Connect with us

Techno

ടിക് ടോക്കിന് വിട

Published

|

Last Updated

കുറഞ്ഞ കാലം കൊണ്ട് പുതുതലമുറയെ കൈയിലെടുത്ത ടിക് ടോക്കിന് വിട. സമീപകാലത്ത് ഏറെ ജനപ്രീതി നേടിയ ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് മദ്രാസ് ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം നിർദേശം നൽകിയത്. ലൈംഗികത, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ആപ്പ് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. രാജ്യസുരക്ഷക്ക് ടിക് ടോക് ഭീഷണിയാണെന്ന് നേരത്തേ കേന്ദ്ര ഐ ടി മന്ത്രാലയവും അഭിപ്രായപ്പെട്ടിരുന്നു.
ടിക് ടോക്കിന് 20 മില്യൻ സജീവ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നായി ടിക് ടോക്കിലെത്തുന്നത് 11നും 14നും ഇടയിൽ പ്രായമുള്ളവരാണെന്നും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മറ്റ് വെബ്‌സൈറ്റുകളിൽ നിന്നോ നിലവിൽ ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്നോ എ പി കെ ഫയൽ കൈമാറിയെടുത്താൽ ഇപ്പോഴും ടിക് ടോക് ഇൻസ്റ്റാൾ ചെയ്യാമെങ്കിലും വിലക്ക് പൂർണമായും നടപ്പാക്കുകയാണെങ്കിൽ സ്ഥിതി വ്യത്യസ്തമായിരിക്കും.
ടിക് ടോക്കിന്റെ പുതിയ ഡൗൺലോഡുകൾ മാത്രമാണ് നിരോധിച്ചത്. നിലവിലെ ഉപഭോക്താക്കൾക്ക് ടിക് ടോക് ഉപയോഗിക്കുന്നത് തുടരാം. ഇന്ത്യൻ നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം.

നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന സുപ്രീം കോടതിയിലും പിന്നീട് മദ്രാസ് ഹൈക്കോടതിയിലും ഉയർത്തിയ അതേ വാദഗതി തന്നെ ടിക് ടോക് തുടരാനാണ് സാധ്യത. ടിക് ടോക് നിരോധത്തിനെതിരെ ഇന്റർനെറ്റ് സമത്വത്തിനായി വാദിക്കുന്ന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ സ്വകാര്യതാ നിയമങ്ങളാണ് ആവശ്യമെന്നും അതിന് പകരം ഇന്റർനെറ്റിനെ തന്നെ പിടിച്ചു കെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്. ഗുജറാത്തിലെ പബ്ജി, ടിക് ടോക് നിരോധങ്ങളെല്ലാം ഇന്റർനെറ്റിന് മേലുള്ള ചൈനീസ് മോഡൽ നിയന്ത്രണത്തിന്റെ പാതയിലേക്ക് ഇന്ത്യ നീങ്ങുന്നതിന്റെ സൂചനയായി കാണുന്നവരുണ്ട്.
ചൈനീസ് ഇന്റർനെറ്റ് സർവീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെതാണ് യുവത്വത്തിനിടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്. 2016 സെപ്തംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി. ഷാംഗ്ഹായ് അധിഷ്ഠിതമായ മ്യൂസിക്കലിയെ ഏറ്റെടുത്താണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറുപ്പിച്ചത്. 2017 നവംമ്പർ ഒമ്പതിനാണ് മ്യൂസിക്കലി എന്ന സ്റ്റാർട്ടപ്പിനെ ബൈറ്റ് ഡാൻസ് വിഴുങ്ങുന്നത്.
ഒരു ബില്യൺ അമേരിക്കൻ ഡോളറിനായിരുന്നു ഏറ്റെടുക്കലെന്നാണ് റിപ്പോർട്ട്. രണ്ട് ആപ്പുകളുടെയും ഡാറ്റാ ബേസ് സംയോജിപ്പിച്ചതോടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് എന്ന ഒറ്റ ആപ്പിലേക്ക് കേന്ദ്രീകരിച്ചു. 2018ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി ടിക് ടോക്. ഇപ്പോൾ 150 രാജ്യങ്ങളിലായി 75 ഭാഷകളിൽ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ചെറിയ സമയ ദൈർഘ്യത്തിലുള്ള വീഡിയോകൾ തയ്യാറാക്കി പരസ്പരം പങ്കുവെക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് അടിസ്ഥാനപരമായി ടിക് ടോക്. ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റയുമെല്ലാം മടുത്ത് തുടങ്ങിയ തലമുറ, വെളിച്ചം കണ്ട ഇയ്യാംപാറ്റകളെ പോലെ ടിക് ടോകിലേക്ക് ചേക്കേറുകയായിരുന്നു എന്ന് പറയാം.

ആർക്കും എളുപ്പത്തിൽ വീഡിയോ ഷൂട്ടും എഡിറ്റും ചെയ്ത് അപ്‌ലോഡ് ചെയ്യാം എന്നതാണ് ടിക് ടോക്കിനെ പെട്ടെന്ന് ജനപ്രിയമാക്കിയത്. യൂട്യൂബിലേക്കോ മറ്റ് വീഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കോ ഒരു ദൃശ്യം അപ്‌ലോഡ് ചെയ്യേണ്ടതിന്റെ പകുതി പ്രയാസം പോലുമില്ല. കൂടെ വീഡിയോ എഡിറ്റ് ചെയ്യാനും മോടിപിടിപ്പിക്കാനുമാവശ്യമായ എല്ലാ സംവിധാനവും ടിക് ടോക്ക് ആപ്പിൽ തന്നെയുണ്ട് എന്നതും വളർച്ചക്ക് വളമായി. ഒരു ദിവസം 100 കോടി വീഡിയോ വ്യൂസ് ടിക് ടോക്കിൽ ഉണ്ടാകുന്നു എന്നാണ് കണക്ക്.

എന്നാൽ, ടിക് ടോക് എന്ന ആപ്പുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഇതിനെല്ലാമപ്പുറമാണ്. കുട്ടികളുടെയും യുവതലമുറയുടെയും സ്വകാര്യതക്ക് വൻ ഭീഷണി തന്നെയാണ് ടിക് ടോക്. അപ്‌ലോഡ് ചെയ്യുന്ന ഡാറ്റയെല്ലാം ചെല്ലുന്നത് ചൈനീസ് സർവറുകളിലേക്കാണ്. അവിടെ ഈ വിവരങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഒരു പിടിയുമില്ല. ഇത്രയധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ സ്വന്തമായി ഒരു ഓഫീസ് പോലുമില്ല ടിക് ടോക്കിന്. കമ്പനിക്ക് ഒരു പ്രതിനിധി പോലും ഇന്ത്യയിൽ ഇല്ല എന്നതാണ് യാഥാർഥ്യം. ഒരു പ്രശ്‌നമുണ്ടായാൽ സർക്കാറിന് വിശദീകരണം ചോദിക്കാൻ ആരുമില്ലാത്ത സ്ഥിതി. ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങണമെന്നും സർവർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കവെയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കോടതി ഇടപെടൽ വരുന്നത്.

ടിക് ടോക് വഴി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. കൊച്ചു കുട്ടികളിലേക്ക് വരെ അഡൾട്ട് കണ്ടന്റ് എത്തുന്നുവെന്നും ഇത് തടയാൻ പോലും ആപ്പിൽ മാർഗമില്ലെന്നതും യാഥാർഥ്യമാണ്. യൂട്യൂബ് ബ്ലോക്ക് ചെയ്യും എന്ന് ഉറപ്പുള്ള സെക്‌സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വീഡിയോകൾ ഈ ആപ്പിൽ കാണാം. ചില ദൃശ്യങ്ങളെ കുറിച്ച് ടിക് ടോക് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അവ ചടങ്ങിന് മാത്രമാണ് എന്നതാണ് സത്യം. ഇത്തരം വീഡിയോകൾ റിപ്പോർട്ട് ചെയ്യാൻ ഉള്ള സംവിധാനം ടിക് ടോക്കിലുണ്ടെങ്കിലും അത് എളുപ്പത്തിൽ ലഭ്യമായ രീതിയിൽ അല്ല എന്നും പെട്ടെന്ന് കണ്ണിൽ പെടുന്ന സ്ഥലത്തല്ല എന്നും ആക്ഷേപമുണ്ട്. ടിക് ടോക്കിൽ എത്തിയ പല യുവതികളുടെയും ഫോട്ടോകളും വീഡിയോകളും പോൺസൈറ്റുകളിലെത്തുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ഡിസംബറിൽ വലിയ വാർത്തയായിരുന്നു.

നേരത്തേ ടിക് ടോക് നിരോധിച്ച നിരവധി രാജ്യങ്ങളുണ്ട്. സ്വകാര്യത മുൻനിർത്തി അമേരിക്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. ടിക് ടോക്കിന്റെ ഉപയോക്താക്കളിൽ വലിയൊരു ഭാഗം ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമാണുള്ളത്. ഏതായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ടിക് ടോക് നിരോധനം കൊണ്ടുവരുന്നത്.

യാസർ അറഫാത്ത് നൂറാനി • yaazar.in@gmail.com

Latest