എയര്‍ ഇന്ത്യ യന്ത്രത്തകരാറുള്ള വിമാനത്തില്‍ കയറ്റിവിട്ടെന്ന ആരോപണവുമായി അബൂദബി യാത്രക്കാര്‍

Posted on: April 24, 2019 9:33 pm | Last updated: April 25, 2019 at 10:08 am

തിരുവനന്തപുരം: കണ്ണൂരില്‍നിന്നും അബൂദബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരത്തിറക്കി. അതേ സമയം യന്ത്രത്തകരാറുള്ള വിമാനത്തില്‍ ബോധപൂര്‍വം എയര്‍ ഇന്ത്യ തങ്ങളെ കയറ്റി വിടുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. കണ്ണൂരില്‍നിന്നും രാവിലെ ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന വിമാനം യന്ത്രത്തകരാര്‍മൂലം വൈകിയപ്പോള്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് അബൂദബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം ഷാര്‍ജയിലേക്ക് പറത്തി . പിന്നീട് യന്ത്രത്തകരാറുള്ള വിമാനത്തില്‍ അബൂദബിയിലേക്കെന്ന് പറഞ്ഞ് തങ്ങളെ കയറ്റി തിരുവനന്തപുരത്തെത്തിച്ച് അറ്റകുറ്റപ്പണി നടത്തിയെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെത്തിച്ച് അവിടെനിന്ന് മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലേക്ക് കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചെങ്കിലും യാത്രക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് അബൂദബിയിലേക്കുള്ള വിമാനത്തില്‍ ഇവരെ ഷാര്‍ജയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് തകരാറുള്ള വിമാനത്തില്‍ അബൂദബിയിലേക്കുള്ള യാത്രക്കാരെ കയറ്റി . വിമാനം പറന്നുയര്‍ന്ന് ഇരുപത് മിനുട്ട് കഴിഞ്ഞപ്പോള്‍ വിമാനത്തിന് തകരാറുണ്ടെന്നും തിരുവനന്തപുരത്ത് ഇറക്കുകയാണെന്നും അറിയിപ്പ് വന്നു. അപ്പോള്‍ മാത്രമാണ് നേരത്തെ ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന യന്ത്രത്തകരാറുള്ള വിമാനമാണിതെന്ന് യാത്രക്കാര്‍ക്ക് മനസിലായത്.