Connect with us

National

ബംഗാളിലെ സ്ഥിതി പതിനഞ്ച് വര്‍ഷം മുമ്പത്തെ ബീഹാറിലേതിനു സമാനം: പ്രത്യേക തിരഞ്ഞെടുപ്പു നിരീക്ഷകന്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിലവിലെ സ്ഥിതിഗതികള്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പത്തെ ബിഹാറിലേതിനു സമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകന്‍ അജയ് വി നായക്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് വോട്ടര്‍മാരില്‍ നിന്ന് വ്യാപക ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 23ന് സംസ്ഥാനത്ത് അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടക്കുന്ന 92 ശതമാനം ബൂത്തുകളിലുമായി 324 കമ്പനി കേന്ദ്ര സേനയെ നിയോഗിക്കും. അതേസമയം, ആര്‍ എസ് എസ്-ബി ജെ പി ഭക്തനായ നായക് അവരുടെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തെ തത്സ്ഥാനത്തു നിന്ന് നീക്കണമെന്നും സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബംഗാളിലെ ജനങ്ങള്‍ക്ക് സംസ്ഥാന പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അതുകൊണ്ടാണ് മുഴുവന്‍ പോളിംഗ് ബൂത്തുകളിലും കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് അവരില്‍ നിന്ന് ആവശ്യമുയര്‍ന്നതെന്നും മുന്‍ ബീഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ നായക് പറഞ്ഞു. എല്ലാം ബൂത്തുകളിലും കേന്ദ്ര സേനയെ നിയോഗിക്കേണ്ട അവസ്ഥയായിരുന്നു ബീഹാറില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പുണ്ടായിരുന്നത്. എന്നാല്‍, അവിടെ ഇത്തവണ കുറഞ്ഞ തോതില്‍ മാത്രമെ കേന്ദ്ര സേനയെ വിന്യസിക്കേണ്ടി വന്നിട്ടുള്ളൂ.- തന്റെ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികളിലും ചുറ്റുപാടിലും മാറ്റമുണ്ടാക്കാന്‍ ബീഹാറിലെ ജനങ്ങള്‍ക്ക് സാധിച്ചെങ്കില്‍ എന്തുകൊണ്ട് ബംഗാളിനു കഴിയുന്നില്ലെന്ന് നായക് ചോദിച്ചു. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഹാരിസ് അഫ്താബും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.