Connect with us

Kerala

രമ്യാ ഹരിദാസിനെതിരായ പരാമര്‍ശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Published

|

Last Updated

തിരുവനന്തപുരം: ആലത്തൂരിലെ യു ഡി എഫ് സ്ഥാനാഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ താക്കീത് ചെയ്തു. വിജയരാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമ ദൃഷ്ട്യ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123(4) ന്റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍മന്ത്രിയും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എല്‍ ഡി എഫ് കണ്‍വീനറുടെ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയിലും രമ്യാഹരിദാസ് പരാതി നല്‍കിയിരുന്നു.

എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്ന് പറഞ്ഞ രമ്യാ ഹരിദാസ് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.