമ്പോള്‍ വാജ്പയി ആയിരുന്നു പ്രധാനമന്ത്രി. പിന്നീട് അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാജ്പയിക്ക് അധികാരമുറപ്പിക്കാന്‍ "കാര്‍ഗില്‍ വിജയം' എളുപ്പമായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കടുത്ത സുരക്ഷാ വീഴ്ചകളെ തുടര്‍ന്ന് സംഭവിച്ച പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് വ്യോമസേന നടത്തിയ ബാലാകോട്ട് മിന്നലാക്രമണവുമെല്ലാം ബി ജെ പി കൃത്യമായി ഉപയോഗിക്കുന്നത് 1999 സ്വപ്‌നം കണ്ടുകൊണ്ടാണ്. കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് 2004 ആവര്‍ത്തിക്കണമെന്നാണ്. അന്നത്തെ തിരഞ്ഞെടുപ്പില്‍ "ഇന്ത്യ തിളങ്ങുന്നു' എന്ന മോഹനമായ അജന്‍ഡയായിരുന്നു ബി ജെ പി ഉയര്‍ത്തിയത്. എന്നിട്ടും അടല്‍ ബിഹാരി വാജ്പയി തുടരണമെന്ന് രാജ്യം ആഗ്രഹിച്ചില്ല. ഇത്തവണയാകട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുണ്ടായ വികസനമെന്ന നിലക്ക് ആത്മവിശ്വാസത്തോടെ ബി ജെ പിക്ക് ഒരു തിരഞ്ഞെടുപ്പ് അജന്‍ഡ ഉയര്‍ത്തി ക്കൊണ്ട് വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തിപ്പോഴും മോദി തരംഗമുണ്ടെന്ന പ്രചാരണങ്ങള്‍ പൊള്ളയാണെന്ന് മനസ്സിലാക്കാന്‍ വളരെ ലളിതമായി ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യമെന്താണെന്ന് കണ്ണോടിച്ചാല്‍ മതി.
Posted on: April 25, 2019 10:54 am | Last updated: April 25, 2019 at 10:54 am

വികസനം, അഴിമതിവിരുദ്ധം എന്നിങ്ങനെയുള്ള 2014ലെ അജന്‍ഡകളൊക്കെ ഒതുക്കി രാജ്യ സുരക്ഷയാണ് ബി ജെ പിയുടെ ഈ തിരഞ്ഞെടുപ്പിലെ പ്രചാരണായുധം. പുല്‍വാമ ഭീകരാക്രമണം മുതല്‍ ബാലാകോട്ട് വ്യോമാക്രമണമടക്കം സംഘ്പരിവാറും അനുകൂല മാധ്യമങ്ങളും സൃഷ്ടിച്ചെടുത്ത രാജ്യം അപകടത്തിലാണെന്ന വായ്ത്താരികള്‍ക്കൊപ്പിച്ച് ശക്തനായ, അക്രമണോത്സുകനായ ഒരു അവതാരത്തെ നിലനിര്‍ത്തണമെന്നാണ് ബി ജെ പി പ്രചരിപ്പിക്കുന്നത്. 1999ലെ തിരഞ്ഞെടുപ്പാണ് മോദി ആഗ്രഹിക്കുന്നത്. എന്നാല്‍ 2004ലെ സാഹചര്യമാണ് രാജ്യത്തിപ്പോള്‍ ഉള്ളത്. 1999 മെയില്‍ കാര്‍ഗില്‍ പ്രതിസന്ധി നടക്കുമ്പോള്‍ അടല്‍ ബിഹാരി വാജ്പയി ആയിരുന്നു പ്രധാനമന്ത്രി. പിന്നീട് അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാജ്പയിക്ക് അധികാരമുറപ്പിക്കാന്‍ “കാര്‍ഗില്‍ വിജയം’ എളുപ്പമായി. വാജ്പയി പ്രധാനമന്ത്രിയായിരിക്കെ നടന്ന കാര്‍ഗില്‍ പ്രതിസന്ധി അദ്ദേഹത്തിന് നല്‍കിയ “സംരക്ഷക’ പ്രതിച്ഛായയാണ് മോദി ഇപ്പോള്‍, ഈ തിരഞ്ഞെടുപ്പ് വേളയില്‍ ആഗ്രഹിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കടുത്ത സുരക്ഷാ വീഴ്ചകളെ തുടര്‍ന്ന് സംഭവിച്ച പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് വ്യോമസേന നടത്തിയ ബാലാകോട്ട് മിന്നലാക്രമണവുമെല്ലാം ബി ജെ പി കൃത്യമായി ഉപയോഗിക്കുന്നത് 1999 സ്വപ്‌നം കണ്ടുകൊണ്ടാണ്. രാജ്യത്തിന്റെ സൈനിക- പ്രതിരോധ മേഖലകള്‍ക്ക് വലിയ പ്രതിസന്ധികളുണ്ടാക്കും വിധം സൈനിക നീക്കങ്ങളും രഹസ്യങ്ങളും പരസ്യപ്പെടുത്തി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ആഘോഷിക്കുകയാണ് ബി ജെ പി. മാധ്യമങ്ങള്‍ക്കും ഇഷ്ടം രാജ്യസുരക്ഷ തിരഞ്ഞെടുപ്പ് അജന്‍ഡയാകുക എന്നതാണ്. അത് വ്യക്തമാകും വിധമാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ പ്രകാശന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ പലവുരു പലരായി രാജ്യത്തിന്റെ സുരക്ഷ തിരഞ്ഞെടുപ്പ് അജന്‍ഡയല്ലേ എന്ന് രാഹുല്‍ ഗാന്ധിയോട് ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍, വര്‍ഗീയതയാലും അക്രമണോത്സുക ദേശീയതയാലും രാജ്യം ഏറെ ധ്രുവീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബി ജെ പിയുടെ അജന്‍ഡക്ക് നേരെ കോണ്‍ഗ്രസ് ചെവികൊടുത്തില്ല. പകരം, തൊഴിലില്ലായ്മയും അഴിമതിയും മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും വരുമാനമുറപ്പ് പദ്ധതിയും കോണ്‍ഗ്രസിന്റെ അജന്‍ഡകളായി. രാജ്യമിപ്പോള്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് അജന്‍ഡകള്‍ ഇതാണെന്നും ബി ജെ പി ഉയര്‍ത്തുന്നതല്ലെന്നും പ്രകടന പത്രിക അവതരിപ്പിച്ചു കൊണ്ട് സംസാരിക്കവെ കോണ്‍ഗ്രസ് പ്രസിഡന്റ് ഊന്നിപ്പറയുകയും ചെയ്യുന്നു.

രാജ്യത്ത് 70 ശതമാനം ആളുകളെ ബാധിക്കുന്ന വിഷയമാണ് കാര്‍ഷിക രംഗം. ഇവിടെ തങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തിയ ഈ സര്‍ക്കാറിനെതിരില്‍ ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ശക്തമായ വിധിയെഴുത്തുണ്ടാകും. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണിപ്പോള്‍. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നല്ലൊരു ശതമാനം യുവ വോട്ടര്‍മാരെയും ആദ്യം ബാധിക്കുന്നത് അവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും. 2014ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സംഭവിക്കുന്ന മറ്റൊരു കാര്യം, പുതിയ വോട്ടുകാര്‍ക്ക് മോദി എന്തുകൊണ്ടും നല്ല ഒരു സാധ്യതയേ അല്ല എന്നതാണ്.

കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് 2004 ആവര്‍ത്തിക്കണമെന്നാണ്. അന്നത്തെ തിരഞ്ഞെടുപ്പില്‍ “ഇന്ത്യ തിളങ്ങുന്നു’ എന്ന മോഹനമായ അജന്‍ഡയായിരുന്നു ബി ജെ പി ഉയര്‍ത്തിയത്. എന്നിട്ടും അടല്‍ ബിഹാരി വാജ്പയി തുടരണമെന്ന് രാജ്യം ആഗ്രഹിച്ചില്ല. ഇത്തവണയാകട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുണ്ടായ വികസനമെന്ന നിലക്ക് ആത്മവിശ്വാസത്തോടെ ബി ജെ പിക്ക് ഒരു തിരഞ്ഞെടുപ്പ് അജന്‍ഡ ഉയര്‍ത്തി ക്കൊണ്ട് വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നോട്ടു നിരോധനവും ജി എസ് ടിയും മോദി സര്‍ക്കാറിനെതിരായ വിധിയെഴുത്തിന് മതിയായ കാരണമാണെന്ന് കണ്ട്, കര്‍ഷക വിഷയങ്ങളും തൊഴിലില്ലായ്മയും ഉയര്‍ത്തിക്കൊണ്ടു വരാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

2004ല്‍ ബി ജെ പി സര്‍ക്കാറിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ സഖ്യം ശക്തമായിരുന്നതു പോലെ, ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ സഖ്യസാധ്യതകള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് ശ്രദ്ധേയമാണ്. എങ്കിലും, പാര്‍ട്ടിയുടെ അസ്തിത്വം പണയപ്പെടുത്താന്‍ മടി കാണിച്ചതിനാല്‍ യു പിയിലും, കോണ്‍ഗ്രസ് ചെലവില്‍ ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിക്ക് വെളിയില്‍ വളര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരില്‍ ഡല്‍ഹിയിലും സഖ്യങ്ങളില്ലാതെ പോയി. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിലെ വാര്‍ധാ ആശ്രമത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രധാനമന്ത്രിപദം വരെ ത്യജിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്ന് തീരുമാനമെടുത്തു. മോദി അല്ലാത്ത ഒരു ഭരണം അനിവാര്യമാണെന്നും എന്ത് വില കൊടുത്തും അത് സാക്ഷാത്കരിക്കുമെന്നുമുള്ളതിന്റെ സൂചനയാണ് ഇത്.
രാജ്യത്തിപ്പോഴും മോദി തരംഗമുണ്ടെന്ന പ്രചാരണങ്ങള്‍ പൊള്ളയാണെന്ന് മനസ്സിലാക്കാന്‍ വളരെ ലളിതമായി ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യമെന്താണെന്ന് കണ്ണോടിച്ചാല്‍ മതി. 2014ലും തുടര്‍ന്നങ്ങോട്ട് നടന്ന ഒരുപിടി സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കണ്ട പ്രസരിപ്പും ആവേശവുമൊന്നും നരേന്ദ്ര മോദിക്കോ ബി ജെ പി നേതാക്കള്‍ക്കോ ഇപ്പോള്‍ കാണാനില്ല. പാര്‍ട്ടിയില്‍ അമിത് ഷാ- നരേന്ദ്ര മോദി അച്ചുതണ്ട് അപ്രമാദിത്വം പുലര്‍ത്തുന്നതുകൊണ്ട് മാത്രമാണ് പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറികള്‍ ഇല്ലാതിരുന്നത്. എന്നിട്ടും, സുതാര്യമായി ഒരു തിരഞ്ഞെടുപ്പ് നടക്കുമെങ്കില്‍ ബി ജെ പി അധികാരത്തില്‍ നിന്ന് പുറംതള്ളപ്പെടുമെന്ന് നിലവിലെ പല ബി ജെ പി എം പിമാരും ശത്രുഘ്‌നന്‍ സിന്‍ഹ, ജസ്വന്ത് സിന്‍ഹ തുടങ്ങിയ ബി ജെ പിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളും പറഞ്ഞു കഴിഞ്ഞു.

രാജ്യത്തെല്ലായിടത്തും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഏറ്റുമുട്ടുന്നത് നേരിട്ടല്ലെങ്കിലും ഇവര്‍ മുന്നോട്ടു വെക്കുന്ന അജന്‍ഡകള്‍ക്കൊപ്പിച്ചുള്ള സംവാദങ്ങളോ സഖ്യങ്ങളോ തന്നെയാണ് രംഗത്തുള്ളത്. ചിലയിടങ്ങളിലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി വിരുദ്ധ സഖ്യത്തിനുള്ള സാധ്യതകള്‍ ഉണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടികള്‍ക്കാണ് മുന്‍തൂക്കവും അവരാണ് രാഷ്ട്രീയ ഗതിവിഗതികളുടെ നിയന്താക്കളും. ഇതില്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പിക്കും ആന്ധ്രയില്‍ താരതമ്യേനെ കുറവെങ്കിലും കോണ്‍ഗ്രസിനും സ്വാധീനമുണ്ട്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയുമാണ് ഏറ്റുമുട്ടുന്നത്. ഡല്‍ഹി, ഝാര്‍ഖണ്ഡ് ഇടങ്ങളും അപവാദമാണ് എന്ന് ചേര്‍ത്തി വായിക്കണം.

നേരത്തെ പറഞ്ഞ സംസ്ഥാന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ള ബി ജെ പി വിരുദ്ധ വികാരം മോദി ഇതര സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുന്നതിനുള്ള ഏറ്റവും വലിയ സാധ്യതയാണ് ഉയര്‍ത്തുന്നത്. ഈ സാധ്യത പരിശോധിക്കുമ്പോള്‍, മൂന്നാമതൊരു മുന്നണി വരുന്നതിനേക്കാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലേക്കാണ് സാധ്യത കാണിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡി എം കെ – കോണ്‍ഗ്രസ് സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒഡീഷയില്‍ ബിജു ജനതാദളും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടി ആര്‍ എസും ഒറ്റക്ക് നേട്ടമുണ്ടാക്കും. ഇതില്‍ ഒഡീഷയില്‍ ഇക്കുറി ബി ജെ പിക്ക് മുന്നേറ്റമുണ്ടാകാനുള്ള നേരിയ സാധ്യതകളുമുണ്ടത്രെ. ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് ടി ഡി പി- കോണ്‍ഗ്രസ് സഖ്യത്തെ നിലംപരിശാക്കുമെങ്കിലും കോണ്‍ഗ്രസിനോട് ഉണ്ടായിരുന്ന ഒരു പതിറ്റാണ്ടിനടുത്ത് നീണ്ട ശത്രുത അവസാനിപ്പിക്കുന്നതായി വൈ എസ് ആര്‍ നേതാവ് ജഗ് മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഗുണം ചെയ്യും.

സത്യത്തില്‍ യു പിയിലെ ബി എസ് പി- എസ് പി സഖ്യമാണ് മോദിക്കും കൂട്ടര്‍ക്കും ഏറ്റവും വലിയ പ്രഹരം നല്‍കാന്‍ പോകുന്നത്. കാരണം, കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റില്‍ എഴുപത്തിയൊന്നും ജയിച്ച ബി ജെ പിയെ ഇത്തവണ പതിനഞ്ചില്‍ താഴെ മാത്രം സീറ്റിലേക്ക് ഒതുക്കാനുള്ള ശക്തി ഇവര്‍ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാകില്ലെങ്കിലും 2009ലെ സ്ഥിതി ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനും ഇരുപതിനടുത്ത് സീറ്റുകളാകും. പ്രിയങ്കയുടെ സാന്നിധ്യം ബി ജെ പിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, പ്രിയങ്കയുടെ വരവോടെ ഒരു ത്രികോണ മത്സരം സംജാതമായത് ഉപകരിക്കാന്‍ പോകുന്നത് ബി ജെ പിക്കാണെന്ന നിരീക്ഷണങ്ങളുമുണ്ട്.

ഇതുവരെ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ ഒടുവിലത്തെ ഘട്ടത്തില്‍ മാത്രമാണ് ബി ജെ പി കേന്ദ്രങ്ങളില്‍ വലിയ ആശങ്കകള്‍ കാണാതിരുന്നത്. അത് ബി ജെ പി ഭരിക്കുന്ന ഗുജറാത്ത്, ത്രിപുര, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ ആയതിനാലാണ്. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പിക്ക് ഏകപക്ഷീയമായ നേട്ടമുണ്ടാകില്ല എന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. മഹാരാഷ്ട്ര, കര്‍ണാടക, ബീഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്ന സംസ്ഥാനങ്ങളാണ്. കര്‍ണാടകയില്‍ ജനതാദളിനോടും മഹാരാഷ്ട്രയില്‍ എന്‍ സി പിയോടും ബീഹാറില്‍ ആര്‍ ജെ ഡിയോടുമുള്ള സഖ്യങ്ങള്‍ നിര്‍ണായകവും ആധികാരികവുമാകും.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യമില്ലാതായതോടെ ബി ജെ പി ഡല്‍ഹി മുഴുവന്‍ നിലനിര്‍ത്തിയേക്കും. രാജ്യത്ത് മറ്റെവിടെയും ബി ജെ പിക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകില്ലെന്നറിഞ്ഞിട്ടും മാധ്യമങ്ങളും സര്‍വേ ഏജന്‍സികളും മോദി തുടരുമെന്ന് പ്രവചിക്കുന്നത് ബി ജെ പിക്ക് വേണ്ടി പരസ്യം ചെയ്യുന്നു എന്നതില്‍ പരം ഒന്നുമില്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പക്ഷെ, ഇനിയും മോദി തന്നെ വരുമോ എന്ന് ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല എന്ന് പറയുകയാണ് ലക്ഷ്യം.

എന്‍ എസ് അബ്ദുല്‍ഹമീദ്‌