പി എം മോദി സിനിമക്ക് പിന്നാലെ മോദിയുടെ ജീവിതം പറയുന്ന വെബ് പരമ്പരയും വിലക്കി

Posted on: April 20, 2019 5:30 pm | Last updated: April 21, 2019 at 10:40 am

ന്യൂഡല്‍ഹി: ധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന മോദി ജേണി ഓഫ് കോമണ്‍മാന്‍ എന്ന ഇന്റര്‍നെറ്റ് പരമ്പരയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയാണ് ഉടന്‍ നിര്‍ത്തിവെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.

പുറത്തു വന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് വെബ് സീരിസിന്റെ പ്രതിപാദ്യ വിഷയമെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തില്‍ ഇതുവരെ ഇറോസ് നൗ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ സ്വാധീനിക്കുന്ന രീതിയില്‍ ഇലക്ട്രിക്ക് മീഡിയ വഴി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. നേരത്തെ മോദിയുടെ ജീവിതം പറയുന്ന പി എം മോദി സിനിമക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.