Connect with us

Articles

ഖുബ്ബൂസ് വിപ്ലവത്തിന്റെ നാന്ദിയും ഒടുക്കവും

Published

|

Last Updated

ഖുബ്ബൂസ് വിപ്ലവമെന്നാണ് ചിലര്‍ വിളിക്കുന്നത്. മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയെന്ന് മറ്റു ചിലര്‍. ഇസ്‌ലാമിസ്റ്റ്‌വിരുദ്ധ മുന്നേറ്റമെന്നും വിലയിരുത്തുന്നവരുണ്ട്. അവശ്യവസ്തുക്കളുടെ വിലക്കയറ്റമായിരുന്നു പ്രധാന പ്രശ്‌നമെന്ന നിലയില്‍ സുഡാനില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ ഖുബ്ബൂസ് വിപ്ലവമെന്ന് വിളിക്കാവുന്നതാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കേവല മതരാഷ്ട്ര വാദമുയര്‍ത്തുന്നവര്‍ കേണല്‍ ഉമര്‍ ഹസ്സന്‍ അല്‍ബശീറിന് ഇസ്‌ലാമിസ്റ്റ് പട്ടം നല്‍കിയതിനാല്‍ ഇസ്‌ലാമിസ്റ്റ് വിരുദ്ധ പ്രക്ഷോഭമായും സുഡാനിലെ സമരത്തെ കാണാം. ടുണീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്‌നി മുബാറക്, ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫി, യമനിലെ അലി അബ്ദുല്ല സ്വലാഹ് തുടങ്ങി നെടുനായകത്വം വഹിച്ചവരെ സിംഹാസനങ്ങളില്‍ നിന്ന് താഴെയിറക്കിയ പ്രക്ഷോഭ പരമ്പരയെ മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കാമെങ്കില്‍ സുഡാനില്‍ നടന്നതിനെയും ആ ഗണത്തില്‍ പെടുത്തുകയുമാകാം. 1989 മുതല്‍ അധികാരത്തിലിരിക്കുന്ന ഉമര്‍ അല്‍ബശീര്‍ താഴെ വീണിരിക്കുന്നു എന്നത് തന്നെയാണ് ഈ യുക്തിയുടെ അടിസ്ഥാനം.

നൈല്‍ നദിക്കരയിലെ അത്ബാറയില്‍ ഈ വര്‍ഷം തുടക്കത്തില്‍ നാന്ദി കുറിച്ച ചെറു സമരമാണ് സുഡാനെന്ന വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ ശക്തമായ രാജ്യത്ത് ഭരണമാറ്റത്തിന് വഴിതെളിയിച്ചത്. എലികളാണ് തെരുവിലുള്ളത്; അവ മാളത്തിലേക്ക് തിരിച്ചു പോയ്‌ക്കൊള്ളുമെന്നാണ് പ്രസിഡന്റ് ബശീര്‍ തുടക്കത്തില്‍ അധിക്ഷേപിച്ചത്. നാമമാത്രമായ ബഹുകക്ഷി സംവിധാനമുള്ള സുഡാനിലെ ഈ പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിത നേതൃത്വമില്ല. കാഴ്ചപ്പാടുമില്ല. അധ്യാപകര്‍, അഭിഭാഷകര്‍, പ്രൊഫഷനലുകള്‍, വിദ്യാസമ്പന്നരായ യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ എലൈറ്റ്‌സ് എന്ന് വിളിക്കാവുന്നവരാണ് പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍ അവര്‍ ഉന്നയിച്ച വിഷയം എല്ലാവരെയും തൊടുന്നതായിരുന്നു. ഗോതമ്പിനും മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കുമുള്ള രൂക്ഷമായ വിലക്കയറ്റമാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച, സാമ്പത്തിക മുരടിപ്പ് തുടങ്ങി നിരവധിയായ വിഷയങ്ങള്‍ അവര്‍ ജനങ്ങളിലെത്തിച്ചു. ആശയ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചു. പ്രധാന നഗരങ്ങളെല്ലാം സമരഭരിതമായത് പൊടുന്നനേയായിരുന്നു. ജനപിന്തുണ ഏറിയേറി വന്നു. അടിച്ചമര്‍ത്താന്‍ ആദ്യം പോലീസിനെയും പിന്നെ പട്ടാളത്തെ തന്നെയും ഇറക്കുകയെന്ന വലിയ വിഡ്ഢിത്തമാണ് ബശീര്‍ കാണിച്ചത്. അധികാര കേന്ദ്രീകരണത്തില്‍ ഹരം കാണുന്നവരുടെ കുഴപ്പമിതാണ്. അവര്‍ തുടക്കത്തിലേ ബലം പ്രയോഗിക്കും.

50ലധികം പേര്‍ മരിച്ചു വീണു. രക്തസാക്ഷിത്വങ്ങള്‍ കൂടുതല്‍ പേരെ പോരാട്ടത്തിലേക്ക് ആകര്‍ഷിച്ചു. ഖാര്‍ത്തൂമിലെ പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങളും ജനം വളഞ്ഞു. ഉമര്‍ അല്‍ബശീറിനെ താഴെയിറക്കും വരെ പിന്നോട്ടില്ലെന്ന നിലപാടിലേക്ക് സമരം വളര്‍ന്നു. ബശീറിന് മുന്നില്‍ വഴികള്‍ ഒന്നൊന്നായി അടയുകയായിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറന്റുള്ള ബശീറിനെ പിന്തുണക്കാന്‍ ഒരു അന്താരാഷ്ട്ര ശക്തിയും മുന്നിട്ടു വന്നതുമില്ല. അതോടെ സ്ഥാനത്യാഗം മാത്രമേ വഴിയുള്ളൂവെന്ന ഘട്ടമെത്തി. ഈ നിര്‍ണായക സന്ധിയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം സംഭവിച്ചു. സൈന്യം ഇടപെട്ടു. ബശീറിനെ പുറത്താക്കി അധികാരം പിടിച്ചു. പ്രതിരോധ മന്ത്രി കേണല്‍ അവദ് ഇബ്‌നു ഔഫിന്റെ നേതൃത്വത്തിലുള്ള മിലിറ്ററി കൗണ്‍സില്‍ ഭരണം തുടങ്ങുകയും ചെയ്തു. ബശീര്‍ വീട്ടുതടങ്കലിലാണ്. അദ്ദേഹത്തെ അന്താരാഷ്ട്ര വിചാരണക്ക് വിട്ടു കൊടുക്കില്ലെന്നാണ് കേണല്‍ ഔഫ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് അദ്ദേഹം വിചാരണ നേരിടുമത്രെ.
എന്നുവെച്ചാല്‍ പ്രക്ഷോഭം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. തെരുവിലിറങ്ങിയ മനുഷ്യര്‍ ഉന്നയിച്ച ഒരു ലക്ഷ്യവും നേടിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുതകുന്ന ഭരണക്രമത്തിനാണ് അവര്‍ ദാഹിച്ചത്. ബശീറിനെ സ്ഥാനഭ്രഷ്ടമാക്കുകയെന്നത് അതിന്റെ മാര്‍ഗം മാത്രമായിരുന്നു. ഇപ്പോള്‍ ബശീര്‍ ഒഴിഞ്ഞു; അദ്ദേഹത്തിന്റെ നിയന്ത്രണത്തിലും താത്പര്യത്തിലുമുള്ള സൈന്യം അധികാരം പിടിച്ചു. ഫലത്തില്‍ ബശീര്‍ തന്നെയാണ് ഭരിക്കുന്നത്.

അദ്ദേഹത്തിന്റെ വിശ്വസ്തനായ ഇന്റലിജന്‍സ് മേധാവിയായിരുന്നു കേണല്‍ ഔഫ്. അതുകൊണ്ട് പ്രക്ഷോഭം തുടരുക മാത്രമേ നിര്‍വാഹമുള്ളൂ. ഖാര്‍ത്തൂമിലെ പ്രതിരോധ മന്ത്രാലയത്തിന് പുറത്ത് ക്യാമ്പ് ചെയ്യുന്നവര്‍ നിരാശരാണ്. അനിശ്ചിതത്വം അവരെ ഭയപ്പെടുത്തുന്നുണ്ട്. സിവിലിയന്‍ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന ആവശ്യമാണ് അവര്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. സൈന്യം അത് നിരാകരിച്ചിട്ടില്ല. ദീര്‍ഘകാലം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാറിനെ അവരോധിക്കുമെന്നും സൈനിക കൗണ്‍സില്‍ വ്യക്തമാക്കുന്നു. പക്ഷേ, എന്ന്? അതിന് മാത്രം ഉത്തരമില്ല.
1956ല്‍ ബ്രിട്ടനില്‍ നിന്ന് മോചിതമായി സ്വതന്ത്ര രാഷ്ട്രമായ ഈ ചെങ്കടല്‍ തീര രാജ്യം ആഫ്രിക്കയിലെ ശക്തമായ ദേശരാഷ്ട്രമായിരുന്നു. പക്ഷേ ദീര്‍ഘകാലം അധികാരം കൈയാളിയത് പട്ടാളമാണ്. 1989ല്‍ രക്തരഹിത അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത കേണല്‍ ബശീറും ജനായത്ത ഭരണത്തിന്റെ സ്വഭാവം കാണിച്ചിട്ടില്ല. പരിമിതമായ ബഹുകക്ഷി സമ്പ്രദായമേ അനുവദിച്ചുള്ളൂ. മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ടു. ഇസ്‌ലാമിക ഭരണം സ്ഥാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുറമേ കാണാവുന്ന ചില ഘടകങ്ങളില്‍ ഈ ദിശയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും ആത്യന്തികമായി അദ്ദേഹത്തിന്റെ ഭരണം സ്വേച്ഛാപരമായിരുന്നു.

അല്‍ഖാഇദയടക്കമുള്ള ഗ്രൂപ്പുകളുടെ അഭയ കേന്ദ്രമാണ് സുഡാനെന്ന പ്രതീതിയുണ്ടാക്കിയ ബശീറിന്റെ ഇസ്‌ലാമിസ്റ്റ് പരിവേഷം സുഡാനികളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഉസാമ ബിന്‍ലാദന്‍ ഏറെക്കാലം സുഡാനിലുണ്ടായിരുന്നു. അത് ചൂണ്ടിക്കാട്ടി 1998ല്‍ യു എസ് മിസൈലാക്രമണം നടത്തി. 20 വര്‍ഷം അമേരിക്കന്‍ ഉപരോധത്തിലായിരുന്നു സുഡാന്‍. അതിനിടക്ക് അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങി ചില തിരഞ്ഞെടുപ്പ് പ്രഹസനങ്ങളൊക്കെ സുഡാനില്‍ നടന്നു. എല്ലായ്‌പ്പോഴും ബശീര്‍ തന്നെ കൃത്യമായി ജയിച്ചു കൊണ്ടിരുന്നു. 2015ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷം പൂര്‍ണമായി ബഹിഷ്‌കരിക്കുകയായിരുന്നു. ബശീറിന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രം എതിര്‍ പോസ്റ്റില്‍ ആളില്ലാതെ കളിച്ചു. 2020ല്‍ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അതിനുള്ള കരുനീക്കങ്ങള്‍ നടത്തി വരികയായിരുന്നു ബശീര്‍. 2003 മുതല്‍ ദര്‍ഫൂര്‍ മേഖലയില്‍ അറബ് വംശജരും ആഫ്രിക്കന്‍ വംശജരും തമ്മില്‍ നടന്ന കലാപത്തില്‍ ഉമറുല്‍ ബശീര്‍ ഭരണകൂടം അറബ് പക്ഷം ചേര്‍ന്നു. നാല് ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വംശഹത്യാ കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ബശീറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് ദര്‍ഫൂര്‍ കൂട്ടക്കൊലയിലാണ്.
എന്നാല്‍ ഇതൊന്നുമല്ല ബശീറിനെ ദുര്‍ബലനാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ദക്ഷിണ സുഡാന്‍ പുതിയ രാജ്യമായി മാറിയതാണ് സുഡാനെ തകര്‍ത്തു കളഞ്ഞത്. 2011ലായിരുന്നു അത്. സുഡാന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നത് എണ്ണ നിക്ഷേപം കണ്ടെത്തിയതോടെയായിരുന്നു. ഇത്തരം എണ്ണപ്പാടങ്ങളുടെ നല്ല പങ്കും ഇന്ന് ദക്ഷിണ സുഡാനായി വേര്‍പെട്ടു പോയ പ്രദേശത്താണ്. അവിടെ പക്ഷേ, എണ്ണ ശുദ്ധീകരണ സംവിധാനങ്ങളില്ല. ദക്ഷിണ ഭാഗത്ത് നിന്ന് എണ്ണ ഉത്തരഭാഗത്ത് കൊണ്ടുവന്ന് ശുദ്ധീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. വിഘടനവാദി ഗ്രൂപ്പുകള്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുമ്പോഴും എണ്ണ കരാറിന് കോട്ടം തട്ടിയിരുന്നില്ല. കലാപങ്ങള്‍ക്കിടയിലും ദക്ഷിണ ഭാഗത്ത് നിന്ന് എണ്ണ ഉത്തരഭാഗത്തേക്ക് ഒഴുകി. വിട്ടുപോകല്‍ പ്രവണത ശക്തമാകുകയും പാശ്ചാത്യര്‍ ഇതിന് പിന്തുണ നല്‍കുകയും ചെയ്തതോടെ വിഭജനത്തിന് വഴങ്ങാന്‍ ബശീര്‍ നിര്‍ബന്ധിതനായി. സത്യത്തില്‍ സുഡാനെ തകര്‍ക്കാനുള്ള അമേരിക്കന്‍ നീക്കമാണ് വിഭജനത്തില്‍ കലാശിച്ചത്. വിഭജനത്തോടെ സുഡാന്റെ വരുമാനം നിലച്ചു. പകുതി പേരും ദാരിദ്ര്യരേഖക്ക് താഴെയായി. നിത്യോപയോഗ സാധനങ്ങള്‍ പോലും വിപണിയില്‍ കിട്ടാതായി. പണപ്പെരുപ്പം കുതിച്ചു. വായ്പകള്‍ക്കായി ബശീര്‍ ഐ എം എഫിലും ലോകബേങ്കിലും ചെന്ന് യാചിച്ചു. എല്ലാ തരം സബ്‌സിഡികളും നിര്‍ത്തലാക്കണമെന്ന നിബന്ധന വെച്ചു ഐ എം എഫ്. ഒടുവില്‍ അതിനും വഴങ്ങി ബശീര്‍. അതിന്റെ ഭാഗമായാണ് ഗോതമ്പിന്റെ സബ്‌സിഡി എടുത്തു കളഞ്ഞതും ഖുബ്ബൂസ് വിപ്ലവത്തിലേക്ക് നയിച്ച ജനരോഷം കത്തിപ്പടര്‍ന്നതും.

ഖുബ്ബൂസ് വിപ്ലവം വിശകലനം ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന് ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗമായി എടുത്തു കാണിക്കുന്നത് ഉമറുല്‍ ബശീറിനെ പോലെയുള്ളവരെയാകുമ്പോള്‍ ലോകത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നതാണ്. അധികാര കേന്ദ്രീകരണവും സ്വേച്ഛാധിപത്യവും അടിച്ചമര്‍ത്തലും തീവ്രവാദത്തോടുള്ള മൃദുസമീപനവുമാണ് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അന്തസ്സത്തയെന്ന തെറ്റുദ്ധാരണയാണ് ഇത് പരത്തുന്നത്. അതുകൊണ്ട് ഇസ്‌ലാമിസ്റ്റുകള്‍ എന്ന് വിവക്ഷിക്കപ്പെടുന്നവരെ തുറന്ന് കാണിച്ചേ തീരൂ.
സാമൂഹിക മാധ്യമങ്ങള്‍ വഴി രൂപപ്പെടുന്ന സമരങ്ങള്‍ പലപ്പോഴും തെറ്റായ ഫലം സൃഷ്ടിക്കുന്നുവെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ഈജിപ്തില്‍ തഹ്‌രീര്‍ പ്രക്ഷോഭം ഉത്പാദിപ്പിച്ചത് ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയുടെ ദുര്‍ഭരണമായിരുന്നു. അവിടെ ജനങ്ങള്‍ക്ക് വീണ്ടും തെരുവിലിറങ്ങേണ്ടി വന്നു. ഒടുവില്‍ ഭരണം ചെന്നെത്തിയത് പട്ടാള മേധാവി ഫത്താഹ് സീസിയുടെ കൈകളില്‍. ജനം വലിച്ച് താഴെയിട്ട ഹുസ്‌നി മുബാറക്കിന്റെ വലംകൈയാണ് ഫത്താഹ് സീസി. സുഡാനിലും അത് തന്നെയാണല്ലോ സ്ഥിതി. ബശീര്‍ പോയി, ഔഫ് വന്നു.

സാമ്രാജ്യത്വം ശിഥിലീകരണ പ്രക്രിയ എക്കാലവും തുടരുമെന്നതാണ് മൂന്നാമത്തെ വസ്തുത. ബശീറിനോടുള്ള ശത്രുത സുഡാനെ വെട്ടിമുറിച്ചാണ് അവര്‍ തീര്‍ത്തത്. ഇപ്പോഴും സുഡാനില്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് കളിക്കുന്നത് അവര്‍ തന്നെയാണ്. ഉ. സുഡാനോടുള്ള ആശ്രിതത്വം ഒഴിവാക്കാന്‍ വഴിയുണ്ടെന്ന് വ്യാമോഹിപ്പിച്ചാണ് ദക്ഷിണ സുഡാനെന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രത്തെ പാശ്ചാത്യ ശക്തികള്‍ നട്ടുപിടിപ്പിച്ചത്. എണ്ണ എത്യോപ്യയില്‍ എത്തിച്ച് ശുദ്ധീകരിക്കാമെന്നായിരുന്നു ഒരു വാഗ്ദാനം. സ്വന്തമായി റിഫൈനറികള്‍ സ്ഥാപിച്ചു നല്‍കുമെന്നും പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. പകരം എണ്ണ സമ്പത്ത് തുച്ഛ വിലക്ക് വന്‍ ശക്തികള്‍ കൈക്കലാക്കുന്നു. നവ സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളാണ്, ഏറ്റവും വേഗം വളരുന്ന ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി കേട്ട സുഡാനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.

മുസ്തഫ പി എറയ്ക്കല്‍ • musthafalogam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest