Connect with us

Kerala

വിവാദങ്ങൾ ബി ജെ പിയെ തിരിഞ്ഞു കുത്തുന്നു

Published

|

Last Updated

കൊച്ചി: ശബരിമല ഉയർത്തിക്കാട്ടിയും ദേശീയ നേതാക്കളെ കളത്തിലിറക്കിയുമുള്ള ബി ജെ പി പ്രചാരണത്തിനിടെ പലപ്പോഴും വിവാദം വന്നുപെടുന്നത് പ്രചാരണ രംഗത്ത് ബി ജെ പിക്ക് തരിച്ചടിയായി. ബി ജെ പി സംസ്ഥാനത്താകെ ലക്ഷ്യമിടുന്ന വോട്ടുനേട്ടത്തിന് ഇത് ഗുണകരമാകില്ലെന്ന വിലയിരുത്തലുകളും ഇവർക്കിടയിൽ നിന്നു തന്നെ ഉയരുന്നുണ്ട്. ദേശീയ തലത്തിലടക്കമുള്ള നേതാക്കൾ ഉന്നയിക്കുന്ന പ്രസ്താവനകൾ വിവാദമാകുന്നത് കേരളത്തിൽ ഇരു മുന്നണികളും ബി ജെ പിക്കെതിരെ ഉന്നം തെറ്റാതെ പ്രയോഗിക്കുന്നതുൾപ്പെടെ ബി ജെ പിയെ പ്രതികൂലമായാണ് ബാധിക്കുന്നത്. ശബരിമല വിഷയം ഉയർത്തിയാൽ ഇരുമുന്നണികളും പ്രതിക്കൂട്ടിലാകുമെന്ന ബി ജെ പി യുടെ വിലയിരുത്തൽ തുടക്കത്തിൽ തന്നെ പാളിയിരുന്നു.

ബി ജെ പി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും പ്രചാരണ രംഗത്ത് പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കിയിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, വടക്കൻ മേഖലയിലെവിടെയും ഇത് കാര്യമായ പ്രചാരണ വിഷയം പോലുമായില്ല. ബി ജെ പിക്ക് പാർട്ടി എന്ന നിലയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിലക്കുള്ളതിനാൽ ശബരിമല കർമസമിതിയാണ് അവസാന ഘട്ടത്തിൽ ക്യാമ്പയിനുകൾ നടത്തുന്നത്. സംസ്ഥാനമാകെ ഇത്തരത്തിലുള്ള ക്യാമ്പയിനിനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് ഒന്നോ രണ്ടോ തെക്കൻ ജില്ലകളിൽ മാത്രമായൊതുങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ആചാര സംരക്ഷണത്തിനായി തുടക്കത്തിൽ ബി ജെ പിക്കൊപ്പം നിലയുറപ്പിച്ച എൻ എസ് എസ് പോലും അവസാന നിമിഷത്തിൽ അടവ് മാറ്റിയത് ബി ജെ പിക്ക് തിരിച്ചടിയായി മാറിയേക്കുമെന്നും ഇവർക്കിടയിൽ നിന്ന് വിലയിരുത്തപ്പെടുന്നു.

വയനാടിനെ പാക്കിസ്ഥാനോടുപമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിന്ന് തലയൂരാൻ ഇപ്പോഴും ബി ജെ പി നേതൃത്വത്തിന് സാധിച്ചിട്ടില്ല. ബി ജെ പി നേതാക്കൾ ഇടക്കിടെ ഉയർത്തിവിടുന്ന ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ സംസ്ഥാനത്തെല്ലായിടത്തുമുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് കാരണമാകുമെന്ന് അവർ തന്നെ കണക്കുകൂട്ടുന്നുണ്ട്. ഇതിനായി ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളെല്ലാം പാളുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികളുടെ പിന്തുണ പ്രതീക്ഷിച്ച് ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ കടുത്ത ആക്രമണമാണ് ഉന്നയിച്ചിരുന്നത്. ഈശ്വരന്റെ പേര് പരാമർശിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്ന സർക്കാറാണിതെന്ന പ്രധാനമന്ത്രിയുടെ വിമർശത്തിന്, അതേ നാണയത്തിലാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. മതത്തിന്റെ പേരിൽ അക്രമം നടക്കുമ്പോൾ അക്രമികൾക്ക് സംരക്ഷണം നൽകുന്ന രീതി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെങ്കിലും കേരളത്തിൽ നടപ്പില്ലെന്നും ദൈവനാമം ഉച്ചരിച്ചതിന് ഒരു കേസെങ്കിലും എടുത്തതിന്റെ ഉദാഹരണം കാട്ടാമോയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചതോടെ ഇക്കാര്യത്തിൽ ബി ജെ പി നേതൃത്വത്തിന് മറുപടി നൽകാൻ കഴിയാതെയായി.

കോടതി മുതൽ പാർലിമെന്റ് വരെയുള്ള മാർഗങ്ങൾ ഉണ്ടായിട്ടും ഒന്നും ചെയ്യാതിരുന്ന മോദി സർക്കാർ ഇനി അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന് പറയുന്നത് അപഹാസ്യമാണെന്ന കോൺഗ്രസ് തിരിച്ചടിക്കും ബി ജെ പിക്ക് മറുപടിയില്ലാതെയായി. ശബരിമല വോട്ടാക്കാമെന്ന കണക്കുകൂട്ടലിൽ യു ഡി എഫും എൻ ഡി എയും മത്സരിക്കുമ്പോൾ വിധി നടപ്പാക്കുന്നതിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന എൽ ഡി എഫിന്റെ ബദൽ പ്രചാരണ മാർഗം വടക്കൻ ജില്ലകളിൽ ഏതാണ്ട് വിജയിച്ചിട്ടുമുണ്ട്.

ബി ജെ പിയുടെ ദേശീയ നേതാക്കൾക്കെല്ലാം തന്നെ തിരഞ്ഞെടുപ്പ് സമയത്ത് വിവാദ പരാമർശങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മനേകാ ഗാന്ധിയെ മുസ്‌ലിം വോട്ടർമാരെ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരിൽ രണ്ട് ദിവസത്തെ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും വിവാദ പരാമർശത്തിന്റെ പേരിൽ വിലക്ക് കിട്ടിയിരുന്നു. ഇതിനു പിന്നാലെയും നേതാക്കളിൽ പലരും നടത്തുന്ന വിവാദ പ്രസ്താവനകളെല്ലാം കേരളത്തിലും ബി ജെ പിയെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുയോഗങ്ങളിലുൾപ്പെടെ ഇത്തരം കാര്യങ്ങൾ ഇടതു വലതു മുന്നണികൾ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയും ഇത്തരം പ്രചാരണങ്ങൾ നടക്കുന്നു. മുംബൈ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കർക്കറെക്കെതിരായ ബി ജെ പി സ്ഥാനാർഥി സാധ്വി പ്രഞ്ജാ സിങ് ഠാക്കൂറിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയർന്നുവന്നിട്ടുള്ളത്. കൊല്ലത്ത് ബി ജെ പിക്കുള്ളിലുണ്ടായ വോട്ടുമറിക്കൽ വിവാദവും പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. വടക്കൻ മേഖലയിലെ മണ്ഡലങ്ങളിൽ ബി ജെ പിയുടെ പ്രചാരണം തന്നെ കാര്യക്ഷമമല്ലെന്ന വിമർശവും നേരത്തെ ഉയർന്നിരുന്നു.

സംഘടനാപരമായി കേരളത്തിലുണ്ടായ വളർച്ചക്ക് ആനുപാതികമായ രാഷ്ട്രീയ നേട്ടം തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. ഹൈന്ദവ ഏകീകരണമെന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ സകല അടവുകളും പൊളിഞ്ഞുവീഴുകയും ചെയ്തിരുന്നു. ഇരു മുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചെങ്കിലും ബി ജെ പിക്ക് അതിന് കഴിഞ്ഞതുമില്ല.

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ബി ജെ പി മത്സരരംഗത്തുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലുണ്ടായ വിവാദങ്ങൾ പ്രതീക്ഷക്ക് മങ്ങലേൽക്കുകയാണോയെന്ന ആശങ്കയും ബി ജെ പി ക്യാമ്പിലുണ്ട്.

സി വി സാജു

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest