Connect with us

Gulf

പിടിച്ചെടുത്ത ആനക്കൊമ്പും മറ്റും കൈമാറി

Published

|

Last Updated

ദുബൈ: അനധികൃതമായി രാജ്യത്തേക്ക് കടത്തിയതിന് പിടികൂടിയ ആനക്കൊമ്പുള്‍പെടെയുള്ള വസ്തുക്കള്‍ ദുബൈ പോലീസ് കാലാവസ്ഥാ വ്യതിയാന-പാരിസ്ഥിതിക മന്ത്രാലയത്തിന് കൈമാറി. ആനക്കൊമ്പ്, മാനിന്റെയും കണ്ടാമൃഗത്തിന്റെ കൊമ്പുകള്‍, ചന്ദനത്തടി തുടങ്ങി 2,272 അനധികൃത വസ്തുക്കളാണ് മന്ത്രാലയത്തിന് ദുബൈ പോലീസ് കൈമാറിയത്.

കഴിഞ്ഞ ഏതാനും മാസത്തിനിടെ ദുബൈ പോലീസിന്റെ എയര്‍പോര്‍ട്ട് സുരക്ഷാവിഭാഗം പിടിച്ചെടുത്തതാണ് 1,346 കിലോ ഭാരംവരുന്ന അനധികൃത വസ്തുക്കള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ആഫ്രിക്കയിലെക്കും യൂറോപ്പിലേക്കും പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരില്‍നിന്നാണ് ഇവയില്‍ ഭൂരിഭാഗവും കണ്ടെത്തിയത്.

ഈ വസ്തുക്കളുടെ നിറം മാറ്റിയും രൂപം മാറ്റിയും കസ്റ്റംസ് ഉദ്യാഗസ്ഥരുടെ കണ്ണുവെട്ടിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ദെലന്‍ പറഞ്ഞു.