Connect with us

Gulf

സമൂഹ മാധ്യമങ്ങളിലെ അപമാനം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

Published

|

Last Updated

ദുബൈ: സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ക്കെതിരെ മോശം പരമാര്‍ശങ്ങള്‍ നടത്തുന്നതും അപമാനിക്കുന്നതും വലിയ കുറ്റമാണെന്ന് ദുബൈ പോലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി. സോഷ്യല്‍ മീഡിയയിലെ ചെറിയൊരു കമന്റപോലും ചിലപ്പോള്‍ വലിയ നിയമക്കുരുക്കിലേക്ക് നയിക്കുമെന്നും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവാക്കള്‍ ഉള്‍പെടെ പലരും സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണാറുണ്ട്. നിയമപരമായി കുറ്റകരമാകുന്ന കമന്റുകളും ചിത്രങ്ങളും എത്രയും വേഗം നീക്കംചെയ്യണം. ബോധപൂര്‍വമായി മറ്റുള്ളവരെ അപമാനിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുമുണ്ട്. ഇതിന് പുറമെ യാത്രകള്‍ ഉള്‍പെടെ എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് ഉപയോഗപ്പെടുത്തി മോഷണം ഉള്‍പെടെയുള്ളവക്ക് ക്രിമിനലുകള്‍ മുതിരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തായ യുവതിയെ അപമാനിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്ത പ്രവാസി വനിതക്കെതിരെ അടുത്തിടെ യു എ ഇയില്‍ കേസെടുത്തിരുന്നു. കാര്‍ റെന്റല്‍ ഓഫീസില്‍ വാഹനം വാടകക്കെടുക്കാന്‍ വന്ന യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി അശ്ലീല വാട്‌സ്ആപ് സന്ദേശം അയച്ച മറ്റൊരു ജീവനക്കാരനും പിടിയിലായി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും അനുഭവിക്കുന്നതിന് പുറമെ യു എ ഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. ന്യൂസിലാന്‍ഡിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫെയ്‌സ്ബുകില്‍ പോസ്റ്റിട്ടയാളിനെ അടുത്തിടെയാണ് യു എഇയിലെ സ്വകാര്യ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറിയത്. ഇയാളെ പിന്നീട് നാടുകടത്തുകയായിരുന്നു.

Latest