Connect with us

Editorial

ഗോഗോയിക്കെതിരായ ലൈംഗികാരോപണം

Published

|

Last Updated

കോടതി നടപടികള്‍ നിര്‍ത്തിവെച്ച് 2018 ജനുവരി 12ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ അസാധാരണ മാധ്യമ സമ്മേളനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ നടന്ന അപ്രതീക്ഷിത സുപ്രീം കോടതി സിറ്റിംഗ്. ജുഡീഷ്യറിയുടെ സുതാര്യത അപകടത്തിലാകുന്ന സ്ഥിതിവിശേഷം സംജാതമായപ്പോഴായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ മാധ്യമ സമ്മേളനം നടത്തിയതെങ്കില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് പോറലേല്‍പിക്കുന്ന ലൈംഗിക പീഡന പരാതിയാണ് ശനിയാഴ്ചത്തെ പ്രത്യേക സിറ്റിംഗിന്റെ പശ്ചാത്തലം. പൊതുവെ സത്യസന്ധനും മാന്യനുമായി അറിയപ്പെടുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെയാണ് സുപ്രീം കോടതി ജൂനിയര്‍ അസിസ്റ്റന്റായിരുന്ന ഒരു യുവതി ലൈംഗികാരോപണം ഉന്നയിച്ചത്.

2018 ഒക്ടോബര്‍ 10,11 തീയതികളില്‍ രഞ്ജന്‍ ഗോഗോയിയുടെ വീട്ടില്‍ വെച്ചാണ് പീഡനശ്രമം നടന്നതെന്നാണ് ജീവനക്കാരി പറയുന്നത്. വഴങ്ങാത്തതിനെ തുടര്‍ന്നാണത്രെ രണ്ട് മാസത്തിനു ശേഷം ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഭര്‍ത്താവും ഭര്‍തൃസഹോദരനും ഡല്‍ഹി പോലീസില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഇതുമായി ബന്ധപ്പെട്ടാണെന്നും യുവതി ആരോപിക്കുന്നു. ജനുവരി 11ന് ചീഫ് ജസ്റ്റിസിന്റെ ഭാര്യ അവരുടെ വീട്ടിലേക്ക് പോലീസ് മുഖേന വിളിച്ചുവരുത്തി മൂക്ക് തറയില്‍ മുട്ടിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ടു, പോലീസിനെ ഉപയോഗിച്ച് ബന്ധുക്കളെ അറസ്റ്റു ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു എന്നിങ്ങനെ നീളുന്നു 22 ജഡ്ജിമാര്‍ക്ക് വെള്ളിയാഴ്ച യുവതി നല്‍കിയ പരാതികള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്.
ഒന്നര മാസം ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന പരാതിക്കാരിയായ സ്ത്രീക്കും ഭര്‍ത്താവിനുമെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഒരു കേസില്‍ അവരുടെ ജാമ്യം പരിഗണിക്കാനിരിക്കെ, ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കാനുള്ള ബ്ലാക്ക് മെയില്‍ തന്ത്രമാണ് ലൈംഗികാരോപണമെന്നാണ് ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ വിശദീകരണം. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ മേധാവിക്കെതിരെ ഇത്തരമൊരാരോപണം ഉന്നയിക്കാന്‍ ഒരു സാധാരണക്കാരിയായ സ്ത്രീ സ്വയമേവ സന്നദ്ധമാകുകയില്ല.

ഇതിന്റെ പിന്നില്‍ വമ്പന്മാരുണ്ടെന്നും ഇതൊരു ഗൂഢാലോചനായാണെന്നും സന്ദേഹിക്കുന്നുണ്ട്. അനില്‍ അംബാനിക്കെതിരായ എറിക്‌സണ്‍ കേസില്‍ അംബാനി ഹാജരാകുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് തിരുത്തിയതിന് രണ്ട് സുപ്രീം കോടതി ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടിരുന്നു. മാത്രമല്ല, മുന്‍ ചീഫ് ജസ്റ്റിസിന്റെ നിയമവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആക്കാതിരിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടന്നിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നുവെന്ന ഗോഗോയുടെ ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്.
പണം തട്ടാനും മറ്റു കാര്യസാധ്യങ്ങള്‍ക്കുമായി ലൈംഗികാരോപണം ഉന്നയിച്ചു വരുതിയിലാക്കുന്നത് ഇന്നൊരു പതിവു തന്ത്രമായി മാറിയിട്ടുണ്ട്. റേറ്റിംഗില്‍ ഒന്നാമതെത്താന്‍ ഒരു മലയാളം ചനല്‍ പിണറായി മന്ത്രിസഭയിലെ ഒരംഗത്തെ ഒരു സ്ത്രീയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചു കെണിയിലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചതാണ്.

അപകടകരമായ ഒരു സമ്മര്‍ദ തന്ത്രമാണിത്. യഥാര്‍ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ പോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇതിടയാക്കും. ആരോപണം സുപ്രീം കോടതി മേധാവിക്കെതിരെയാകുമ്പോള്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. സ്ത്രീകള്‍ ആര്‍ക്കെതിരെയെങ്കിലും പരാതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നിരിക്കെ ഗോഗോയിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും.

അതോടെ പദവിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. ഇല്ലെങ്കില്‍ രാഷ്ട്രപതിക്ക് വിഷയത്തില്‍ ഇടപെടേണ്ടി വരും. രാജ്യത്തെ തന്നെ അരാജകത്വത്തിലേക്ക് നയിക്കുന്നതാണ് ഒരു സ്ത്രീയെ കൊണ്ട് പരാതി കൊടുപ്പിച്ചാല്‍ ഏത് വമ്പനെയും കുടുക്കാമെന്ന അവസ്ഥ.
അതേസമയം, ജുഡീഷ്യറിയിലെ ഉന്നതര്‍ക്കെതിരെ സ്ത്രീ പീഡന പരാതി ഇതാദ്യമല്ല. 2013ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ കൊല്‍ക്കത്തയിലെ ഒരു നിയമ വിദ്യാര്‍ഥി ലൈംഗിക പീഡനാരോപണം ഉന്നയിക്കുകയും ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ആര്‍ എം ലോധ സമിതി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് 2014ല്‍ ഗ്വാളിയോറിലെ വനിതാ ജഡ്ജി രാഷ്ട്രപതിക്കും സുപ്രീം കോടതി ജഡ്ജിക്കും പരാതി നല്‍കിയിരുന്നു. സമൂഹത്തിലെ സമസ്ത മേഖലകളിലും നടമാടുന്ന മൂല്യച്യുതികള്‍ ബാധിച്ചവര്‍ ജുഡീഷ്യറിയുടെ ഉന്നതങ്ങളിലുമുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ജീവനക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. അഥവാ ജീവനക്കാരിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയിലാണെങ്കില്‍ അതിന്റെ പിന്‍ബലം ആരുടേതാണെന്ന് കണ്ടെത്തി അപകടകരമായ ഈ പ്രവണതക്ക് വിരാമമിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

Latest