Connect with us

Ongoing News

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്ന് ഭാരമേറിയ ദിനം

Published

|

Last Updated

രണ്ട് മാസത്തിലേറെയായി രാവും പകലും ഭേദമന്യേ തിരഞ്ഞെടുപ്പ് ജോലിയിൽ വ്യാപൃതരായ ഉദ്യോഗസ്ഥർക്ക് ഇന്ന് നിർണായക ദിനം. വോട്ടെടുപ്പ് പൂർത്തിയാക്കി പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുന്നത് വരെ ഉദ്യോഗസ്ഥർ ആശങ്കയിലായിരിക്കും. രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും ജനവിധിയോർത്ത് നെഞ്ചിടിക്കുമ്പോൾ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥർ പാടുപെടുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഓഫീസ് സമയം പോലും മറന്ന് പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ക്രമസമാധാനമാണ് മിക്കയിടത്തും വലിയ തലവേദനയാവുക. മഷിക്കുപ്പിയുടെ സുരക്ഷ വരെ അടങ്ങിയതാണ് ഉദ്യോഗസ്ഥരുടെ ജോലി. വോട്ടർമാരുടെ കൈയിൽ പുരട്ടാൻ രണ്ട് കുപ്പി മഷികളാണ് ഓരോ പോളിംഗ് കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. മഷിക്കുപ്പി തട്ടിമറിഞ്ഞാൽ അടുത്ത കുപ്പി എത്തിക്കുന്നത് വരെ തിരഞ്ഞെടുപ്പ് നിർത്തിവെക്കേണ്ടി വരും.
വി വി പാറ്റ് യന്ത്രങ്ങൾ മുതൽ മഷി മറിഞ്ഞാൽ തുടക്കാനുള്ള പഞ്ഞി വരെ 92 ഉപകരണങ്ങളാണ് ഓരോ പോളിംഗ് ബൂത്തുകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ടത്. ഇന്നലെ രാവിലെ എട്ടിന് വിതരണ കേന്ദ്രങ്ങളിലെത്തി പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയത് മുതൽ ഇന്ന് വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയാക്കി രേഖകളെല്ലാം തിരിച്ചേൽപ്പിക്കുന്നത് വരെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും. ഇവർക്ക് നിശ്ചയിക്കപ്പെട്ട ബൂത്തിലേക്ക് എത്താനും സാമഗ്രികൾ തിരികെ ഏൽപ്പിക്കുന്നതിന് പോകുന്നതിനും കമ്മീഷൻ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ ഇന്നലെ രാത്രിയോടെ തന്നെ പോളിംഗ് ബൂത്തുകളുടെ ക്രമീകരണം പൂർത്തിയാക്കിയിട്ടുണ്ട്.

പോളിംഗ് ബൂത്തായി സജ്ജീകരിച്ച സ്ഥലങ്ങളിൽ തന്നെയാണ് ഇന്നലെ രാത്രി ഉദ്യോഗസ്ഥർ താമസിച്ചതും. ഇന്ന് രാവിലെ ആറ് മുതൽ മോക് പോളിംഗ് നടത്തി ഇലക്‌ട്രോണിക് മെഷീനിന്റെ പ്രവർത്തനം ഉറപ്പാക്കും. 50 വോട്ടെങ്കിലും ചെയ്ത് യന്ത്രത്തിന് കേടുപാടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ വോട്ടെടുപ്പ് നടത്തുക.

ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമുൾപ്പെടെ ജില്ലകളിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഓഫീസുകളിലെത്തി ജോലികൾ കൃത്യമായി നിർവഹിച്ചാണ് ഉദ്യോഗസ്ഥർ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23 വരെ അവധികളില്ലാതെ ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിക്കും.

വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തൽ, കള്ളപ്പണം എത്തിക്കുന്നത് തടയൽ, സ്ഥാനാർഥിയെ പറ്റിയും പ്രചാരണത്തെ പറ്റിയുമുള്ള പരാതി പരിഹരിക്കൽ, സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കുകളുടെ നിരീക്ഷിക്കണം, ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തൽ, പോളിംഗ് ബൂത്ത് ഒരുക്കൽ തുടങ്ങി വോട്ടെടുപ്പ് പൂർത്തിയാക്കി യന്ത്രം സൂക്ഷിക്കുന്നത് വരെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ജില്ലാ ഓഫീസുകളിൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്.
അതത് ജില്ലകളിലെ ലോക്‌സഭാ മണ്ഡല പരിധിയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം ഈ സംഘമാണ് നടത്തുന്നത്.