Connect with us

Gulf

127 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ അടങ്ങുന്ന ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് ഡി എച്ച് എ

Published

|

Last Updated

ദുബൈ: ആരോഗ്യ സേവന രംഗത്ത് പുതിയ പ്രഖ്യാപനങ്ങളുമായി ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ). 127 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ അടങ്ങുന്ന പുതിയൊരു ടെര്‍മിനല്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായാണ് ഡി എച്ച് എ രംഗത്തെത്തിയത്.
127 ക്ലിനിക്കുകളിലും രോഗികള്‍ക്ക് പരിചരണം ലഭ്യമാകുന്ന രീതിയിലായിരിക്കും പുതിയ ടെര്‍മിനലെന്ന് ദുബൈ ഹോസ്പിറ്റല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മര്‍യം അല്‍ റയ്‌സി അറിയിച്ചു. 26 തരം സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സേവനങ്ങളാണ് 127 ക്ലിനിക്കുകളിലൂടെ രോഗികള്‍ക്ക് ലഭിക്കുക. ആരോഗ്യ സേവന കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുകയാണ് പുതിയ കാല്‍വെപ്പിന്റെ മുഖ്യലക്ഷ്യമെന്നും അല്‍ റയ്‌സി വ്യക്തമാക്കി.

രണ്ട് ഘട്ടമായാണ് പദ്ധതി പൂര്‍ത്തിയാക്കുക. വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാ ക്കും. തൊട്ടടുത്തായി മൂന്ന് കെട്ടിടങ്ങളാണ് നിര്‍മിക്കുക. അവയില്‍ ഒന്ന് 127 ക്ലിനിക്കുകള്‍ക്ക് മാത്രമായിരിക്കും. മറ്റൊന്ന് ക്ലിനിക്കുകളിലെത്തുന്നവര്‍ക്കുള്ള വാഹന പാര്‍കിംഗ് സൗകര്യങ്ങള്‍ക്കായിരിക്കും.
വിവിധ തരം സര്‍വീസുകള്‍ ലക്ഷ്യമിട്ടുള്ളതായിരിക്കും മൂന്നാമത്തെ കെട്ടിടം, അല്‍ റയ്‌സി വിശദീകരിച്ചു. സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സേവനങ്ങള്‍ ലഭിക്കാന്‍ നിലവിലുള്ള ആശുപത്രികളില്‍ രോഗികള്‍ അനുഭവിക്കുന്ന കാത്തിരിപ്പിന്റെ നീളം കുറക്കുകയാണ് ലക്ഷ്യമെന്ന് അല്‍ റയ്‌സി വിശദീകരിച്ചു.

പദ്ധതിയുടെ ഒന്നാംഘട്ടം പാര്‍ക്കിംഗ് കെട്ടിടത്തിന്റെ നിര്‍മാണമാണ്. നാല് നിലകളില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 900 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും. നടപ്പുവര്‍ഷം അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം ആരംഭിക്കും. നാല് നിലകളില്‍ നിര്‍മിക്കുന്ന ക്ലിനിക്കുകളുടെ കെട്ടിടമാണിത്. ഓരോ നിലയിലും ഈരണ്ട് സ്യൂട്ടുകളുണ്ടാകും. ഔട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ ഇതിലായിരിക്കും പ്രവര്‍ത്തിക്കുക. താഴേ നില ഫാര്‍മസി, ലാബുകള്‍, എക്‌സറേ തുടങ്ങിയ സൗകര്യങ്ങള്‍ക്കായിരിക്കും. ബാക്കി മൂന്ന് നിലകളിലായിരിക്കും വിവിധ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.

മൂന്നാംഘട്ടം സര്‍വീസ് കെട്ടിടമായിരിക്കും. വിവിധതരം സ്റ്റോറുകള്‍, 400 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍, കിഡ്‌സ് പ്ലേ ഏരിയ തുടങ്ങിയവയായിരിക്കും ഇതിലുണ്ടാവുകയെന്ന് അല്‍ റയ്‌സി വിശദീകരിച്ചു. ദുബൈ ഹോസ്പിറ്റലില്‍ നിലവില്‍ 52 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ദുബൈയുടെ ജനസംഖ്യാ വര്‍ധനവും മറ്റും പരിഗണിച്ചുള്ള ഡി എച്ച് എയുടെ സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ കാല്‍വെപ്പെന്നും ഡോ. മര്‍യം അല്‍ റയ്‌സി പറഞ്ഞു