‘നിരുത്സാഹപ്പെടുത്തി, പിന്മാറിയില്ല’

Posted on: April 22, 2019 2:45 pm | Last updated: February 14, 2020 at 1:56 pm

പ്രഥമ പ്രചോദനം

യു പി തലത്തിൽ പഠിക്കുമ്പോൾ സ്‌കൂൾ കലോത്സവത്തിൽ പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടുന്പോൾ കലക്ടർമാരുടെ കൈകളിൽ നിന്നെല്ലാം സമ്മാനം വാങ്ങിയിട്ടുണ്ട്. ഇവരുടെ അനുഭവങ്ങൾ പങ്ക് വെക്കുന്പോൾ ആകാംക്ഷയോടെ കേട്ടുനിൽക്കും. ഇവരിൽ നിന്നാണ് പ്രഥമ പ്രചോദനം. അക്കാലത്ത് കുറിച്ചിട്ട മോഹം ഹൈസ്‌കൂൾ പഠനകാലത്ത് കൊണ്ടുനടന്നു. നന്നേചെറുപ്പം മുതൽ പത്ര പാരായണം ശീലമാക്കിയിരുന്നു. പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആനുകാലിക വിഷയങ്ങൾ അറിയണമെന്നതിനാൽ എല്ലാ പത്രവും പരതി വായിക്കുമായിരുന്നു.

. അടങ്ങാത്ത ആഗ്രഹം

രാവണേശ്വരം സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പത്താം ക്ലാസ് വിജയിച്ചത്. കാഞ്ഞങ്ങാട് ദുർഗ സ്‌കൂളിൽ പ്ലസ്ടു പഠിച്ചു. ചാനലുകളിൽ വാർത്ത വായിക്കണം, പൈലറ്റ് ആകണം തുടങ്ങിയ ആഗ്രഹങ്ങളും കൂടെയുണ്ടായിരുന്നു. ഇതേ തുടർന്ന് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്‌നോളജി എൻജിനീയറിംഗ് പഠിച്ചു. 2014ൽ എൻജിനീയറിംഗ് കാലത്തെ അവസാന വർഷമായപ്പോഴാണ് സിവിൽ സർവീസ് മോഹം വീണ്ടും ഉദിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നെല്ലാം അവസരം വന്നിരുന്നെങ്കിലും അതെല്ലാം നിരസിച്ചു.
കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിത സമൂഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും സമൂഹവുമായി ഇടപഴകാൻ പറ്റുന്ന ജോലിയും സിവിൽ സർവീസാണെന്ന് മനസ്സിലാക്കിയാണ് ഈ കരിയർ മനസ്സിൽ ഉറപ്പിച്ചത്. എൻജിനീയറിംഗിന് ശേഷം സിവിൽ സർവീസിന് വേണ്ടി ജീവിതം മാറ്റിവെക്കാൻ തീരുമാനിച്ചു. തുടർന്ന് ഒരു വർഷത്തോളം കോച്ചിംഗിന് പോയി.

. പഠനരീതി

പത്രങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങൾ നോട്ടിൽ കുറിക്കും. ഇത് ഇടക്കിടെ വായിച്ച് പഠിക്കും. ദിവസവും അഞ്ച് മണിക്കൂർ പഠിക്കും. പരീക്ഷ അടുക്കാറാകുമ്പോൾ പഠനം 12 മണിക്കൂറാക്കി കൂട്ടി. രാത്രിയും രാവിലെയുമായിട്ടാണ് പഠനം. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം നൽകി പഠിച്ചു. അറിയാത്ത വിഷയങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തി.

. പിന്തിരിയാതെ മുന്നോട്ട്

ആദ്യ തവണ പരീക്ഷ എഴുതിയപ്പോൾ പ്രിലിമിനറി പാസായെങ്കിലും മെയിൻ പേപ്പർ കടന്നില്ല. 10 മാർക്കിന്റെ കുറവിലായിരുന്നു മെയിൻ പേപ്പർ കടക്കാതിരുന്നത്. എന്നാൽ, പിന്മാറാൻ ഒരുക്കമായിരുന്നില്ല. വീണ്ടും പഠനം തുടർന്നു. പലരും സിവിൽ സർവീസ് കടക്കാൻ വലിയ പ്രയാസമാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. എന്നാൽ, ഇതൊന്നും ചെവിക്കൊണ്ടില്ല. പഠനത്തോടൊപ്പം സിവിൽ സർവീസിന് ക്ലാസെടുക്കാനും പോയി. ഇടക്കിടെ മാജിക് അവതരിപ്പിക്കാനും പോയിരുന്നു. ഇത് പഠനത്തെ കൂടുതൽ ആവേശമാക്കി. രണ്ടാം തവണ പരീക്ഷ എഴുതിയപ്പോഴാണ് റാങ്ക് ലഭിച്ചത്. മലയാള സാഹിത്യമായിരുന്നു ഐച്ഛിക വിഷയമായെടുത്തിരുന്നത്.

. മുഖാമുഖം എന്ന കടന്പ

എല്ലാവർക്കും ആശങ്കയുള്ള ഒന്നാണ് ഇന്റർവ്യൂ. എല്ലാ സംഭവങ്ങളിലും സ്വന്തമായി അഭിപ്രായമുള്ളവർക്ക് ഈ കടന്പ കടക്കാൻ എളുപ്പമാണ്. പ്രളയം വന്നാൽ മജിസ്‌ട്രേറ്റ് എന്ന നിലയിൽ എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിന്, സംഭവ സ്ഥലങ്ങളിൽ സേനയെ വിന്യസിക്കുമെന്നും രക്ഷാപ്രവർത്തനത്തിന് ജനങ്ങളോടൊപ്പം നിന്ന് നേതൃത്വം നൽകുമെന്നും ഉത്തരം നൽകി.
മലയാളികൾക്കിടയിലെ സ്ത്രീധനസന്പ്രദായത്തെക്കുറിച്ചും ഗൾഫ് മേഖലയിൽ നിന്ന് വരുന്നവർക്ക് നാട്ടിലെ പുനരധിവാസം എങ്ങനെ എന്നതും നല്ല വിദ്യാഭ്യാസമുള്ള യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകാൻ കാരണമെന്തെന്നും കാസർകോട് ടൂറിസത്തിന്റെ സാധ്യതകളുമെല്ലാം ഇന്റർവ്യൂ ബോർഡിൽ ചോദിച്ചു. ചോദ്യങ്ങളിൽ അറിയാത്ത കാര്യങ്ങളാണെങ്കിൽ അറിയില്ല എന്ന് പറയുന്നതാണുചിതം. അവ്യക്തമായി ഉത്തരം പറയരുത്. അറിയുന്ന കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കണം. ഇന്റർവ്യൂ ബോർഡിൽ പേടിച്ചിരിക്കരുത്. ഉത്തരം പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് നോക്കി പറയണം.
ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ സിവിൽ സർവീസ് കൈപ്പിടിയിലൊതുക്കാം എന്നാണ് തന്റെ അനുഭവമെന്ന് നിധിൻരാജ് പറഞ്ഞു. കാസർകോട് ജില്ലയിലെ രാവണേശ്വരം പെരും തൃക്കോവിലപ്പൻ ക്ഷേത്രത്തിനടുത്ത് എക്കാൽ വീട്ടിൽ കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്.
.

തയ്യാറാക്കിയത്: കമറുദ്ദീൻ എളങ്കൂർ