Connect with us

Book Review

കവി പറയുന്ന കഥകൾ

Published

|

Last Updated

റാമല്ല ഞാൻ കണ്ടു • മുരീദ് ബർഗൂതി, പരിഭാഷ: അനിത തന്പി

ഗൃഹാതുര അനുഭവങ്ങളും ഓർമകളും ഇടമുറിയാതെ പ്രവാസിയെ വേട്ടയാടും. മാതൃമണ്ണിലേക്ക് മടങ്ങാൻ മനസ്സ് കൊതിച്ചു കൊണ്ടേയിരിക്കും. ആ ജീവിതകഥയിൽ കണ്ണീരിന്റെ നനവുമുണ്ടാകും. കാത്തിരിപ്പിനൊടുവിൽ ആ മണ്ണൊന്ന് കണ്ടാൽ അറിയിക്കാനാകാത്ത അനുഭൂതിയാകും. ഇസ്‌റാഈലിന്റെ വേട്ടക്കിരയായ മുരീദ് ബർഗൂതി ഉൾപ്പെടുന്ന ഫലസ്തീനി പ്രവാസികളുടെ കഥയിങ്ങനെയൊക്കെയാണ്; കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതകഥ.

തിളപ്പിന്റെ യൗവനമുൾപ്പെടെ നീണ്ട 30 വർഷമാണ് ബർഗൂതിക്ക് സ്വന്തം നാട്ടിൽ കാലുകുത്താൻ കഴിയാതിരുന്നത്. 1960 ന്റെ മധ്യത്തിലാണ് ഉപരി പഠനത്തിനായി ബർഗൂതി റാമല്ലയിലെ ദീർഗസ്സാനയിൽ നിന്ന് ഈജിപ്തിലെ കൈറോയിലേക്ക് പോകുന്നത്. യൂനിവേഴ്‌സിറ്റിയിലെ അവസാന വർഷം നാട്ടിൽ വന്നിരുന്നു; ഇനി ദീർഘനാളത്തേക്ക് നാട് കാണാനാകില്ലെന്ന് നിനച്ചിരുന്നില്ലയാളപ്പോൾ. 1967ൽ ബിരുദമെടുത്തെങ്കിലും ആ സമയത്തെ ആറുദിന യുദ്ധം കാരണം റാമല്ലയിലേക്ക് മടങ്ങാനായില്ല. യുദ്ധത്തിൽ ഗസ്സാനയും വെസ്റ്റ് ബാങ്കും ഇസ്‌റാഈൽ പിടിച്ചെടുത്തു. പുറംനാടുകളിൽ കഴിയുന്ന അന്നാട്ടുകാരെ മടങ്ങാൻ അനുവദിച്ചതുമില്ല.

അങ്ങനെ 1970 വരെ കുവൈത്തിൽ ഇൻഡസ്ട്രിയൽ കോളജ് അധ്യാപകനായി തുടർന്നു. 70ൽ കൈറോയിലേക്ക്. ആ വർഷമാണ് ഈജിപ്ഷ്യൻ കവിയിത്രിയും യൂനിവേഴ്‌സിറ്റി പഠനകാലത്ത് സഹപാഠിയുമായിരുന്ന റദ്‌വ ആശൂറിനെ വിവാഹം ചെയ്യുന്നത്. 1977ൽ മകൻ തമീം അൽ ബർഗൂതിയുടെ പിറവി. കുഞ്ഞിന് വെറും അഞ്ച് മാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തെ കൈറോയിൽ നിന്ന് നാടുകടത്തി. പിന്നീട് ബുഡാപെസ്റ്റിൽ താമസമാക്കി. അവിടെ “ദ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ” (പി എൽ ഒ) പ്രതിനിധിയായി പ്രവർത്തനം. 1990 മുതൽ 96 വരെ ജോർദാനിലായിരുന്നു. 95ൽ ഒരിക്കൽ കൂടി കൈറോയിലേക്ക്. മകനെയും പ്രിയ പത്‌നിയെയും ഒരുമിച്ച് കാണാൻ 17 വർഷമാണ് ബർഗൂതിക്ക് കാത്തിരിക്കേണ്ടി വന്നത്. 1996ൽ നാളേറെയായി കാണാൻ കൊതിച്ച ജന്മനാട്ടിലേക്ക് മടക്കം.

മടങ്ങി വന്ന് പിറന്ന മണ്ണിനെ ആവോളം അനുഭവിച്ചറിയുകയാണ് കവി. ഓർമകളും അനുഭവങ്ങളും വികാര വിചാരപ്പെടലുകളും നിറഞ്ഞ ഈ ചെറിയ വലിയ ജീവിതത്തിന്റെ പുസ്തകാവിഷ്‌കാരമാണ് “റാമല്ല ഞാൻ കണ്ടു” എന്ന ആത്മകഥ. ഒട്ടനവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി ബർഗൂതിയുടെ മാത്രം കഥയല്ല, പിറന്ന മണ്ണിനെ പുണരാനാകാതെ പോയ ഒരായിരം ഫലസ്തീനികളുടെത് കൂടിയാണ്. ഒമ്പത് അധ്യായങ്ങളിലായി കെട്ടിപ്പടുത്ത പുസ്തകം ആരംഭിക്കുന്നത് മടക്കത്തിന്റെ പാലത്തിൽ നിന്നാണ്. ജോർദാനിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്കുള്ള വരണ്ട നദിക്കു മീതെയുള്ള പാലം. നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വദേശത്തേക്ക് മടങ്ങുന്ന കവിക്ക് വീണ്ടും കാത്തിരിപ്പ് തന്നെ. ഓഫീസുകൾ, രേഖകൾ, ബാഗ്, ഇലക്ട്രോണിക് ഗേറ്റ്, സൈനികർ, പോലീസുകാർ, ചെറുയാത്രകൾ… കടമ്പകളേറെയാണ് റാമല്ല മണ്ണിലൊന്ന് കാലുകുത്താൻ. അതിനിടയിലും കവിമനസ്സ് പായുന്നത് പലയിടങ്ങളിലേക്കാണ്. ഉപ്പ, സഹോദരൻ മുനീഫ്, കവി ഗസ്സാൻ കനഫാനി, ചിത്രകാരനും സുഹൃത്തുമായ നാജി അൽ അലി. മരണം വരിച്ചിട്ടും ഇവരൊക്കെ മനസ്സിന്റെ താഴ്‌വാരത്തേക്ക് വരുന്നു. തന്നെ അവസാനമായി യാത്രയയക്കാൻ പാലം വരെ ഉമ്മ വന്നത്, യുദ്ധം പല വഴിക്കാക്കിയ കുടുംബവുമായി കാരവൻ ഹോട്ടലിൽ ഒത്തുകൂടിയത്, ഉപ്പയുടെയും സഹോദരങ്ങളുടെയും സ്വഭാവ പ്രകൃതങ്ങൾ എല്ലാം വികാരഭരിതനായി ഓർത്തെടുക്കുന്നു അദ്ദേഹം. സെറ്റിൽമെന്റുകൾ നിറഞ്ഞ പുതു ഫലസ്തീനും താൻ വളർന്ന ഫലസ്തീനും താരതമ്യം ചെയ്യുന്നുണ്ട് അദ്ദേഹം. പരദേശിയാകുന്നതിനെ പറ്റി ഒരു പിടി ചിന്തകൾ വരികൾക്കിടയിൽ വിരിയുന്നു: “നാടു മാറ്റപ്പെടുന്നത് മരണം പോലെയാണ്. മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് നമുക്ക് തോന്നും. 67ലെ വേനൽക്കാലം മുതൽക്ക് ഞാൻ അങ്ങനെയൊരു നാടുമാറ്റപ്പെട്ട പരദേശിയായിത്തീർന്നു. മറ്റാരോ എന്ന് ഞാൻ എന്നും വിചാരിച്ചിരുന്ന അതേ ആൾ.” ബർഗൂതിയെ സ്വീകരിച്ചിരുത്താൻ സ്വന്തക്കാരനായ അബൂ ഹാസിമുണ്ട്. അദ്ദേഹത്തിനൊപ്പമാണ് കഥ തുടരുന്നത്.

റാമല്ലയിൽ എത്തിയതിന്റെ പിറ്റേ പുലരിയിൽ തന്നെ നാടു കാണാനിറങ്ങുകയാണ് കവി. ഓരോ കാഴ്ചയിലും ഓർമച്ചിത്രങ്ങളോരോന്ന് മനസ്സിൽ തെളിയുന്നു. നാട്ടിൽ മടങ്ങിയെത്താൻ ശ്രമിച്ച സഹോദരൻ മുനീഫിനെ ഉമ്മ അവസാനമായി യാത്രയയക്കുന്ന രംഗം വായിക്കുന്നയാളുടെ കരളലിയിക്കും. സെക്കൻഡറി സ്‌കൂൾ കാലത്ത് സാഹിത്യ രചനാ മത്സരത്തിൽ സമ്മാനമായി കിട്ടിയ പെട്ടി മനസ്സിൽ കൗതുകം നിറക്കുന്നുണ്ട്. കുഞ്ഞുന്നാളിലേ രക്തസാക്ഷിയായ റജായെയും “നിക്കർ കാലത്തെ” ഇസ്‌റാഈൽ വിരുദ്ധ കുട്ടിപ്പോരാട്ടങ്ങളെയും വരച്ചുകാട്ടി രാഷ്ട്രം, കുടിയേറ്റം, അഭയാർഥി തുടങ്ങി സകലതും ചർച്ചക്ക് വിധേയമാക്കുന്നുണ്ട്. ജനിച്ചു വളർന്ന വീട്ടിലേക്ക് (ദാർ റഅദ്) ഭൂതാതുരതയുടെ അനുഭവ തീവ്രതയോടെയാണ് കടന്നു ചെല്ലുന്നത്. പണ്ടെന്നോ കണ്ട, ആ വീട്ടിലെ ഏക താമസക്കാരി, അമ്മായി ഉമ്മു തലാലിനെ കെട്ടിപ്പുണരുന്നു. അതിനിടെ പണ്ട് മുറ്റത്തുണ്ടായിരുന്ന, കവിക്ക് ഏറെ പ്രിയപ്പെട്ട അത്തിമരം കാണുന്നില്ല, പകരം ഒരു സിമന്റ് കുറ്റി. ഒരു ഞെട്ടലോടെ അദ്ദേഹം ചോദിച്ചു: “അമ്മായി, ആരാണ് അത്തിമരം മുറിച്ചു കളഞ്ഞത്?” ഉപ്പയും ഉമ്മയും അമ്മാവന്മാരും അമ്മായിമാരും പിന്നെ കുട്ടികളുമുൾപ്പെട്ട അന്നത്തെ അഞ്ച് കുടുംബങ്ങളിൽ ബാക്കിയുള്ളത് താൻ മാത്രമാണെന്നും അത്തിപ്പഴം കഴിക്കാനാരുമില്ലാത്തത് കൊണ്ടാണെന്നുമുള്ള അമ്മായിയുടെ സങ്കടം മറുപടിയായി കിട്ടി.

യുദ്ധാനന്തരം കൂപ്പുകുത്തിയ സാമ്പത്തിക നിലയും ജനജീവിതവും മെച്ചപ്പെടുത്താൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ഫലസ്തീനികളെ വരികൾക്കിടയിൽ കണ്ടെത്താനാകും. ഒലിവെന്നാൽ ജീവനാണ് അന്നാട്ടുകാർക്ക്. ഒലിവുണ്ടായാലേ വീട് വീടാകൂ എന്ന മട്ട്. കൈറോയിൽ വില കൊടുത്ത് ഒലിവ് വാങ്ങിയപ്പോൾ താൻ വല്ലാതെ ചെറുതായ പോലെ അനുഭവപ്പെട്ടത്രേ. ഫലസ്തീൻ സംസ്‌കൃതിയെ കൃത്യമായി വരച്ചിടുന്നതിലൂടെ കവി ഒരു സംസ്‌കാര നിരീക്ഷകനായി മാറുന്നു. ഇസ്‌റാഈലി പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച പിഞ്ചു ബാലൻ അദ്‌ലിയുടെ കഥ, ഒരിറ്റെങ്കിലും കണ്ണീർ പൊഴിച്ചേ വായിക്കാനൊക്കൂ. തന്നെപ്പോലെ, അമേരിക്കയിൽ നിന്ന് വന്ന അനീസും അമ്മാനിൽ നിന്ന് വന്ന ഹുസാമും നാടുകറക്കത്തിനിടെ കവിയുടെ ഒപ്പം കൂടുന്നുണ്ട്. ബസിന്റെ ചവിട്ടുപടിയിൽ നിന്ന് കാഴ്ചകളാസ്വദിക്കുന്ന കണ്ടക്ടറാകാൻ സ്വപ്‌നം കണ്ട ആ കൊച്ചു ബാലൻ ഇപ്പോഴും എഴുത്തുകാരന്റെ ഉള്ളിൽ ഉണർന്നിരിക്കുന്നുണ്ട്. തന്റെ പഴയ വിദ്യാലയത്തിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ, ഒരു കാലത്ത് അവിടെ ഉണ്ടായിരുന്നവരെല്ലാം, അധ്യാപകർ, രക്ഷിതാക്കൾ, പ്യൂൺ, ഹെഡ് മാസ്റ്റർ, പിന്നെ നൂറോളം വരുന്ന കുട്ടികളും, ഒരു “ബർഗൂതി” കുടുംബത്തിൽ നിന്നുള്ളവരായിരുന്നു എന്ന് പറഞ്ഞുവെക്കുന്ന എഴുത്തുകാരൻ വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു.

നടന്നുനടന്ന് ദീർ ഗസ്സാന നാട്ടുകവലയിലെത്തി. അധിനിവേശത്തിന്റെ പ്രത്യാഘാതമെന്നോണം അവിടെ ആൾപ്പാർപ്പ് കുറവാണ്. സൊറ പറഞ്ഞിരിക്കാനും പ്രത്യേക പരിപാടികൾക്കുമായി രാത്രികളിൽ പുരുഷന്മാർ ഒത്തുകൂടുന്നയിടമായ മദാഫയിൽ, തനിക്ക് വേണ്ടപ്പെട്ട പലരും പുനർജനിക്കുന്നതായി പകൽക്കിനാവ് കാണുന്നു. ഗ്രാമത്തെ പിടികൂടിയ അധിനിവേശത്തെ പറ്റിയുള്ള വീക്ഷണം ശ്രദ്ധേയമാണ്: “അധിനിവേശം നമ്മെ പഴയതിനൊപ്പം തങ്ങാൻ നിർബന്ധിതരാക്കി. അതാണ് അതിന്റെ കുറ്റകൃത്യം.” തോക്കിനെ കൂട്ടുകാരനാക്കിയ അമ്മാവൻ അബൂ ഫഖ്‌രിയുടെ ഖബറിടത്തിൽ പോയി അവരുടെ വീരഗാഥകളോരോന്ന് ഉരുവിടുന്നു ഈ കഥാപറച്ചിലുകാരൻ. ഉമ്മു നസ്മിയുടെ ശ്മശാന തുല്യമായിത്തീർന്ന ബദാം തോട്ടത്തിൽ ചെല്ലുന്നു. അവിടെ കുസൃതിക്കാലത്ത് കാട്ടിക്കൂട്ടിയത് വിവരിക്കുന്ന കവിതയിൽ (കൊതികളുടെ കവിത) ഗൃഹാതുരതയുടെ നീറ്റലും വിങ്ങലുമുണ്ട്. നടത്തം നിർത്തി സുഹൃത്ത് അനീസിന്റെ വീട്ടിൽ ചെറുതായൊന്ന് ഉച്ച മയങ്ങി. എഴുന്നേറ്റപ്പോഴേക്ക് നാട്ടുമുറ്റം ഒരുങ്ങി. താനൊരു കവിത ആലപിക്കണമത്രെ. സദസ്സിലെ ഓരോരുത്തർക്കും കൈ കൊടുത്ത് വേദിയിൽ കയറി. തന്റെ “ബാബുൽ ആമൂദും” ചില ചെറു കവിതകളും ആലപിച്ചു. ജനം ചിരിക്കുകയും കരയുകയും ചെയ്തു. പലരും പലതും ചോദിച്ചു, പറഞ്ഞു… അപ്പോഴും അവിടത്തെ ചുമരുകളിൽ നിറയെ പോരാട്ടവീര്യമുള്ള ഇൻതിഫാദയുടെ മുദ്രാവാക്യങ്ങളായിരുന്നു. നേരമിരുളും മുമ്പേ വീട്ടിലെത്തണം, അബൂ ഹാസിം കവിയോടുണർത്തി.
ഉമ്മയെ പറ്റി പറയാൻ നൂറു നാവാണ് കവിക്ക്. ഉമ്മൂമ്മ പാടുപെട്ട് വളർത്തിയ ഉമ്മ. മനസ്സ് നിറയെ പഠനത്തോട് ത്വരയുള്ള ഉമ്മ. നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ഉമ്മ. തനിക്ക് കിട്ടാതെ പോയത് മകൾ നേടുമെന്ന് ശുഭാപ്തി വിശ്വാസമുള്ള ഉമ്മ. അമിത ജാഗ്രത കാരണം സൈക്കിളോടിക്കാൻ പോലുമറിയാതെ പോയ മക്കളുടെ ഉമ്മ. മക്കളെ നാട്ടിലെത്തിക്കാൻ പെർമിറ്റുകൾക്ക് വേണ്ടി പൊരിവെയിൽ കൊള്ളുന്ന പൊന്നുമ്മ. വാർധക്യത്തിലും വിദ്യ തേടിയിറങ്ങി ജ്ഞാന കുതുകിയായ ആ ഉമ്മ. ഉമ്മയോർമകളോരോന്നും വായനക്കാരെ തങ്ങളുടെ പല പല ഉമ്മയനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇൻതിഫാദ കാലത്തെ സ്ത്രീ പ്രതിഭാസത്തെ പറ്റി പറയുന്നുമുണ്ട്: “ഇൻതിഫാദയുടെ കാലത്തുടനീളം, ഇസ്‌റാഈലി പട്ടാളക്കാർ ഏതെങ്കിലും ഒരു ചെറുപ്പക്കാരനെ പിടികൂടുന്നത് കണ്ടാൽ സ്ത്രീകൾ എല്ലാവരും കൂടി ഉച്ചത്തിൽ നിലവിളിച്ച് അയാളെ ആക്രമിക്കും.” സ്ത്രീ ഇടപെടലുകൾക്ക് നേരെ കണ്ണടക്കുന്നില്ല കവി.

ഇന്നേവരെ കാലുകുത്താത്ത റാമല്ലയുടെ നാടോടിക്കഥകളോരോന്നുമറിയുന്ന, തീരെ കണ്ടിട്ടില്ലാത്ത ദാർ റഅദിലെ വെട്ടിയ അത്തിമരത്തെ പറ്റി വികാരാധീതനായി സംസാരിക്കുന്ന, മകൻ തമീമിന് ഒരു പെർമിറ്റ് കിട്ടാൻ ഏറെ കൊതിക്കുന്നുണ്ട് ഈ ഉപ്പ. തന്റെ മകനെ പോലെ മാതൃരാജ്യം കാണാനാകാതെ, പ്രവാസത്തിൽ പിറന്ന പുതു തലമുറയെ പറ്റി കവി തന്നെ പറയട്ടെ: “അധിനിവേശം, നിറങ്ങളും ഗന്ധങ്ങളും ഒച്ചകളും ഓർമിക്കാൻ കഴിയുന്ന ഒരു സ്ഥലം സ്വന്തമായില്ലാത്ത തലമുറകളെ സൃഷ്ടിച്ചു…” ഫലസ്തീൻ ഐ ഡി കാർഡും പാസ്‌പോർട്ടും കൈയിലുണ്ടെങ്കിലും ഫലസ്തീനി എന്നുള്ളത് ലോക രാഷ്ട്രങ്ങൾ കടലാസിൽ മാത്രമേ അംഗീകരിക്കൂ, കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്നൊക്കെ വ്യസനിക്കുന്നുമുണ്ട്.

ജറുസലേമിനെ ലോകം എങ്ങനെ കാണുന്നു, അതിനെ പറ്റിയുള്ള ആ സമൂഹത്തിന്റെ കാഴ്ചപ്പാട്, രാഷ്ട്രീയം എന്നിവയെല്ലാം വിവരിക്കുന്ന താളുകളിൽ സൂക്ഷ്മ ദർശിയായ ഒരു മാധ്യമ പ്രവർത്തകന്റെയും നഷ്ടപ്രതാപത്തിന്റെ കഥ പറയുന്ന ഒരെഴുത്തുകാരന്റെയും തൂലിക പതിഞ്ഞു കിടപ്പുണ്ട്. ജറുസലേം മണ്ണിൽ കാലുകുത്താനാകാത്തതിൽ അങ്ങേയറ്റം വ്യസനിക്കുന്നുണ്ടദ്ദേഹം. ജറുസലേം ഭാവിയിൽ ഇസ്‌റാഈലാകും എന്ന കവിയുടെ അനുമാനവും ഈയടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും ചേർത്ത് വായിക്കേണ്ടത് തന്നെ!
കറക്കമൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവിടം നിറയെ അതിഥികളായിരുന്നു. ഉമ്മയും റദ്‌വയും തമീമും ഫോണിൽ ബന്ധപ്പെട്ടിരുന്നുവത്രേ. കാണാൻ വന്ന മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കുറെ സംസാരിച്ചു. ചില എഴുത്തുപ്രിയർക്ക് തന്റെ കവിതകൾ പ്രസിദ്ധീകരിക്കണമെന്നുണ്ട്. ഇസ്‌റാഈൽ കടലാസുതുണ്ടുകൾ നിരോധിച്ച ആ സമയത്തും അത് പ്രസിദ്ധീകരിക്കാനായി. പിറ്റേന്ന് മടങ്ങിപ്പോകുന്ന കവിയുടെ വക മാതൃ മണ്ണിനൊരു സമ്മാനം.

ആ വരവിലെ അവസാന രാത്രി. ഉറങ്ങാൻ കിടന്നു. അവിടം മൂടിയ ഇരുൾ തന്റെ മൂത്ത സഹോദരന്റെ മരണ രാത്രിയെ ഓർമിപ്പിച്ചു. “പാരീസിൽ, നോർത്ത് സ്റ്റേഷനിൽ രാത്രി 11 മണിക്ക് നവംബറിലെ കൊടും തണുപ്പിൽ, പ്ലാറ്റ് ഫോമിന്റെ വക്കിൽ മുനീഫ് വേച്ചു വീണു പോയി…” എന്ന് തുടങ്ങുന്ന വിവരണം വായിച്ചു തീരുമ്പോഴേക്ക് നാം ചുടുകണ്ണീർ പൊഴിക്കുന്നുവെങ്കിൽ അത് എഴുത്തിന്റെ മാസ്മരികതയല്ലാതെ മറ്റെന്താണ്? കവിക്കൊപ്പം നാമുള്ളതായി തോന്നുന്നുവെങ്കിലതിനെ മാജിക് റിയലിസമെന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്? ഏതു കുഞ്ഞു അനുഭവം പറയുകയാണെങ്കിലും അനുഭവമെഴുത്തിന്റെ വിരസത തീരെയില്ലെങ്കിൽ, ഹൊ, അതെന്തൊരു കൃതിയാണ്! ബർഗൂത്തിയുടെ ഈ പുസ്തകത്തോടൊപ്പം വെക്കേണ്ടതാണ് എഡ്വേഡ് സൈദിന്റെ “അവസാന ആകാശത്തിന് ശേഷം (After the Last Sky)”. അഭയാർഥി, പ്രവാസം, അന്യവത്കരണം, മടക്കം, പിടിച്ചു നിൽക്കൽ എന്നീ വാക്കുകളിൽ ചുറ്റിപ്പറ്റിയാണ് അതിന്റെയും വിവരണഗതി. ഉള്ളിൽ നിന്നുള്ള, ഹൃദയത്തോട് സംവദിക്കുന്ന രണ്ട് പുസ്തകങ്ങളും ഒന്നിനൊന്ന് മെച്ചം എന്നേ പറയാനൊക്കൂ.

“റാമല്ല ഞാൻ കണ്ടു” വായിച്ചു തീരുമ്പോൾ എന്തോ ഒരനുഭൂതി മനസ്സിൽ നിറഞ്ഞിരിക്കും. കവി പറഞ്ഞ ഈ (ആത്മ)കഥയിൽ കവിതകളുമുണ്ട്. അവ പുസ്തകത്തിന് മാറ്റ് കൂട്ടുന്നുവെന്ന് പറയാതെ വയ്യ. അറബിയിൽ എഴുതി, ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത്, പിന്നീട് മലയാളത്തിലേക്ക് മാറ്റുമ്പോൾ ആവിഷ്കാര്യ മൂല്യമിടിവ് സംഭവിച്ചേക്കാമെങ്കിലും ലോകം മുഴുവൻ വായിക്കുന്ന ഈ കൃതി മലയാളത്തിന് സമ്മാനിച്ച വിവർത്തക അഭിനന്ദനം അർഹിക്കുന്നു. ഒഴുക്കൻ വായന കിട്ടാൻ മലയാളീകരണം ആകാമായിരുന്നു. എന്തായാലും സമ്പന്നമായ വായനാനുഭവം തന്നെയാകും ഈ പുസ്തകം സമ്മാനിക്കുക. അനിത തമ്പിയാണ് പരിഭാഷപ്പെടുത്തിയത്. പ്രസാധനം: ഒലിവ് പബ്ലിക്കേഷൻസ്. വില: 220 രൂപ.
.

.

nizamkptb@gmail.com

---- facebook comment plugin here -----

Latest