Connect with us

Ongoing News

തൗഹീദ് ജമാഅത്ത്: തുടക്കം പരമ്പരാഗത വിശ്വാസങ്ങൾക്കെതിരെ; ഒടുവിൽ ഭീകര സ്വഭാവത്തിലേക്ക്

Published

|

Last Updated

കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടന പരമ്പരകൾക്ക് പിന്നിൽ നാഷനൽ തൗഹീദ് ജമാഅത്ത് (എൻ ടി ജെ) എന്ന സലഫീ/ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതോടെ പുതിയൊരു വിധ്വംസക പ്രസ്ഥാനം കൂടി വാർത്തയിലേക്ക് വരികയാണ്. നാഷനൽ തൗഹീദ് ജമാഅത്ത് അത്രയൊന്നും അറിയപ്പെടുന്ന സംഘടന ആയിരുന്നില്ല. സ്വയം ഉത്തരവാദിത്വമേറ്റിട്ടില്ലെങ്കിലും 200ലധികം പേരുടെ മരണത്തിൽ കലാശിച്ച സ്‌ഫോടനങ്ങളിൽ സംശയമുന നീളുന്നത് ഈ ഗ്രൂപ്പിലേക്ക് മാത്രമാണ്.

ശ്രീലങ്ക തൗഹീദ് ജമാഅത്ത് എന്ന സംഘടനയിൽ നിന്ന് പിളർന്ന് വന്നതാണ് നാഷനൽ തൗഹീദ് ജമാഅത്ത്. മാതൃ സംഘടനക്ക് തീവ്രത പോരെന്ന് ആരോപിച്ച് പിളർന്നുണ്ടായതാണ് എൻ ടി ജെ. നിരവധി സൂഫി പണ്ഡിതരുടെ മഖ്ബറകളുടെയും പുണ്യ സ്ഥലങ്ങളുടെയും കേന്ദ്രമായ ശ്രീലങ്കയിൽ ഇവിടെ ചെല്ലുന്ന വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു മാതൃ സംഘടനയും പുതിയ സംഘടനയും പ്രവർത്തിച്ചിരുന്നത്. പുണ്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ലഘുലേഖകൾ വിതരണം ചെയ്യുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക, വാഹനങ്ങൾ തടയുക തുടങ്ങിയവയായിരുന്നു മുഖ്യ പ്രവർത്തനം. മിക്ക ദർഗകൾക്കും മുന്നിൽ ഇവരുടെ പ്രചാരണ കൗണ്ടറുകളുണ്ടാകും. ബോധു ബല സേന പോലുള്ള ബുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ ചൂണ്ടിയാണ് ഇവർ ആളെക്കൂട്ടാറുള്ളതെങ്കിലും ഇവയുമായി ഒരു നിലക്കും ഏറ്റുമുട്ടാതെ നോക്കുകയാണ് പതിവ് ശൈലി.
ബുദ്ധ സന്യാസിമാർക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ശ്രീലങ്ക തൗഹീദ് ജമാഅത്ത് സെക്രട്ടറി അബ്ദുർറസാഖിനെ 2016ൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ക്ഷമാപണം നടത്തി തടിയൂരി. കഴിഞ്ഞ വർഷം ബുദ്ധ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് നാഷനൽ തൗഹീദ് ജമാഅത്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. കർശന ചിട്ടയോടെ മതവിദ്യാഭ്യാസം നൽകുകയാണ് സംഘടന ആദ്യം ചെയ്യുക. കാര്യമായി മതബോധമില്ലാത്ത യുവാക്കളെയാണ് പിടികൂടുക. മതബോധനത്തിന്റെ പേരിൽ തീവ്ര ആശയങ്ങൾ കുത്തിവെക്കുകയാണ് സംഘടന ചെയ്യാറുള്ളത്.

ഇത്തരമൊരു സ്‌ഫോടന പരമ്പരയുണ്ടാകുമെന്ന് നിരവധി രഹസ്യാന്വേഷണ ഏജൻസികൾ മുന്നിറിയിപ്പ് നൽകിയിരുന്നുവെന്നാണ് സർക്കാർ വക്താവ് രജിതാ സേനരത്‌നേ ഇന്നലെ സമ്മതിച്ചത്. രഹസ്യാന്വേഷണ ഏജൻസികൾ ഒരു മാസം മുമ്പ് നൽകിയ റിപ്പോർട്ട് ഇന്നലെ ചില വാർത്താ ഏജൻസികൾ പുറത്ത് വിടുകയും ചെയ്തു. ചർച്ചുകളും ഇന്ത്യൻ ഹൈക്കമ്മീഷനും ആക്രമിക്കാൻ എൻ ടി ജെ പദ്ധതിയിടുന്നുവെന്ന് കൃത്യമായി പറയുന്നുണ്ട് ഈ രേഖയിൽ. മധ്യ ശ്രീലങ്കയിലെ ബുദ്ധ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ എൻ ടി ജെക്ക് പങ്കുണ്ടായിരുന്നുവെന്ന് ശ്രീലങ്കൻ ഇന്റർനാഷനൽ ക്രൈസിസ് ഗ്രൂപ്പ് വക്താവ് അലൻ കനീൻ പറഞ്ഞു. മതസ്പർധ വളർത്താൻ ഇത്തരം ചെറു ആക്രമണങ്ങൾ നടത്തുന്ന സംഘടന ഇത്ര വലിയ ആക്രമണം നടത്താൻ തയ്യാറെടുപ്പുകൾ നടത്തിയെന്നത് അത്ഭുതകരമാണെന്ന് അലൻ ചൂണ്ടിക്കാട്ടുന്നു.

എൻ ടി ജെക്ക് ഒറ്റക്ക് ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കാനാകില്ലെന്ന വിലയിരുത്തലും ശക്തമാണ്. പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടാകാമെന്നാണ് നിഗമനം. രജിതാ സേനരത്‌ന തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ചാവേറുകളെ പരിശീലിപ്പിക്കാനും ഉഗ്രശക്തിയുള്ള ബോംബുകളെത്തിക്കാനും എൻ ടി ജെക്ക് സ്വന്തമായി സാധിക്കില്ലെന്ന് സേനരത്‌ന പറഞ്ഞു.
കൃത്യം നടത്തിയത് ഏത് ഗ്രൂപ്പായാലും പുറത്ത് നിന്ന് സഹായം ലഭിച്ചിരിക്കാമെന്ന് പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കുന്നു.

Latest