Connect with us

National

പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ മോദി ഡല്‍ഹിയിലേക്ക് കളം മാറ്റും; അഭ്യൂഹങ്ങള്‍ ശക്തം

Published

|

Last Updated

വാരണാസി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ വാരണാസിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയാറാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിനു പിന്നാലെ അതിനുള്ള സാഹചര്യമൊരുക്കാന്‍ പാര്‍ട്ടി നേതൃത്വം സജീവ നീക്കമാരംഭിച്ചു. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയായി പ്രിയങ്കയെ മത്സരിപ്പിക്കുന്നതിന് സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയുമായി കോണ്‍ഗ്രസ് യു പി ഘടകം രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികളാരും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.

അതിനിടെ, പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തട്ടകം മാറ്റി ഡല്‍ഹിയെ ശരണം പ്രാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലെ വ്യാപാരി സമൂഹത്തിന്റെ പിന്തുണ മോദിക്കു ലഭിക്കുമെന്നും അദ്ദേഹം മത്സരിക്കുന്നത് ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും ബി ജെ പി നേതൃത്വം വിലയിരുത്തുന്നു. ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.