Connect with us

Gulf

സാലിക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആര്‍ ടി എ ആപ്പിലൂടെ കഴിയും

Published

|

Last Updated

ദുബൈ: സാലിക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ നവീകരിക്കുന്നതിനും ആര്‍ ടി എ മൊബൈല്‍ ആപായ ദുബൈ ഡ്രൈവില്‍ സാധ്യമാണെന്ന് അധികൃതര്‍. അക്കൗണ്ടുകള്‍ തമ്മില്‍ ലിങ്ക് ചെയ്യുന്നതിനും സാലിക്ക് പിഴകള്‍ ഒടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

ദുബൈ ഗവണ്മെന്റിന്റെ കടലാസ് രഹിത പദ്ധതികളുടെ ഭാഗമായി ആര്‍ ടി എയുടെ കൂടുതല്‍ സേവനങ്ങള്‍ ഈ ആപ്പിലൂടെ സാങ്കേതികവല്‍ക്കരിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആര്‍ ടി എയുടെ സാലിക്ക് സേവനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് സര്‍വീസുകള്‍ ആപ്പിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചിരുന്നു. നവീകരിച്ച ആപ്പില്‍ ഉപഭോക്താക്കളുടെ പരാതികളും പിഴകളില്‍ മേല്‍ ഉപഭോക്താക്കള്‍ക്കുള്ള അപിപ്രായങ്ങളും രേഖാപെടുത്താം. സാലിക്ക് ഗേറ്റുകളുടെ സാന്നിധ്യം അറിയല്‍, അകൗണ്ടുകള്‍ റീചാര്‍ജ് ചെയ്യല്‍ എന്നിവ നവീകരിച്ച ആപ്പിലൂടെ സാധ്യമാണ്. ദുബൈ ഡ്രൈവ് ആപ് സംവിധാനിച്ചത് തന്നെ പൊതു ജനങ്ങളുടെ അപിപ്രായ സ്വരൂപണത്തിന് വേണ്ടിയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ സേവനങ്ങള്‍ നവീകരിക്കുന്നതിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ വഴിയൊരുക്കും. സ്മാര്‍ട് സംവിധാനങ്ങളിലൂടെ സേവനം നവീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്‍ ടി എക്ക് കീഴിലെ സ്മാര്‍ട് സര്‍വീസ് ഡയറക്ടര്‍ മഹര്‍ ഷിറാഹ് പറഞ്ഞു.

വാഹന രജിസ്ട്രേഷന്‍, ഗതാഗത പിഴകള്‍ ഒടുക്കുക,ഡ്രൈവിംഗ് ലൈസന്‍സ്, സ്മാര്‍ട് പാര്‍ക്കിംഗ് സംവിധാനത്തിലൂടെ ഒഴിവുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളെ കുറിച്ചറിയല്‍, ആര്‍ ടി എയുടെ വിവിധ അനുമതി നേടിയെടുക്കല്‍ എന്നിവ ആപ്പിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest