കാര്‍ക്കരെക്കെതിരായ പരാമര്‍ശം; മാപ്പു പറഞ്ഞ് പ്രഗ്യ

Posted on: April 19, 2019 8:54 pm | Last updated: April 20, 2019 at 10:49 am

ന്യൂഡല്‍ഹി: ഹേമന്ദ് കാര്‍ക്കരെക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍. ‘പ്രസ്താവനയില്‍ ദേശദ്രോഹികള്‍ സന്തോഷിക്കുന്നുവെങ്കില്‍ മാപ്പു ചോദിക്കുന്നു.’ കാര്‍ക്കരെക്കെതിരായ പരാമര്‍ശം വ്യക്തിപരമായ പ്രയാസങ്ങളില്‍ നിന്നുണ്ടായതാണ്.’- പ്രഗ്യാ സിംഗ് പറഞ്ഞു.

തന്റെ ശാപമേറ്റതിനാലാണ് മുംബൈ എ ടി എസ് തലവന്‍ കാര്‍ക്കരെ കൊല്ലപ്പെട്ടതെന്നാണ് പ്രഗ്യ പറഞ്ഞത്.
നിങ്ങളുടെ അവസാനമായെന്ന് പലവട്ടം താന്‍ കാര്‍ക്കരെയോട് പറഞ്ഞതാണെന്നും രണ്ട് മാസത്തിനുള്ളില്‍ കാര്‍ക്കരെ കൊല്ലപ്പെട്ടെന്നും പറഞ്ഞ പ്രഗ്യ കാര്‍ക്കരെ ദേശവിരുദ്ധനും മതവിരുദ്ധനും ആയിരുന്നുവെന്നും ആരോപിച്ചു.

അതേസമയം, പ്രഗ്യയുടെ പ്രസ്താവന വ്യക്തിപരമാണെന്നും മലേഗാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചപ്പോള്‍ ഉണ്ടായ പീഡനങ്ങള്‍ കൊണ്ടാകാം പ്രഗ്യ ഇത് പറഞ്ഞതെന്നും ബി ജെ പി നേതൃത്വം പ്രതികരിച്ചു. പ്രസ്താവനയെ അപലപിച്ച് ഐ പി എസ് അസോസിയേഷനും വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തു വന്നിരുന്നു. ഇതോടെയാണ് തന്റെ പ്രസ്താവന പിന്‍വലിച്ച് പ്രഗ്യ മാപ്പു പറഞ്ഞത്.