പ്രഗ്യാ സിംഗിന്റെ സ്വത്ത് വിവരത്തില്‍ അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള ഇഷ്ടികയും

Posted on: April 24, 2019 10:06 am | Last updated: April 24, 2019 at 12:59 pm

ഭോപാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മാലേഗാവ് ഭീകരാക്രമണക്കേസ് പ്രതി പ്രഗ്യാസിംഗ് ഠാക്കൂര്‍ നനാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തു വിവരം ശ്രദ്ധേയം. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനായി സൂക്ഷിച്ചുവെച്ച വെള്ളികൊണ്ടുള്ള ഇഷ്ടികയും തന്റെ പക്കലുണ്ടെന്ന് സ്വത്ത് വിവരത്തില്‍ പറയുന്നു.

4.44 ലക്ഷമാണ് ആസ്തി. രണ്ട് ബേങ്കുകളിലായി 1.89 ലക്ഷം സ്വന്തം പേരിലുണ്ട്. വരുമാന മാര്‍ഗമായി പറയുന്നത് ഭിക്ഷാടനമാണ്. രണ്ട് വെള്ളി കോപ്പകളും ഒരു വെള്ളിപാത്രവും നാല് വെള്ളി ഗ്ലാസുകളും സ്വത്ത് വിവരങ്ങളില്‍പ്പെടുന്നുണ്ട്.

ഇന്നലെയാണ് പ്രഗ്യാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥിത്വത്തിനെതിരെ മാലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇരകളിലൊരാളുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തിതരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗാണ് പ്രഗ്യയുടെ എതിരാളി.